ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനായി നിലവില്‍ ഏറ്റവുമധികം മല്‍സരം നടക്കുന്നത് വിക്കറ്റ് കീപ്പര്‍ റോളിലേക്കാണന്നു ഉറപ്പിച്ചു പറയാം. ഇതു ഈ വര്‍ഷമോ, കഴിഞ്ഞ വര്‍ഷമോ ആരംഭിച്ചതല്ല. മുന്‍ ഇതിഹാസ താരവും ക്യാപ്റ്റനുമായ എംഎസ് ധോണിയുടെ വിരമിക്കലിനു ശേഷമാണ് ഈ റോളിലേക്കുള്ള പിടിവലി തുടങ്ങുന്നത്. പലരും വിക്കറ്റ് കീപ്പര്‍ റോളില്‍ മാറി മാറി വന്നു പോയെങ്കിലും ആരും തന്നെ ഇനിയും ഈ സീറ്റ് ഭദ്രമാക്കിയിട്ടില്ലെന്നു കാണാം.
ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ വീണ്ടും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടിയുള്ള പോര് മുറുകിയിരിക്കുകയാണ്. ഏറ്റവും ബെസ്റ്റിനെ കണ്ടെത്താന്‍ ഇന്ത്യക്കു ലഭിച്ച മികച്ച അവസരമായിരുന്നു അടുത്തിടെ സമാപിച്ച ഐപിഎല്‍. ലോകകപ്പില്‍ ആരു വേണമെന്ന കാര്യത്തില്‍ ഈ ടൂര്‍ണമെന്റിലൂടെ ഏറെക്കുറെ ഉത്തരം ലഭിച്ചു കഴിഞ്ഞെന്നു തന്നെ പറയാം, ഇതു ആരാണെന്നു നോക്കാം.

പോരടിക്കുന്നത് ആറ് പേര്‍
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ കുപ്പായത്തിലേക്കു പ്രധാനമായും ആറു പേരാണ് പോരടിക്കുന്നത്. സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍ എന്നിരാണിത്. പക്ഷെ ഇതില്‍ വെറും രണ്ടു പേര്‍ക്കു മാത്രമേ ഫസ്റ്റ് ചോയ്‌ലും ബാക്കപ്പുമായി ടീം ഇന്ത്യയിലേക്കു നറുക്കുവീഴുകയുള്ളൂ.
ഇന്ത്യന്‍ ടീം അവസാനമായി കളിച്ച മൂന്നു ടി20 പരമ്പരകളിലും സഞ്ജുവാണ് വിക്കറ്റ് കാത്തത്. ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയുള്ള പരമ്പരകളിലായിരുന്നു ഇത്. ഇവയിലെല്ലാം ബാക്കപ്പിന്റെ റോളില്‍ ധ്രുവ് ജുറേലുമായിരുന്നു. എന്നാല്‍ ഈ പരമ്പരകളില്‍ സഞ്ജുവിനെയും ജുറേലിനെയും തിരഞ്ഞെടുത്തെന്നു കരുതിതുടര്‍ന്നും ഇവരാണ് ഫേവറിറ്റുകളെന്നു ഉറപ്പിക്കാന്‍ വരട്ടെ.
സമാപിച്ച ഐപിഎല്ലിനു ശേഷം ചിത്രം പാടെ മാറിയിരിക്കുയാണ്. ഈ ടൂര്‍ണമെന്റിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും അടുത്ത ലോകകപ്പിലെ കീപ്പര്‍ ആരെന്നു ഗംഭീറും സെലക്ടര്‍മാരും തീരുമാനിക്കുക. ഇങ്ങനെ നോക്കുമ്പോള്‍ രാഹുലിനായിരിക്കും പ്രഥമ പരിഗണനയെന്നുറപ്പായിരിക്കുകയാണ്. കാരണം ഈ ഐപിഎല്ലില്‍ ഇന്ത്യന്‍ കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സെടുത്തത് അദ്ദേഹമാണ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി 539 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. മറ്റൊരു ഇന്ത്യന്‍ കീപ്പറും 400 പ്ലസ് റണ്‍സ് നേടിയിട്ടില്ലെന്നതു പരിഗണിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രകടനം എത്ര മാത്രം സ്‌പെഷ്യലാണെന്നു വ്യക്തമാവുക. രാഹുല്‍ കഴിഞ്ഞാല്‍ കൂടുതല്‍ റണ്ണെടുത്തത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷനാണ്. 152.58 സ്‌ട്രൈക്ക്‌റേറ്റോടെ അദ്ദേഹം 354 റണ്‍സ് സ്‌കോര്‍ ചെയ്തു.
