മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുമെന്ന് ഔദ്യോഗികമായി ബിസിസി ഐ വ്യക്തമാക്കിയിരുന്നു. പുതിയ പരിശീലകനെ തേടിയുള്ള അപേക്ഷയും ബിസിസി ഐ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയുടെ പുതിയ പരിശീലകനെന്ന നിലയില്‍ പല താരങ്ങളുടേയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. സ്റ്റീഫന്‍ ഫ്‌ളമിങ്, റിക്കി പോണ്ടിങ് തുടങ്ങി പല വിദേശ താരങ്ങളുടേയും പേരുകള്‍ സാധ്യതാ പട്ടികയിലേക്കെത്തിയിരുന്നു.
എന്നാല്‍ ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം പരിശീലകനാവാന്‍ ഗൗതം ഗംഭീറിനെ ബിസിസി ഐ സമീപിച്ചുവെന്നാണ് വിവരം. ഇന്ത്യയുടെ മുന്‍ ഓപ്പണറായ ഗംഭീര്‍ നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവാണ്. ഐപിഎല്ലിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം പറയാമെന്നാണ് ഗംഭീര്‍ അറിയിച്ചിരിക്കുന്നതെന്നാണ് സൂചന. എന്തായാലും ഗംഭീര്‍ ഇന്ത്യയുടെ അടുത്ത പരിശീലകനാവാന്‍ സാധ്യത ഉയര്‍ന്നിരിക്കുകയാണ്.
ഇപ്പോഴിതാ ഗംഭീറിനെ മുഖ്യ പരിശീലകനാക്കാനുള്ള നീക്കത്തിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്. ജയ് ഷായുടെ രാഷ്ട്രീയ താല്‍പര്യമാണ് ഗംഭീറിനെ പരിശീലകനാക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. ഗംഭീറിനെപ്പോലെ കര്‍ക്കശക്കാരനും ദേഷ്യക്കാരനുമായ ഒരാള്‍ക്ക് ഇന്ത്യയുടെ പരിശീലകനാവാന്‍ സാധിക്കില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഗംഭീര്‍ മുഖ്യ പരിശീലകനായാല്‍ ടീം തകരുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഗംഭീറിനെ മുഖ്യ പരിശീലകനാക്കിയാല്‍ ശ്രീശാന്തിനെ ബൗളിങ് പരിശീലകനുമാക്കാം എന്നാണ് ആരാധകര്‍ ട്രോളുന്നത്. ഗംഭീറിന് ടീമിനെ നന്നായി കൊണ്ടുപോകാന്‍ പ്രതിഭയുണ്ടെങ്കിലും താരങ്ങളുടെ സ്വാഭാവത്തോട് ചേര്‍ന്ന് പോകാന്‍ സാധ്യതയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. പ്രധാനമായും വിരാട് കോലിയുടെ കാര്യമാണ് ആരാധകര്‍ പറയുന്നത്. ഗംഭീറും കോലിയും തമ്മിലുള്ള അഭിപ്രായ ഭിന്നത എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാവുന്നതില്‍ കോലിക്ക് എതിര്‍പ്പുണ്ടെന്നാണ് വിവരം. ഈ എതിര്‍പ്പ് മറികടന്ന് ഗംഭീര്‍ മുഖ്യ പരിശീലകനായാല്‍ കോലിയുടെ കരിയറിനെ അത് ബാധിക്കും. കരിയറിന്റെ അവസാന സമയത്ത് കോലിക്ക് സന്തോഷത്തോടെ പടിയിറങ്ങാന്‍ സാധിച്ചേക്കില്ല. കോലിയോട് ഗംഭീര്‍ പക വീട്ടാന്‍ സാധ്യതയുണ്ട്. അനില്‍ കുംബ്ലെ ഇന്ത്യയുടെ മുഖ്യ പരിശീലകനായപ്പോള്‍ സംഭവിച്ചത് ആവര്‍ത്തിക്കപ്പെടുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യന്‍ ടീമിനെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന തീരുമാനമാണിതെന്നും ഇന്ത്യക്ക് ഐസിസി കിരീടം നേടണമെങ്കില്‍ വിദേശ പരിശീലകന്‍ വരണം. താരങ്ങളുടെ രീതിക്ക് കളിക്കുകയും പരിശീലകന് കാര്യമായ റോളില്ലാത്ത അവസ്ഥയുമാണ് നിലവിലെ ഇന്ത്യന്‍ ടീമിലുള്ളത്. ഇതിന് മാറ്റം വരാന്‍ വിദേശ പരിശീലകന്‍ വരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഗംഭീര്‍ ശാന്ത സ്വഭാവക്കാരനല്ല.
പലപ്പോഴും വളരെ പ്രകോപിതനായി നിയന്ത്രണം വിട്ട് അദ്ദേഹം പെരുമാറാറുണ്ട്. ഇത്തരമൊരു സ്വഭാവമുള്ളയാള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായാല്‍ ടീം തകരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതേ സമയം ഗംഭീറിനെ കൊണ്ടുവരാനുള്ള നീക്കം ജയ് ഷായുടേതാണ്. ഇത്തരമൊരു നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നും ആരാധകര്‍ ആരോപിക്കുന്നു. എന്തായാലും ടി20 ലോകകപ്പ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചേക്കും.
അത് ഗംഭീറാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനം വീരേന്ദര്‍ സെവാഗും യുവരാജ് സിങ്ങും മോഹിക്കുന്നുണ്ട്. യുവരാജ് ഇതിനോടകം തന്റെ അക്കാദമിയിലൂടെ പല യുവതാരങ്ങളേയും വളര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. അഭിഷേക് ശര്‍മ ഇതിലൊരാളാണ്. എന്നാല്‍ യുവരാജിനോടും സെവാഗിനോടും ബിസിസി ഐക്ക് വലിയ താല്‍പര്യമില്ല.
സെവാഗ് നേരത്തെ തന്നെ പരിശീലകനാവാന്‍ ശ്രമിച്ചതാണെങ്കിലും പരിഗണിക്കപ്പെട്ടില്ല. എന്തായാലും അന്തിമ തീരുമാനം ബിസിസി ഐയുടേതായതിനാല്‍ എന്താണ് സംഭവിക്കുകയെന്നത് കാത്തിരുന്ന് കണ്ടറിയാം.