ടി20 ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ഒരു മാറ്റം ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. അഞ്ചാം നമ്പറില്‍ വന്‍ ഫ്‌ളോപ്പായ ശിവം ദുബെയ്ക്കു പകരം സഞ്ജു സാംസണ്‍ കളിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇത്തരമൊരു അഭിപ്രായം ഉത്തപ്പയ്ക്കില്ല. ലൈനപ്പില്‍ മറ്റൊരു സര്‍പ്രൈസ് മാറ്റമാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. വെറ്ററന്‍ സ്റ്റാര്‍ സ്പിന്നര്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ.
സ്റ്റാര്‍ പേസറും ഇന്ത്യന്‍ ബൗളിങിലെ കുന്തമുനയുമായ ജസ്പ്രീത് ബുംറയ്ക്കു ബംഗ്ലാദേശിനെതിരേ വിശ്രമം നല്‍കണമെന്നാണ് ഉത്തപ്പ അഭിപ്രായപ്പെട്ടിരിക്കുന്നത്. ദുബെ ഈ കളിയിലും ഇലവനില്‍ തുടരണമെന്നും അദ്ദേഹം പറയുന്നു. സെമി ഫൈനലുള്‍പ്പെടെ തുടര്‍ച്ചയായി മല്‍സരങ്ങള്‍ നടക്കാനിരിക്കുന്നതിനാല്‍ പരിക്കുകളില്‍ നിന്നും ബുംറയെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി.

തുടര്‍ച്ചയായുള്ള മല്‍സരങ്ങള്‍ കളിക്കാര്‍ക്കു മാനസികമായും ശാരീരികമായും ഏറെ ക്ഷീണമുണ്ടാക്കും. പ്രത്യേകിച്ചും ലോകകപ്പ് പോലെയൊരു ടൂര്‍ണമെന്റില്‍ കളിക്കാരെ സംരക്ഷിക്കുകയെന്നത് വളരെ പ്രധാനമാണ്. അതുകൊണ്ടു തന്നെ ബംഗ്ലാദശിനെതിരേ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കി പകരം മുഹമ്മദ് സിറാജിനെ ഇന്ത്യക്കു കളിപ്പക്കാവുന്നതാണ്.
സിറാജ് ടൂര്‍ണമെന്റില്‍ നന്നായി പന്തെറിയുന്നുണ്ട്. ഡെത്ത് ഓവര്‍ ബൗളിങിലെ തന്റെ കഴിവ് മിനുക്കിയെടുക്കാനുള്ള അവസരമാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. എന്റെ അഭിപ്രായത്തില്‍ ഡെത്ത് ഓവറുകളിലെ ദൈവം തന്നെയാണ് ബുംറ. അവസാന ഓവറുകളില്‍ അദ്ദേഹം ഒരുപാട് റണ്‍സ് വഴങ്ങുന്നത് ഞാന്‍ അപൂര്‍വ്വമായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഉത്തപ്പ വിശദമാക്കി.
ഇന്ത്യന്‍ ടീം കരുത്തരായിരിക്കുകയും ഇതു പോലെയൊരു ടൂര്‍ണമന്റില്‍ കളിക്കുകയും ചെയ്യുമ്പോള്‍ ജസ്പ്രീത് ബുംറയുടെ പ്രായത്തെയും ബൗളിങ് ആക്ഷനെയും നിങ്ങള്‍ ബഹുമാനിച്ചേ തീരുകയുള്ളൂ. ശരീരത്തിനുമേല്‍ ഒരുപാട് സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ് അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷന്‍. അതുകൊണ്ടു തന്നെ ബുംറ മൂല്യമേറിയ സ്വത്ത് തന്നെയാണെന്നും ഉത്തപ്പ നിരീക്ഷിച്ചു.
ബംഗ്ലാദേശുമായുള്ള സന്നാഹ മല്‍സരം മുതല്‍ ടി20 ലോകകപ്പിനായി എത്തിയതിനു ശേഷം മുഴുവന്‍ മല്‍സരങ്ങളിലും ബുംറ കളിച്ചുകഴിഞ്ഞു. സന്നാഹത്തില്‍ ഒരു വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാല്‍ ടൂര്‍ണമെന്റ് ആരംഭിച്ചതോടെ ബുംറ തന്റെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കുകയായിരുന്നു.ന്യൂയോര്‍ക്കില്‍ നടന്ന അയര്‍ലാന്‍ഡുമായുള്ള ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ആറു റണ്‍സിനു രണ്ടു വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കി.

ചിരവൈരികളായ പാകിസ്താനുമായുള്ള എല്‍ ക്ലാസിക്കോയില്‍ ഇന്ത്യയുടെ വിജയശില്‍പ്പി ബുംറയായിരുന്നു. 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു നിര്‍ണായക വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. നായകന്‍ ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖാര്‍ അഹമ്മദ് എന്നിവരെയാണ് ബുംറ മടക്കിത്.
ഇന്ത്യ ആറു റണ്‍സിനു ജയിച്ച ത്രില്ലിങ് മാച്ചില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. അമേരിക്കയുമായുള്ള അടുത്ത കളിയില്‍ ബുംറയ്ക്കു വിക്കറ്റൊന്നും കിട്ടിയില്ല. അഫ്ഗാനിസ്താനുമായുള്ള സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ അദ്ദേഹം ഈ ക്ഷീണം തീര്‍ക്കുകയും ചെയ്തു. ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ ബുംറ കടപുഴക്കിയത്.
ബംഗ്ലാദേശിനെതിരായ സൂപ്പര്‍ എട്ട് മല്‍സരത്തിനു ശേഷം തിങ്കളാഴ്ച ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ അവസാന മല്‍സരം. തുടര്‍ന്നാണ് സെമി ഫൈനല്‍ നടക്കാനിരിക്കുന്നത്. ഒാരോ മല്‍സരവും പ്രധാനമായതിനാല്‍ തന്നെ ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കാന്‍ സാധ്യത തീരെ കുറവാണ്.