ഇഷാനു ശേഷം മൂന്നാന്‍ ജുറേലാണെന്നതാണ് കൗതുകകരമായ കാര്യം. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി 156.33 സ്‌ട്രൈക്ക് റേറ്റില്‍ 333 റണ്‍സ് അദ്ദേഹം നേടി. ഈ മൂന്നു പേരെ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു ഇന്ത്യന്‍ കീപ്പറും ഐപിഎല്ലില്‍ 300 റണ്‍സ് തികച്ചിട്ടില്ല. റോയല്‍സിനായി 140.39 സ്‌ട്രൈക്ക് റേറ്റില്‍ 285 റണ്‍സുള്ള സഞ്ജുവാണ് നാലാമന്‍.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് അഞ്ചാമനായി. 133.116 സ്‌ട്രൈക്ക് റേറ്റില്‍ 269 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളിച്ച ജിതേഷ് ആറാമതുമെത്തി. 176.35 സ്‌ട്രൈക്ക് റേറ്റില്‍ 261 റണ്‍സ് ജിതേഷും അടിച്ചെടുത്തു.

ആര്‍ക്കെല്ലാം നറുക്കുവീഴും
ഐപിഎല്‍ വിലയിരുത്തുമ്പോള്‍ കെഎല്‍ രാഹുലായിരിക്കും അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യന്‍ കീപ്പറാവുമെന്നുറപ്പാണ്. നിലവില്‍ ഈ റോളിനു അര്‍ഹതയും അദ്ദേഹത്തിനാണ്. ഐപിഎല്ലില്‍ ഏറ്റവുമധികം റണ്ണെടുത്ത ഇന്ത്യന്‍ കീപ്പറാണെന്നതു മാത്രമല്ല രാഹുലിനെ മുന്നിലെത്തിക്കുന്നത്.
അനുഭവ സമ്പത്ത്, ഓപ്പണിങ് മുതല്‍ എവിടെയും ബാറ്റ് ചെയ്യാനുള്ള കഴിവ്, വിക്കറ്റിനു പിന്നില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ പുലര്‍ത്തുന്ന കൃത്യത എന്നിവയെല്ലാം അദ്ദേഹത്തെ ഫേവറിറ്റാക്കുന്നു. ലോകകപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ ഇതു ഏറെ ഗുണം ചെയ്യുമെന്നുറപ്പാണ്,
രാഹുല്‍ കഴിഞ്ഞാല്‍ ബാക്കപ്പായി ടീമിലെത്തേണ്ടത് സഞ്ജു സാംസണല്ല, മറിച്ച് ജിതേഷ് ശര്‍മയാണ്. കാരണം മധ്യനിരയില്‍ കളി ഫിനിഷ് ചെയ്യാന്‍ സാധിക്കുന്ന ഒരാളെയാണ് ടീമിനു ആവശ്യം. ഓപ്പണറായപ്പോഴാണ് സഞ്ജു ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. മധ്യനിരയില്‍ അദ്ദേഹം വേണ്ടത്ര തിളങ്ങിയിട്ടുമില്ല. അതിനാല്‍ ഈ ഐപിഎല്ലില്‍ ഫിനിഷറായി 176.35 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച ജിതേഷിനെ തന്നെ ടീമില്‍ ഉള്‍പ്പെടുത്തുകയും വേണം.