For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: മഴ വില്ലനായി, പാകിസ്താന്‍ നാണംകെട്ട് പുറത്ത്; അമേരിക്ക സൂപ്പര്‍ 8ല്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയില്‍ നടക്കേണ്ട അമേരിക്ക-അയര്‍ലന്‍ഡ് മത്സരം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായ മഴ പെയ്തിരുന്നു. ഇന്ന് അല്‍പ്പനേരം വെയിലുണ്ടായിരുന്നെങ്കിലും വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ അമേരിക്ക ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എയില്‍ നിന്ന് സൂപ്പര്‍ എട്ട് ടിക്കറ്റെടുത്തു. ആതിഥേയരായ അമേരിക്ക അര്‍ഹിച്ച നേട്ടം തന്നെയാണ് സ്വന്തമാക്കിയത്.

കാനഡയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച അമേരിക്ക പാകിസ്താനെ സൂപ്പര്‍ ഓവറില്‍ അട്ടിമറിച്ചിരുന്നു. ഇന്ത്യയോട് തോറ്റെങ്കിലും നാല് പോയിന്റുകള്‍ അമേരിക്കയ്ക്കുണ്ടായിരുന്നു. ഇന്ന് അയര്‍ലന്‍ഡിനെതിരായ മത്സരം ഉപേക്ഷിച്ചതോടെ ഓരോ പോയിന്റുകള്‍ ഇരു ടീമും പങ്കിട്ടു. ഇതോടെ 4 മത്സരത്തില്‍ നിന്ന് 5 പോയിന്റോടെ അമേരിക്ക സൂപ്പര്‍ എട്ടില്‍ സീറ്റുറപ്പിക്കുകയായിരുന്നു. എന്നാല്‍ ഈ മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ പാകിസ്താന്റെ സ്വപ്‌നങ്ങള്‍ അവസാനിച്ചു.

ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പാകിസ്താന്‍ പുറത്തായിരിക്കുകയാണ്. അമേരിക്കയോട് സൂപ്പര്‍ ഓവറില്‍ തോറ്റ പാകിസ്താന്‍ ഇന്ത്യയോട് ആറ് റണ്‍സിനും പരാജയപ്പെട്ടു. മൂന്നാം മത്സരത്തില്‍ കാനഡയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച പാകിസ്താന്‍ രണ്ട് പോയിന്റുകള്‍ നേടിയെങ്കിലും അമേരിക്ക-അയര്‍ലന്‍ഡ് മത്സരഫലം നിര്‍ണ്ണായകമായിരുന്നു. അമേരിക്ക തോല്‍ക്കുകയും പാകിസ്താന്‍ അവസാനമത്സരത്തില്‍ അയര്‍ലന്‍ഡിനെ വമ്പന്‍ സ്‌കോറിനും തോല്‍പ്പിച്ചാല്‍ ബാബര്‍ അസമിനും സംഘത്തിനും സൂപ്പര്‍ 8ലെത്താമായിരുന്നു.

എന്നാല്‍ മഴ വില്ലനായതോടെ അമേരിക്ക-അയര്‍ലന്‍ഡ് മത്സരം ഉപേക്ഷിക്കപ്പെടുകയും അമേരിക്ക സൂപ്പര്‍ 8ല്‍ സീറ്റ് ഉറപ്പിക്കുകയുമായിരുന്നു. ഇതോടെ പാകിസ്താന്റെ അവസാന സ്വപ്‌നവും പൊലിയുകയായിരുന്നു. ബാബര്‍ അസം നയിക്കുന്ന പാകിസ്താന്‍ ഇത്തവണ ശക്തമായ താരനിരയോടെയാണ് ഇറങ്ങിയത്. എന്നാല്‍ ബാറ്റിങ് നിര ദുര്‍ബലമായി. പേസ് നിരയില്‍ ഷഹിന്‍ ഷാ അഫ്രീദി, മുഹമ്മദ് അമീര്‍, നസീം ഷാ, ഹാരിസ് റഊഫ് എന്നിവരെല്ലാം ഉണ്ടായിരുന്നു.

