ഐസിസിയുടെ ടി20 ലോകകപ്പ് ആറു മാസത്തിനുള്ളില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീം അവസാനവട്ട തയ്യാറെടുപ്പിലാണ്. ഇനി അഞ്ചു ടി20കള്‍ മാത്രമാണ് ലോകകപ്പിനു മുമ്പ് ഇന്ത്യക്കു ബാക്കിയുള്ളത്. സൗത്താഫ്രിക്കയുമായുള്ള ഇന്ത്യയുടെ ആദ്യ ടി20 പോരാട്ടം മഴയെടുത്തിരിക്കുകയാണ്. ഇനി പരമ്പരയിലെ രണ്ടു ടി20കളും അഫ്ഗാനിസ്താനെതിരായ മൂന്നു ടി20കളുമാണ് ലോകകപ്പിനു മുമ്പ് ഇന്ത്യക്കു ബാക്കിയുള്ളത്.
ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ ലോകകപ്പില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. അതിനിടെ രോഹിത്തിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20ക്കു മുമ്പ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷനെക്കുറിച്ച് സംസാരിക്കവെയാണ് രോഹിത്തിനെക്കുറിച്ച് ഗവാസ്‌കര്‍ പരാമര്‍ശിച്ചത്. ഈ പരമ്പരയില്‍ ഓപ്പണര്‍മാരുടെ റോളിലേക്കു ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണുള്ളത്. ടീമിനു ഇടംകൈ-വലംകൈ കോമ്പിനേഷനാണ് ആവശ്യമെങ്കില്‍ ഗില്‍, ജയ്‌സ്വാള്‍ എന്നിവരെ ഇലവനിലേക്കു കൊണ്ടുവരാമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.
മൂന്നു പേര്‍ ഓപ്പണിങിലേക്കു മല്‍സരിക്കുന്നുവെന്നത് വളരെ നല്ലൊരു പ്രശ്‌നമായിട്ടാണ് ഞാന്‍ കാണുന്നത്. അതു കൂടാതെ രോഹിത് ശര്‍മയും കാത്തിരിക്കുകയാണ്. ടി20 ലോകകപ്പില്‍ അദ്ദേഹത്തിന്റെ സേവനം ടീമിനു ലഭ്യമാവുമോയെന്നതു കാത്തിരുന്നു കാണേണ്ടതാണെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.
ഒരു വര്‍ഷത്തിലേറെയായി ടി20 ഫോര്‍മാറ്റില്‍ ദേശീയ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് രോഹിത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിനു ശേഷം അദ്ദേഹം ടി20യില്‍ കളിച്ചിട്ടില്ല.
അതിനിടെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് തന്നെയായിരിക്കും ഇന്ത്യയെ നയിച്ചേക്കുകയെന്നും ബിസിസിഐ ഇക്കാര്യം അദ്ദേഹത്തോടു ആവശ്യപ്പെട്ടുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടി20 ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം രോഹിത്തിനു വിടുകയും ചെയ്തിരുന്നു. പക്ഷെ ടൂര്‍ണമെന്റില്‍ തന്റെ പങ്കാളിത്തത്തെക്കുറിച്ച് രോഹിത് ഇനിയും പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ ഗംഭീര പ്രകടനമായിരുന്നു നടത്തിയത്. ഫൈനലില്‍ തോറ്റെങ്കിലും രോഹിത്തിന്റെ ക്യാപ്റ്റന്‍സി ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ടി20 ലോകകപ്പിലും രോഹിത്തിനെ നായകസ്ഥാനമേല്‍പ്പിക്കാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചിരിക്കുന്നത്.
അതേസമയം, ലോകകിരീടം നേടാനായില്ലെങ്കിലും രോഹിത്തിന്റെ ക്യാപ്റ്റന്‍സി ഉജ്ജ്വലമായിരുന്നുവെന്നു മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് തന്റെ റോള്‍ വളരെ മികച്ച രീതിയില്‍ തന്നെയാണ് ലോകകപ്പില്‍ നിര്‍വഹിച്ചത്. അഞ്ചു ഐപിഎല്‍ ട്രോഫികള്‍ നേടുകയെന്നതു എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യ വലിയ ആധിപത്യമാണ് പുലര്‍ത്തിയതെന്നും ഗംഭീര്‍ പറയുന്നു.
ലോകകപ്പ് ഫൈനലിനു മുമ്പും ഇക്കാര്യം ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. ഫൈനലിന്റെ ഫലം എന്തു തന്നെയായാലും കുഴപ്പമില്ല. ഇന്ത്യ ചാംപ്യന്‍ ടീമിനെപ്പോലെയാണ് ടൂര്‍ണമെന്റില്‍ കളിച്ചത്. ഒരു മല്‍സരം മോശമായതു കൊണ്ടു മാത്രം രോഹിത് ശര്‍മയോ, ടീമോ മോശക്കാരാവുന്നില്ല. ടൂര്‍ണമെന്റിലെ 10 മല്‍സരങ്ങളിലും ഇന്ത്യ വലിയ ആധിപത്യമാണ് പുലര്‍ത്തിയത്. ഒരൊറ്റ മല്‍സരത്തില്‍ പ്രകടനം മോശമായതിന്റെ പേരില്‍ രോഹിത്തിനെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു.