അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്ന അടുത്ത ഏറ്റവും വലിയ ചാലഞ്ച് 2026ലെ ഐസിസി ടി20 ലോകകപ്പാണ്. നാട്ടിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാരെന്ന അഭിമാനത്തോടെയായിരിക്കും ഇന്ത്യയിറങ്ങുക. കഴിഞ്ഞ വര്‍ഷം നടന്ന അവസാന എഡിഷനില്‍ സൗത്താഫ്രിക്കയെ ത്രില്ലറില്‍ വീഴ്ത്തിയാണ് ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. 2007ലെ പ്രഥമ എഡിഷനില്‍ ചാംപ്യന്‍മാരായ ശേഷം ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് നേട്ടം കൂടിയായിരുന്നു ഇത്.
കഴിഞ്ഞ എഡിഷനില്‍ ഇറങ്ങിയ ടൂര്‍ണമെന്റില്‍ നിരവധി മാറ്റങ്ങളോടെയാവും ഇന്ത്യയിറങ്ങുക. 2024ല്‍ ടീമിന്റെ ഭാഗമായിരുന്ന ആറു പേരെ അടുത്ത തവണ കാണാനിടയില്ല. ഇന്ത്യയെ ലോക ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മറ്റൊരു ഇതിഹാസ താരം വിരാട് കോലി, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ടി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മോശം റെക്കോര്‍ഡുള്ള വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനൊപ്പം ശിവം ദുബെ, യുസ്വേന്ദ്ര ചഹല്‍ എന്നിവരെയെല്ലാം ഇന്ത്യ ഒഴിവാക്കുകയും ചെയ്യം. അതുകൊണ്ടു തന്നെ പുതിയ ലുക്കിലുള്ള ഒരു ടീമിനെയാവും 2026ലെ ടൂര്‍ണമെന്റില്‍ നമുക്കു കാണാന്‍ സാധിക്കുക. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.
രാഹുലും ശ്രേയസും തിരിച്ചെത്തും
അന്താരാഷ്ട്ര ടി20 കരിയര്‍ അവസാനിച്ചെന്നു പലരും വിധിയെഴുതിയ മധ്യനിരയിലെ സ്റ്റാര്‍ ബാറ്റര്‍മാരായ കെഎല്‍ രാഹുലും ശ്രേയസ് അയ്യരും അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ സീസണിലെ ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് ചെയ്യുന്ന ഇരുവരെയും ടി20 ടീമിലേക്കു തിരികെ വിളിക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചു കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അവസാനത്തെ ടി20 ലോകകപ്പില്‍ ഇരുവരും ടീമിന്റെ ഭാഗമായിരുന്നില്ല. രാഹുലാവട്ടെ 2022ലെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു തോറ്റ സംഘത്തിലുണ്ടായിരുന്നു. സ്ലോ ഇന്നിങ്‌സുകളുടെ പേരില്‍ പഴികേട്ട അദ്ദേഹത്തിനു പിന്നീട് ടീമിലെ സ്ഥാനവും തെറിക്കുകയായിരുന്നു. ഈ ഫോര്‍മാറ്റില്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നു ഉറപ്പിച്ചിരിക്കെയാണ് ഈ ഐപിഎല്ലില്‍ 500 പ്ലസ് റണ്‍സുമായി രാഹുലിന്റെ ഗംഭീര തിരിച്ചുവരവ്.
സ്ഥാനമുറപ്പുള്ളവര്‍ ആരൊക്കെ?
ക്യാപ്റ്റനു 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവിനൊപ്പം അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പാക്കി കഴിഞ്ഞ ചില താരങ്ങളുണ്ട്. മുഖ്യ കോച്ച് ഗൗതം ഗംഭീറിനു പ്രിയങ്കരനായ സഞ്ജു സാംസണ്‍ ലോകകപ്പ് സംഘത്തിലുണ്ടാവുമെന്നുറപ്പാണ്.
അവസാന എഡിഷനില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കിലും അന്നത്തെ കോച്ചായ രാഹുല്‍ ദ്രാവിഡ് ഒരു മല്‍സരത്തില്‍ പോലും അവസരം നല്‍കിയില്ല. ഇപ്പോള്‍ ഗംഭീര്‍ കോച്ചായതോടെ സഞ്ജുവിന്റെ സമയവും തെളിഞ്ഞിരിക്കുകയാണ്. അവസാനത്തെ മൂന്നു ടി20 പരമ്പരകളിലും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വിക്കറ്റ് കീപ്പറുമായിരുന്നു അദ്ദേഗഹം.

യുവ സൂപ്പര്‍ താരങ്ങളായ ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മ, ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ്, മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്, ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പാക്കിയ കളിക്കാര്‍.
ലോകകപ്പിനുള്ള ഇന്ത്യന്‍ സാധ്യതാ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍.