For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഹാര്‍ദിക്കോ, ദുബെയോ; രോഹിത് ആരെ കളിപ്പിക്കും? തുറന്നു പറഞ്ഞ് റെയ്‌ന

അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനത്തിലൂടെ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും അവകാശവാദമുന്നയിച്ചിരിക്കുകയാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെ. ഇന്ത്യ ആറു വിക്കറ്റിന്റെ വിജയമാഘോഷിച്ച കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ദുബെ അപരാജിത ഫിഫ്റ്റികളോടെ കസറിയിരുന്നു. കൂടാതെ ബൗളിങില്‍ രണ്ടു വിക്കറ്റുകളും പിഴുതു.

പരിക്കില്‍ നിന്നും മുക്തനായിക്കൊണ്ടിരിക്കുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ് ദുബെ. ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിനൊപ്പം ദുബെയും ഇന്ത്യന്‍ ടീമിലിടം പിടിക്കുമോയെന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. കളേഴ്‌സ് സിനിപ്ലെക്‌സിന്റെ ചര്‍ച്ചയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.

SHIVAM DUBE

ശിവം ദുബെ തീര്‍ച്ചയായും ടി20 ലോകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വേണമെന്നാണ് റെയ്‌ന പറയുന്നത്. ഹാര്‍ദിക് പാണ്ഡ്യ ഫിറ്റാണെങ്കില്‍ ഉറപ്പായും ടീമിലുണ്ടാവും. ശിവം ദുബെയും നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരമാണ്. രോഹിത് ശര്‍മ അവനെ നന്നായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

ഐപിഎല്ലിലെ ഫോം വളരെ പ്രധാനമായിരിക്കും. ഒരു ക്യാപ്റ്റനെന്ന നിലയിലായാലും സെലക്ടറെന്ന നിലയിലായാലും മികച്ച ഫോമിലുള്ളവരെയായിരിക്കും ഞാന്‍ ടീമിലെടുക്കുന്നത്. രാജ്യത്തെ വ്യത്യസ്ത നഗരങ്ങളിലായി നടക്കുന്ന, രണ്ടു മാസത്തിലേറെ നീളുന്ന ഐപിഎല്ലില്‍ റണ്ണെടുക്കുന്നവര്‍ക്കാണ് താന്‍ മുന്‍തൂക്കം നല്‍കുകയെന്നും റെയ്‌ന വ്യക്തമാക്കി.

ഇതു ഇന്ത്യയുടെ ടീമാണ്, ഇതു ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ടീമാണ്. മികച്ച ഫോമിലുള്ള കളിക്കാരെയായിരിക്കും ലോകകപ്പ് സ്‌ക്വാഡില്‍ രോഹിത് ശര്‍മ ആഗ്രഹിക്കുക. ശിവം ദുബെയുടെ പ്രകടനം ഒരുപാട് മതിപ്പുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ മാത്രമല്ല, ഐപിഎല്ലിലുടനീളവും അതുണ്ടായിരുന്നു.

എംഎസ് ധോണിയെപ്പോലെയൊരു ക്യാപ്റ്റന്റെ മതിപ്പ് പിടിച്ചുപറ്റിയ താരമാണ് ശിവം ദുബെ. അദ്ദേഹത്തിനു ആത്മവിശ്വാസം നല്‍കിയതും ധോണിയാണ്. രോഹിത് ശര്‍മയും ഇതേ ആത്മവിശ്വാസമാണ് ദുബെയ്ക്കു നല്‍കിക്കൊണ്ടിരിക്കുന്നതെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്താനുമായുള്ള പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റി നേടിയ ശിവം ദുബെയെ റെയ്‌ന അഭിനന്ദിച്ചു. മല്‍സരം ഫിനിഷ് ചെയ്യാന്‍ താരം കാണിക്കുന്ന മിടുക്കിനെ പുകഴ്ത്തിയ റെയ്‌ന അതു അദ്ദേഹത്തിന്റെ ആത്മവിശ്വാസമുയര്‍ത്തുമെന്നും ചൂണ്ടിക്കാട്ടി.

ബാറ്റ് നന്നായി സ്വിങ് ചെയ്യുന്നതു കാരണമാണ് ശിവം ദുബെയ്ക്കു വമ്പന്‍ ഷോട്ടുകള്‍ അനായാസം കളിക്കാന്‍ സാധിക്കുന്നത്. അദ്ദേഹം ഫുള്‍ ഡ്രൈവുകള്‍ കളിക്കുന്നു. ബോളിനെ തന്റെ ബാറ്റിന്റെ മധ്യത്തില്‍ കൊള്ളിക്കാനായാല്‍ അതു ഗ്രൗണ്ടിനു പുറത്തേക്കു പറത്താനുള്ള ശേഷി തനിക്കുണ്ടെന്നു ദുബെയ്ക്കറിയാം.

HARDIK PANDYA

അവന്‍ അങ്ങനെയാണ് പരിശീലനവും നടത്തിയിട്ടുള്ളത്. പോസിറ്റീവ് ചിന്താഗതിയോടെ നിങ്ങള്‍ സമീപിച്ചാല്‍ ഇതു അസാധ്യമായ കാര്യമല്ല. ചെക്ക് ഡ്രൈവിനേക്കാള്‍ ഫുള്‍ ഡ്രൈവില്‍ വിശ്വാസമര്‍പ്പിക്കുന്നവരാണ് ദുബെയും യശസ്വി ജയ്‌സ്വാളുമെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനുമായുള്ള രണ്ടാം ടി20യില്‍ നിര്‍ഭയമായ ബാറ്റിങ് സമീപനം സ്വീകരിച്ച ജയ്‌സ്വാളിനെയും ദുബെയെയും റെയ്‌ന പ്രശംസിക്കുകയും ചെയ്തു. നിങ്ങള്‍ ഫുള്‍ ഡ്രൈവ് കളിക്കുമ്പോള്‍ അതിനെ ബാറ്റിന്റെ മധ്യത്തില്‍ കൊളളിക്കാനായില്ലെങ്കിലും നല്ല പവറാണ് ലഭിക്കുക. കാരണം നിങ്ങള്‍ കണ്ണിനു താഴെയാണ് ഇംപാക്ടുണ്ടാക്കുന്നത്.

നമ്മള്‍ പറഞ്ഞുകൊണ്ടിരുന്ന നിര്‍ഭയമായ ബാറ്റിങിന്റെ വിരുന്ന് തന്നെയാണ് കഴിഞ്ഞ മല്‍സരത്തില്‍ ശിവം ദുബെ, യശസ്വി ജയ്‌സ്വാള്‍ എന്നിവരില്‍ നിന്നും കണ്ടത്. നമ്മുടെ ടീമിന്റെ ശക്തിയും ഇതാണെന്നു സുരേഷ് റെയ്‌ന നിരീക്ഷിച്ചു. ജയ്‌സ്വാള്‍ 34 ബോളില്‍ അഞ്ചു ഫോറും ആറു സിക്‌സറുമടക്കം 68 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ദുബെ 32 ബോളില്‍ അഞ്ചു ഫോറും നാലു സിക്‌സറുമടക്കം പുറത്താവാതെ 63 റണ്‍സും നേടി.

Story first published: Monday, January 15, 2024, 14:09 [IST]
Other articles published on Jan 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+