usa vs pak

എന്നാല്‍ ഇവരില്‍ മിക്കവരും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നവരാണ്. ഇത് പ്രകടനത്തില്‍ നിന്ന് തന്നെ വ്യക്തം. ബാറ്റിങ് നിരയുടെ ദൗര്‍ബല്യം നേരത്തെ തന്നെ വ്യക്തമായതാണ്. ഇത്തവണ പാകിസ്താനെ പിന്നോട്ടടിച്ചതിന്റെ പ്രധാന കാരണം ബാറ്റിങ് നിരയുടെ മോശം പ്രകടനമാണെന്ന് പറയാം. മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം എന്നിവര്‍ പെട്ടെന്ന് മടങ്ങിയാല്‍ പാകിസ്താന്റെ ബാറ്റിങ് നിര തകര്‍ന്നടിയുന്നതാണ് കണ്ടത്.

എന്തായാലും ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കുമെന്നും കപ്പടിക്കുമെന്നും അവകാശപ്പെട്ടെത്തിയ പാകിസ്താന് ഗ്രൂപ്പ് ഘട്ടം പോലും താണ്ടാനായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. സൂപ്പര്‍ എട്ടിലെ പോരാട്ടങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിലാണ്. ആതിഥേയരെന്ന നിലയില്‍ അമേരിക്കയിലെ പിച്ചില്‍ തിളങ്ങാന്‍ അവര്‍ക്ക് സാധിച്ചു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിലെ സ്പിന്‍ പിച്ചില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. സൗരഭ് നേത്രാവല്‍ക്കറിന്റെ പേസ് ബൗളിങ് അമേരിക്കയുടെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായിട്ടുണ്ടെന്ന് പറയാം.

എന്നാല്‍ സൂപ്പര്‍ എട്ടിലേക്കെത്തുമ്പോള്‍ ഇതേ പോരാട്ടവീര്യം തുടരാന്‍ അമേരിക്കയ്ക്ക് സാധിക്കുമോയെന്നത് കണ്ടറിയാം. എന്നാല്‍ തുടക്കക്കാരെന്ന നിലയില്‍ സൂപ്പര്‍ എട്ടിലേക്കെത്തിയത് അമേരിക്കയെ സംബന്ധിച്ച് അഭിമാന നേട്ടം തന്നെയാണ്. പാകിസ്താനെയും അയര്‍ലന്‍ഡിനേയും പുറത്താക്കിയാണ് ഇന്ത്യക്കൊപ്പം അമേരിക്ക സൂപ്പര്‍ എട്ടിലേക്കെത്തിയതെന്നത് അവരെ സംബന്ധിച്ച് വലിയ നേട്ടമാണ്. കന്നി ടി20 ലോകകപ്പില്‍ത്തന്നെയാണ് അമേരിക്കയുടെ ഈ നേട്ടം.

പാകിസ്താന്‍ ഗ്രൂപ്പ് ഘട്ടം കടക്കാത്തതിനാല്‍ത്തന്നെ വലിയ പൊളിച്ചെഴുത്തിലേക്ക് ടീം കടക്കുമെന്നുറപ്പ്. ഇത്തവണത്തെ പാകിസ്താന്റെ മോശം പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. നായകന്‍ ബാബര്‍ അസം ഇഷ്ടക്കാരെ ടീമിലേക്ക് പരിഗണിച്ച് അര്‍ഹതപ്പെട്ടവരെ തഴഞ്ഞുവെന്ന ആരോപണവും ശക്തമാണ്. എന്തായാലും പാകിസ്താനെ സംബന്ധിച്ച് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ലെന്നത് നിരാശപ്പെടുത്തുന്ന കാര്യമാണെന്ന് പറയാം.

Story first published: Friday, June 14, 2024, 23:18 [IST]
Other articles published on Jun 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+