ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇനി വരാനിരിക്കുന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവും വലിയ വെല്ലുവിളി 2026ലെ ടി20 ലോകകപ്പായിരിക്കും. കാരണം നിലവിലെ ചാംപ്യന്‍മാരെന്ന നിലയിലായിരിക്കും ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ ഇറങ്ങേണ്ടി വരിക. അതുകൊണ്ടു തന്നെ ടീമിനു മേല്‍ പ്രതീക്ഷകള്‍ വാനോളമായിരിക്കും. അതിനാല്‍ തന്നെ സമ്മര്‍ദ്ദവും ഇരട്ടിയായിരിക്കുമെന്നുറപ്പാണ്. ഈ വര്‍ഷം കിരീടത്തില്‍ മുത്തമിട്ട ടീമില്‍ ചില മാറ്റങ്ങളോടെയാവും അടുത്ത എഡിഷനില്‍ ഇന്ത്യയെ കാണാന്‍ സാധിക്കുക.
എടുത്തു പറയേണ്ട മാറ്റം ക്യാപ്റ്റന്‍ സ്ഥാനത്തു രോഹിത് ശര്‍മയുണ്ടാവില്ലെന്നതാണ്. മാത്രമല്ല മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുടെയും സേവനം ഇന്ത്യക്കു ലഭിക്കില്ല. ഇരുവരും ടി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ രണ്ടു പേരുടെയും പകരക്കാരെ കണ്ടെത്തുകയെന്നതാവും ഇന്ത്യക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. രോഹിത്തിനു പകരം സൂര്യകുമാര്‍ യാദവായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക. ഇന്ത്യന്‍ സ്‌ക്വാഡില്‍ ആരൊക്കെയാവും ഉള്‍പ്പെടുകയെന്നു നോക്കാം.

രോഹിത്തിനും കോലിക്കും പകരമാര്
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഒരു ഓപ്പണര്‍ ഇടംകൈയന്‍ വെടിക്കെട്ട് ബാറ്റര്‍ യശസ്വി ജയ്‌സ്വാളായിരിക്കുമെന്നുറപ്പാണ്. പക്ഷെ രണ്ടാമത്തെ ഓപ്പണര്‍ ആരാവും? നിലവില്‍ ഈ റോളിലേക്കു ഫേവറിറ്റ് ശുഭ്മന്‍ ഗില്ലാണ്. ടി20യില്‍ അടുത്തിടെ ടീമിന്റെ വൈസ് ക്യാപ്റ്റനായും അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു.
പക്ഷെ ടി20 ഫോര്‍മാറ്റില്‍ ഗില്ലിന്റെ പ്രകടനം അത്ര ആശാവഹലമല്ല. അതിനാല്‍ തന്നെ അടുത്ത ടി20 ലോകകപ്പില്‍ അദ്ദേഹമുണ്ടാവുമോയെന്നതു കാത്തിരുന്നു കാണണം. ഗില്ലിനു ടി20യില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെങ്കില്‍ പകരം ഈ റോള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നയാളാണ് യുവതാരം അഭിഷേക് ശര്‍മ. ടി20 ഫോര്‍മാറ്റിനു ഏറ്റവും അനുയോജ്യനായ അദ്ദേഹത്തെ ബൗളിങിലും ടീമിനു ഉപയോഗിക്കാന്‍ സാധിക്കും.
മൂന്നാം നമ്പറില്‍ വിരാട് കോലിക്കു മികച്ചൊരു പകരക്കാരനെ ഇന്ത്യക്കു കണ്ടെത്തിയേ തീരൂ. ഈ റോളിലേക്കു ഏറ്റവും അനുയോജ്യനായ താരങ്ങളിലൊരാള്‍ യുവതാരം റുതുരാജ് ഗെയ്ക്വാദാണ്. കോലിയെപ്പോലെ ആങ്കറായും പിന്നീട് അഗ്രസീവ് ഷോട്ടുകളിലൂടെ സ്‌കോറിങ് ഉയര്‍ത്താനും അദ്ദേഹത്തിനു സാധിക്കും. അടുത്ത രണ്ടു വര്‍ഷത്തിനിടെ നടക്കാനിരിക്കുന്ന ടി20കളില്‍ തിളങ്ങിയാല്‍ റുതുരാജിനെ ടി20 ലോകകപ്പില്‍ ഉറപ്പായും കാണാനായേക്കും.
മധ്യനിരയില്‍ ആരെല്ലാം
ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ നാലാം നമ്പറില്‍ ക്യാപ്ന്‍ സൂര്യകുമാര്‍ യാദവ് സീറ്റുറപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ സ്ഥാനം മറ്റാരും മോഹിക്കേണ്ടതില്ല. മധ്യനിരയിലെ മറ്റു ബാറ്റര്‍മാര്‍ റിങ്കു സിങ്, തിലക് വര്‍മ എന്നിവരായിരിക്കും.
ഇവരില്‍ റിങ്കുവിനു ലോകകപ്പ് ടീമില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പാണ്. പക്ഷെ തിലകിന്റെ കാര്യം ചോദ്യചിഹ്നമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നന്നായി തുടങ്ങിയ അദ്ദേഹം ഇപ്പോള്‍ ടീമിന്റെ പ്ലാനുകളുടെ ഭാഗമല്ല. എങ്കിലും ശക്തമായി തിരിച്ചുവരാന്‍ തിലകിനു ഇപ്പോഴും സാധിക്കും.

ഓള്‍റൗണ്ടര്‍മാര്‍, വിക്കറ്റ് കീപ്പര്‍മാര്‍
ഓള്‍റൗണ്ടര്‍മാരില്‍ ഫസ്റ്റ് ചോയ്‌സ് സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യ തന്നെയായിരിക്കും. ഫിറ്റ്‌നസ് നിലനിര്‍ത്തിയാല്‍ അദ്ദേഹം ടീമിലുണ്ടാവുമെന്ന കാര്യമുറപ്പാണ്. റിയാന്‍ പരാഗും അക്ഷര്‍ പട്ടേലുമായിരിക്കും ടീമിലെ മറ്റു രണ്ടു ഓള്‍റൗണ്ടര്‍മാര്‍.
വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ശക്തമായ മല്‍സരം തന്നെയാണുള്ളത്. എങ്കിലും റിഷഭ് പന്ത് തന്നെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവാനാണ് കൂടുതല്‍ സാധ്യത. ബാക്കപ്പായി സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാളും ടീമിലേക്കു വരും. യുവതാരം ധ്രുവ് ജുറേലിന്റെ സാധ്യതയും തള്ളാന്‍ കഴിയില്ല.
ബൗളിങ് നിര
ഇന്ത്യയുടെ ബൗളിങ് നിരയിലേക്കു വന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. അദ്ദേഹത്തിനൊപ്പം പേസ് നിരയില്‍ അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ എന്നിവരുമുണ്ടായേക്കും. കുല്‍ദീപ് യാദവും രവി ബിഷ്‌നോയിയുമാവും ടീമിലെ പ്രധാന സ്പിന്നര്‍മാര്‍.
ഇന്ത്യന്‍ സാധ്യതാ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ /അഭിഷേക് ശര്‍മ, യശ്വസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, റിങ്കു സിങ്, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍/ ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്.