For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജുവിനെ പ്രശംസിച്ച് ശ്രീശാന്ത്, പിന്നാലെ പൊങ്കാലയിട്ട് ആരാധകര്‍! കാരണമിതാ

മുംബൈ: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരേയും സന്തോഷിപ്പിച്ചത് സഞ്ജു സാംസണിന് ടീമില്‍ ഇടം ലഭിച്ചതാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സെലക്ടര്‍മാര്‍ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചിരിക്കുന്നത്. പല തവണ തഴയപ്പെട്ട ശേഷമാണ് സഞ്ജുവിന് ഇത്തരമൊരു വലിയ അവസരം ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പല പ്രമുഖരും സഞ്ജുവിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തുകയാണ്.

എസ് ശ്രീശാന്തിന് ശേഷം ഇന്ത്യക്കായി ടി20 ലോകകപ്പ് കളിക്കുന്ന ആദ്യത്തെ മലയാളിയാണ് സഞ്ജു സാംസണ്‍. സഞ്ജുവിന് ടി20 ലോകകപ്പിലേക്ക് വിളിയെത്തിയതിന് പിന്നാലെ ശ്രീശാന്ത് സഞ്ജുവിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ്. 'നമസ്‌കാരം, വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. 2007, 2011 ലോകകപ്പ് ഇന്ത്യ ജയിച്ചപ്പോള്‍ ഒരു മലയാളി സാന്നിധ്യമുണ്ടായിരുന്നു. സഞ്ജു സാംസണ്‍ മോനെ അടിപൊളി. മലയാളി പുലിയാടാ. എല്ലാ ഭാവുകങ്ങളും നേരുന്നു.

ദൈവം അനുഗ്രഹിക്കട്ടെ. സഞ്ജുവിന് ലോകകപ്പ് ഇന്ത്യയിലേക്കെത്തിക്കാന്‍ സാധിക്കെട്ടെ. അവന്‍ അര്‍ഹിക്കുന്ന നേട്ടത്തിലേക്കാണ് എത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ അവനൊപ്പം നില്‍ക്കണം. എല്ലാ ഭാവുകങ്ങളും ഒരിക്കല്‍ക്കൂടി നേരുന്നു' എന്നായിരുന്നു ശ്രീശാന്ത് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആശംസിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ തന്നെ ശ്രീശാന്തിനെ വിമര്‍ശിച്ചാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

2023ലെ ഏകദിന ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ സഞ്ജു തഴയപ്പെട്ടിരുന്നു. അന്ന് വലിയ വിമര്‍ശനം സെലക്ടര്‍മാര്‍ക്കെതിരേ ആരാധകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് സഞ്ജുവിനെ തഴഞ്ഞത് ശരിയായ നിലപാടാണെന്നാണ് ശ്രീശാന്ത് പറഞ്ഞത്. സഞ്ജുവിന്റെ മനോഭാവം ശരിയല്ലെന്നും തെറ്റുകളില്‍ നിന്ന് പഠിക്കുന്നില്ലെന്നും ശ്രീശാന്ത് വിമര്‍ശിച്ചിരുന്നു.

sanju samson

സഞ്ജുവിനോട് ശൈലിയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഉപദേശിച്ചപ്പോള്‍ അത് അവന്‍ പരിഗണിച്ചില്ലെന്നും ശ്രീശാന്ത് തുറന്ന് പറഞ്ഞിരുന്നു. സമീപകാലത്തായി സഞ്ജുവിനെ പിന്തുണക്കുന്ന നിലപാടായിരുന്നില്ല ശ്രീശാന്ത് സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സഞ്ജുവിന്റെ നേട്ടത്തിന് പിന്നാലെ ശ്രീശാന്ത് നിലപാട് മാറ്റിയതിനെ ആരാധകര്‍ ട്രോളുകയാണ്. ശ്രീശാന്താണ് സഞ്ജുവിനെ ഐപിഎല്ലിലേക്ക് കൊണ്ടുവന്നത്.

എന്നാല്‍ സഞ്ജു സൂപ്പര്‍ താരമായി വളര്‍ന്നതില്‍ ശ്രീശാന്തിന് അസൂയയാണെന്നുമാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇപ്പോള്‍ പ്രശംസിക്കുന്ന ശ്രീശാന്തിനെതിരേ ആരാധകര്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ശ്രീശാന്തിന് സഞ്ജുവിന്റെ പേരിനൊപ്പം ചേര്‍ന്ന് നില്‍ക്കാനുള്ള യോഗ്യതയില്ലെന്നും ആരാധകര്‍ പറയുന്നു. സഞ്ജുവിനെ സംബന്ധിച്ച് ഇത് അഭിമാന നേട്ടമാണ്. ഒറ്റക്ക് പൊരുതി നേടിയെടുത്ത സ്ഥാനമാണിതെന്ന് പറയാം.

ഐപിഎല്‍ 17ാം സീസണ്‍ ആരംഭിക്കുന്നത് വരെ സഞ്ജുവിന്റെ ടി20 ലോകകപ്പ് സാധ്യതകള്‍ വളരെ വിരളമായിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നടത്തി സഞ്ജു സെലക്ടര്‍മാര്‍ക്ക് ലോകകപ്പ് ടീമിലെടുക്കാന്‍ സമ്മര്‍ദ്ദം നല്‍കുകയായിരുന്നു. ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ശേഷം സഞ്ജു പങ്കുവെച്ച പോസ്റ്റും ഇത് തെളിയിക്കുന്നതാണ്. വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന കുറിപ്പോടെയാണ് സഞ്ജു തന്റെ സന്തോഷം പങ്കുവെച്ചത്.

കേരളത്തില്‍ നിന്ന് ഒരു താരത്തിന് ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുകയെന്നത് ഒട്ടും എളുപ്പമല്ല. പല പ്രമുഖ ലോബികളുടേയും തഴയപ്പെടലിനെ മറികടന്ന് സഞ്ജു ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പറയാം. രാജസ്ഥാന്‍ റോയല്‍സിനൊപ്പം സഞ്ജു മിന്നും പ്രകടനമാണ് 17ാം സീസണില്‍ നടത്തുന്നത്.

സഞ്ജുവിന് രാജസ്ഥാനെ കിരീടത്തിലേക്കെത്തിച്ച് ടി20 ലോകകപ്പിന് പോകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും മലയാളികളുടെ അഭിമാനമായി സഞ്ജു മാറിയിരിക്കുകയാണ്. മറ്റൊരു മലയാളിയുടെ സാന്നിധ്യത്തില്‍ ഇന്ത്യക്ക് ലോകകപ്പ് ഉയര്‍ത്താന്‍ സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Wednesday, May 1, 2024, 10:19 [IST]
Other articles published on May 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+