മുംബൈ: ടി20 ലോകകപ്പിനായുള്ള പടയൊരുക്കത്തിലേക്ക് ടീമുകളെല്ലാം കടന്നുകഴിഞ്ഞു. ജൂണ്‍ 1നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇത്തവണ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വരുന്ന ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. തട്ടകത്തില്‍ ഏകദിന ലോകകപ്പ് നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് വരുന്ന ടി20 ലോകകപ്പ് കിരീടം അഭിമാന പ്രശ്‌നമാണെന്ന് പറയാം. രോഹിത് ശര്‍മക്ക് കീഴിലാവും ഇന്ത്യ ലോകകപ്പിനിറങ്ങുക.
എന്നാല്‍ ടി20 ലോകകപ്പിലേക്ക് വിരാട് കോലിയെ പരിഗണിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ലോകകപ്പ് നടക്കാന്‍ പോകുന്നത് സ്ലോ പിച്ചിലായതിനാല്‍ കോലിയെ ഒഴിവാക്കാനാണ് ടീം മാനേജ്‌മെന്റിന് താല്‍പര്യം. പകരം യുവതാരങ്ങളെ പരിഗണിക്കാമെന്ന വിലയിരുത്തലിലാണ് ടീം മാനേജ്‌മെന്റ്. എന്നാല്‍ കോലിയെ ഒഴിവാക്കുന്നത് മണ്ടത്തരമായിരിക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. സീനിയര്‍ താരമായ കോലിയാണ് ടി20 ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം.
അവസാന ടി20 ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കോലിക്കായിരുന്നു. പാകിസ്താനെതിരേ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത് കോലിയുടെ ഒറ്റയാള്‍ പോരാട്ടമാണ്. അസാമാന്യ മികവുള്ള കോലിയെ ഇന്ത്യ മാറ്റിനിര്‍ത്തിയാല്‍ തിരിച്ചടി ടീമിന് തന്നെയാണെന്ന് പറയാം. ഇപ്പോഴിതാ കോലിയെ ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള നിര്‍ദേശം മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടേതാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കോലിയെ മാറ്റിനിര്‍ത്താന്‍ ചില കാരണങ്ങളും അഗാര്‍ക്കര്‍ പറയുന്നുണ്ട്. കോലിയുടെ സ്‌ട്രൈക്ക് റേറ്റ് ടി20ക്ക് അനുയോജ്യമല്ലെന്ന അഭിപ്രായമാണ് അഗാര്‍ക്കര്‍ക്കുള്ളത്. കോലി മൂന്നാം നമ്പറിലാണ് ഇന്ത്യക്കായി ടി20 കളിക്കുന്നത്. ഈ പൊസിഷനില്‍ കളിക്കുമ്പോള്‍ പലപ്പോഴും പവര്‍പ്ലേയില്‍ ബാറ്റുചെയ്യേണ്ടി വരും. കോലി ബാറ്റുചെയ്യുമ്പോള്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കാതെ വരുന്നു. 130ന് താഴെയാണ് കോലിയുടെ സ്‌ട്രൈക്ക് റേറ്റ്.

പവര്‍പ്ലേ മുതലാക്കാന്‍ ശേഷിയുള്ള മികച്ച യുവതാരങ്ങള്‍ മൂന്നാം നമ്പറില്‍ അവസരം തേടുന്നുണ്ട്. അതുകൊണ്ടുതന്നെ കോലിയുടെ സീനിയോരിറ്റി മാത്രം പരിഗണിച്ച് ടീമില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് അഗാര്‍ക്കര്‍ പറയുന്നത്. കോലി കളിക്കാതിരുന്നാല്‍ ശുബ്മാന്‍ ഗില്ലിന് പ്ലേയിങ് 11ല്‍ 3ാം നമ്പറില്‍ കളിക്കാനാവും. റുതുരാജ് ഗെയ്ക് വാദിനേയും പരിഗണിക്കാം. എന്നാല്‍ കോലി കളിച്ചാല്‍ ഇവര്‍ക്ക് പ്ലേയിങ് 11ല്‍ സ്ഥാനം നല്‍കുക പ്രയാസമാവും.
യുവതാരങ്ങളെ കൂടുതല്‍ പിന്തുണക്കാനാണ് ടീം മാനേജ്‌മെന്റിന് താല്‍പര്യം. ആംഗര്‍ റോളിലേക്കായി കോലിയെ പരിഗണിക്കേണ്ടതില്ലെന്നത് അഗാര്‍ക്കറുടെ തീരുമാനമാണ്. രണ്ടാമത്തെ കാര്യം കോലിയുടെ സ്ലോ പിച്ചിലെ പ്രകടനമാണ്. സ്ലോ പിച്ചുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കോലിക്ക് ശേഷിയില്ല. ഇതും അഗാര്‍ക്കര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയെന്നാണ് പുറത്തുവരുന്ന വിവരം. കോലി നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരമല്ല.
ഫോമിലേക്കെത്തിയാല്‍ കോലി അതിവേഗത്തില്‍ റണ്‍സുയര്‍ത്തും. എന്നാല്‍ സ്പിന്നിനെതിരേ അത്ര മികവ് അവകാശപ്പെടാനാവില്ല. ഇതും കോലിയെ മാറ്റിനിര്‍ത്താന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നു. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയത് യുവതാരങ്ങളുടെ മികവിലാണ്. ഇത് ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ടീം മാനേജ്‌മെന്റുള്ളത്. സമീപകാലത്തായി മികച്ച യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. അതുകൊണ്ടുതന്നെ സീനിയേഴ്‌സിനെ മാറ്റിനിര്‍ത്തിയാലും തെറ്റാകില്ല.
രോഹിത് ശര്‍മ വമ്പനടികള്‍ നടത്താന്‍ ഇപ്പോഴും ശേഷിയുള്ളവനാണ്. അതുകൊണ്ടുതന്നെ രോഹിത് ശര്‍മക്ക് കീഴില്‍ത്തന്നെയാവും ഇന്ത്യ ടി20 ലോകകപ്പിനിറങ്ങുക. റിങ്കു സിങ്, തിലക് വര്‍മ, യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, ശിവം ദുബെ എന്നിവരെല്ലാം ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിച്ചേക്കും. ഇവരെല്ലാം മത്സരത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവരാണ്. ഇത്തവണ ശക്തമായ ടീം കരുത്ത് ഇന്ത്യക്കുണ്ട്. ഭാഗ്യം തുണച്ചാല്‍ കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചേക്കും.