മൊഹാലി: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മിന്നും പോരാട്ടമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. 15 അംഗ ടീമിനെ നേരത്തെ ഇന്ത്യ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട ശേഷം പല താരങ്ങളുടേയും ഐപിഎല്ലിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഇതിലൊരാളാണ് ശിവം ദുബെ. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം ഇത്തവണ സിഎസ്‌കെയ്‌ക്കൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതോടെ ടി20 ലോകകപ്പ് ടീമിലേക്കും താരത്തെ പരിഗണിച്ചു.
എന്നാല്‍ ടീമില്‍ ഉള്‍പ്പെട്ട ശേഷമുള്ള ദുബെയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. സിഎസ്‌കെയ്ക്ക് പ്ലേ ഓഫില്‍ കടക്കാന്‍ ആര്‍സിബിക്കെതിരേ ജയം അത്യാവശ്യമായിരുന്നു. ഈ മത്സരത്തില്‍ മെല്ലപ്പോക്ക് ബാറ്റിങ് നടത്തി ദുബെ നിരാശപ്പെടുത്തുകയും ടീമിന്റെ തോല്‍വിക്ക് കാരണമാവുകയും ചെയ്തു. മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയാണ് താരം പഴി കേട്ടത്. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ദുബെ തിളങ്ങുമെന്നും അവനെ തള്ളിപ്പറയരുതെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് യുവരാജ് സിങ്.
ഒരു സമയത്ത് അടുത്ത യുവരാജ് എന്ന് വാഴ്ത്തപ്പെട്ട താരമാണ് ദുബെ. അതുകൊണ്ടുതന്നെ യുവരാജ് ദുബെയുടെ മികവില്‍ ഇത്തവണ പ്രതീക്ഷവെക്കുകയാണ്. 'ശിവം ദുബെയാവും ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഹീറോ. ഇന്ത്യക്കായി അവസാനം കളിച്ച പരമ്പരയിലടക്കം അവന്‍ തിളങ്ങിയിരുന്നു. ഐപിഎല്ലിലും സ്ഥിരതയോടെ കളിക്കാന്‍ അവന് സാധിച്ചു. അവന്റെ നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ടീമില്‍ വേണ്ടത് അത്യാവശ്യമാണ്.
മധ്യനിരയില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ പ്രതിഭയുള്ളവനാണ് ദുബെ. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിനൊപ്പം കാണുമ്പോള്‍ സന്തോഷം തോന്നുന്നു. എന്നാല്‍ ലോകകപ്പ് ടീമില്‍ നിന്ന് ചില താരങ്ങള്‍ ഒഴിവാക്കപ്പെട്ടത് തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍ ഇത് ലോകകപ്പ് ടീം സെലക്ഷനില്‍ സ്വാഭാവികമായും സംഭവിക്കുന്നതാണ്' യുവരാജ് പറഞ്ഞു. ദുബെയെ ഓള്‍റൗണ്ടറെന്ന നിലയില്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നതാണ് വസ്തുത.

ദുബെക്ക് ഓവര്‍ നല്‍കിയാല്‍ തല്ലുകൊള്ളിയാവുമെന്നുറപ്പാണ്. എന്നാല്‍ സ്പിന്നര്‍മാരെ നേരിടാന്‍ ദുബെക്ക് അസാധ്യ മികവുണ്ട്. അതുകൊണ്ടുതന്നെ മധ്യ ഓവറില്‍ ദുബെയുടെ കടന്നാക്രമണം പ്രതീക്ഷിക്കാം. പക്ഷെ ഐപിഎല്ലിലെ താരത്തിന്റെ അവസാന മത്സരങ്ങളിലെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെ ലോകകപ്പിലെ ദുബെയുടെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം.
ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിരുന്നെങ്കിലും റിങ്കു സിങ്ങിനെ റിസര്‍വ് താരമായി ഒതുക്കി. ഓള്‍റൗണ്ടറെന്ന നിലയില്‍ ദുബെക്ക് സ്ഥാനം ലഭിച്ചപ്പോള്‍ റിങ്കു ഒതുക്കപ്പെട്ടു. ഈ സീസണിലെ ഐപിഎല്ലിലെ റിങ്കു സിങ്ങിന്റെ പ്രകടനവും മോശമായിരുന്നു. എന്നാല്‍ റിങ്കു പ്ലേയിങ് 11ല്‍ ഉണ്ടായിരിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് റിങ്കു.
ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തത് റിങ്കുവിനേയും നിരാശപ്പെടുത്തി. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹാര്‍ദിക് ഓള്‍റൗണ്ടറെന്ന നിലയില്‍ ലോക തോല്‍വിയായിരുന്നു. മുംബൈ അവസാന സ്ഥാനക്കാരായാണ് സീസണ്‍ അവസാനിപ്പിച്ചത്. ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റനാക്കിയതിനെതിരേയും വിമര്‍ശനം ശക്തമാണ്. എന്നാല്‍ മുന്‍ താരങ്ങളെല്ലാം ഹാര്‍ദിക്കിനെ പിന്തുണക്കുന്നുണ്ട്.
ഇന്ത്യയുടെ ബൗളിങ് നിരയില്‍ നാല് സ്പിന്നര്‍മാരെയാണ് ഉള്‍പ്പെടുത്തിയത്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കുന്ന ടി20 ലോകകപ്പില്‍ സ്പിന്‍ പിച്ചാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ സ്പിന്നര്‍മാര്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. പേസ് നിരയില്‍ ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ബുംറയെ ഒഴികെ മറ്റാരേയും വിശ്വസ്തരായ ടി20 ബൗളര്‍മാരെന്നും വിളിക്കാനാവില്ല.