അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീം ഇന്ത്യക്കു മുന്നിലുള്ള അടുത്ത ചാലഞ്ച് 2026ലെ ഐസിസി ടി20 ലോകകപ്പാണ്. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമാണ് ടൂര്‍ണമെന്റ് നടക്കാനിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായിട്ടാണ് സൂര്യകുമാര്‍ യാദവിനു കീഴില്‍ അങ്കത്തിനു ഇറങ്ങുക.
അടുത്ത ഐപിഎല്ലിനു മുമ്പാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. അതുകൊണ്ടു തന്നെ സെലക്ടമാരെയും മുഖ്യ കോച്ച് ഗൗതം ഗംഭീറിനെയും ആകര്‍ഷിക്കാന്‍ താരങ്ങള്‍ക്കു ലഭിച്ച അവസാന അവസരം കൂടിയായിരുന്നു ഈ സീസണ്‍.
എങ്കിലും നിലവിലെ ടി20 ലൈനപ്പില്‍ വലിയ മാറ്റങ്ങളൊന്നും അടുത്ത ലോകകപ്പില്‍ പ്രതീക്ഷിക്കേണ്ടതുമില്ല. എങ്ങനെയാവും ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സാധ്യതാ സ്‌ക്വാഡെന്നു നോക്കാം.

ഓപ്പണിങില്‍ മാറ്റം
സമീപകാലത്തു ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ള ടി20 പരമ്പരകളിലെല്ലാം ഓപ്പണിങ് റോളില്‍ ഇറങ്ങിയത് സഞ്ജു സാംസണും അഭിഷേക് ശര്‍മയുമായിരുന്നു. ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരുമായുള്ള പരമ്പരകളിലെല്ലാം ഇവരായിരുന്നു ഓപ്പണിങ് ജോടികള്‍.
ഈ സഖ്യത്തെ വച്ചുള്ള ഗൗതം ഗംഭീറിന്റെ പരീക്ഷണം വിജയം കാണുകയും ചെയ്തു. പക്ഷെ വരാനിരിക്കുന്ന ടി20 ലോകകപ്പിലും സഞ്ജു- അഭിഷേക് ജോടി തന്നെ ഓപ്പണിങില്‍ തുടരുമെന്ന പ്രതീക്ഷ വേണ്ട.
പകരം യുവ സൂപ്പര്‍ താരങ്ങളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും ടീമിനായി ഓപ്പണ്‍ ചെയ്യുക. സമാപിച്ച ഐപിഎല്ലില്‍ ഗില്ലും ജയ്‌സ്വാളും തകര്‍പ്പന്‍ ഫോമിലാണ് ബാറ്റ് ചെയ്തത്. അതുകൊണ്ടു തന്നെ അവരെ ഇനി മാറ്റി നിര്‍ത്തുകയെന്നതും അസാധ്യമാണ്. ടീമിന്റെ വൈസ് ക്യാപ്റ്റനും ഗില്‍ തന്നെ ആവാനാണ് സാധ്യത.
ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നതിനായാണ് അവസാന ടി20 പരമ്പരകളില്‍ ഗില്ലിനെയും ജയ്‌സ്വാളിനെയും പരിഗണിക്കാതിരുന്നത്. പകരം സഞ്ജുവും അഭിഷേകും ഈ റോളിലെത്തുകയും ചെയ്തു. ലോകകപ്പ് സ്‌ക്വാഡില്‍ രണ്ടു പേര്‍ക്കും ഈ റോള്‍ ലഭിക്കില്ലെങ്കിലും ടീമിലുണ്ടാവുമെന്ന കാര്യമുറപ്പാണ്. ബാക്കപ്പ് ഓപ്പണറായിട്ടാവും അഭിഷേക് ടീമില്‍ ഇടം നേടിയേക്കുക.
ശ്രേയസെത്തും, സഞ്ജുവിന്റെ റോള്‍ മാറും
ടി20യില്‍ സമീപകാലത്തു മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയെ ടി20 ലോകകപ്പിലും ഇന്ത്യ കൈവിടാനിടയില്ല. എന്നാല്‍ ടീമിലെ ഏറ്റവും വലിയ സര്‍പ്രൈസ് സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരുടെ മടങ്ങിവരവായിരിക്കും.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കും അവകാശവാദമുന്നയിച്ചു കഴിഞ്ഞു. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച ശ്രേയസ് പഞ്ചാബിനായി അടിച്ചെടുത്തത് 604 റണ്‍സാണ്.
2023 ഡിസംബറിനു ശേഷം അദ്ദേഹം ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിച്ചിട്ടില്ല. പക്ഷെ നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ശ്രേയസിനെ ടി20യില്‍ നിന്നും ഇനി ഒഴിവാക്കാന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം.
വിക്കറ്റ് കീപ്പറുടെ റോളിലേക്കു പലരും മല്‍സരരംഗത്തുണ്ടെങ്കിലും സഞ്ജു സാംസണ്‍ തന്നെ ഫസ്റ്റ് ചോയ്‌സാവാനാണ് സാധ്യത. കാരണം അവസാനത്തെ മൂന്നു ടി20 പരമ്പരകളില്‍ നിന്നും മൂന്നു സെഞ്ച്വറികള്‍ വാരിക്കൂട്ടിയതോടെ അദ്ദേഹം ടീമിലെ സ്ഥാനം ഭദ്രമാക്കി കഴിഞ്ഞു.

അടുത്തിടെ ഓപ്പണിങിലാണ് സഞ്ജു തുടരെ കളിച്ചിട്ടുള്ളതെങ്കിലും ടി20 ലോകകപ്പില്‍ റോള്‍ മാറും. മധ്യനിരയില്‍ 5-6 സ്ഥാനങ്ങളിലായിരിക്കും അദ്ദേഹത്തിനു ബാറ്റ് ചെയ്യേണ്ടതായി വരിക. ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ റോളിലേക്കു ജിതേഷ് ശര്‍മയ്ക്കും നറുക്കുവീണേക്കുക. ഇത്തവണത്തെ ഐപിഎല്ലില്‍ ആര്‍സിബിയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ അദ്ദേഹത്താനായിരുന്നു.
ടീമിലെ ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാവുമെന്നതില്‍ സംശയങ്ങളൊന്നും തന്നെയില്ല. സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം മറ്റൊരു പരിചയസമ്പന്നനായ താരം അക്ഷര്‍ പട്ടേലിനെയും ടീമില്‍ കാണാം.
ബൗളിങ് ലൈനപ്പ്
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങ് ലൈനപ്പ് നോക്കുകയെങ്കില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയുമായിരിക്കും. പേസ് ബൗളിങിന്റെ കടിഞ്ഞാണ്‍ പതിവു പോലെ ജസ്പ്രീത് ബുംറയ്ക്കായിരിക്കും. അര്‍ഷ്ദീപ് സിങായിരിക്കും മറ്റൊരു മുന്‍നിര പേസര്‍.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക റോള്‍ ഈ ജോടിക്കുണ്ടായിരുന്നു. വരാനിരിക്കുന്ന ടൂര്‍ണമെന്റിലും ഇതില്‍ മാറ്റമുണ്ടാവില്ല. ഇവര്‍ക്കൊപ്പം മൂന്നാമത്തെ പേസറായി ഹര്‍ഷിത് റാണയായിരിക്കും ടീമിലേക്കു വന്നേക്കുക.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍ അഭിഷേക് ശര്‍മ, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ.