മുംബൈ: ഐപിഎല്ലിന്റെ ആവേശം അവസാനിച്ച് ടി20 ലോകകപ്പിന്റെ പോരാട്ട ചൂടിലേക്ക് ക്രിക്കറ്റ് ലോകം ഉയരുകയാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. ഇത്തവണ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ലോകകപ്പിനിറങ്ങുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയാണുള്ളത്.
സഞ്ജു സാംസണും റിഷഭ് പന്തുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍. സൂപ്പര്‍ ബാറ്റിങ് നിര ഇന്ത്യക്കൊപ്പമുണ്ട്. നാല് സ്പിന്നര്‍മാരേയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ട ഇന്ത്യക്ക് പാകിസ്താനെയടക്കം ഗ്രൂപ്പില്‍ നേരിടേണ്ടതായുണ്ട്. ഇത്തവണ ഫൈനലില്‍ ആരൊക്കെയാവും എത്തുകയെന്നത് പലരും ഇതിനോടകം പ്രവചിച്ചിട്ടുണ്ട്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് എന്നിവരെല്ലാം ശക്തമാണ്.
ഇപ്പോഴിതാ ഇത്തവണ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ വരുമെന്നും ഏകദിന ലോകകപ്പിലെ തോല്‍വിക്ക് ഇന്ത്യ കണക്കുവീട്ടുമെന്നും പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ ശ്രീശാന്ത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് ശ്രീശാന്ത് തന്റെ പ്രവചനം നടത്തിയത്. 'ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാവും ഫൈനല്‍. ഏകദിന ലോകകപ്പിന്റെ ഫൈനലിലെ തോല്‍വിക്ക് ഇന്ത്യ കണക്കുവീട്ടും' എന്നാണ് ശ്രീശാന്ത് പറഞ്ഞത്.
ഓസ്‌ട്രേലിയക്ക് എല്ലാ തവണത്തേയും പോലെ ഇത്തവണയും ഗംഭീര താരനിരയാണുള്ളത്. ബാറ്റിങ് നിരയും ബൗളിങ് നിരയും സംതുലിതമായ ഓസ്‌ട്രേലിയയുടെ ശക്തി ഓള്‍റൗണ്ടര്‍മാരാണ്. ഗ്ലെന്‍ മാക്‌സ് വെല്‍, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്‌റ്റോയിണിസ്, പാറ്റ് കമ്മിന്‍സ് എന്നിവരെല്ലാം ഓസ്‌ട്രേലിയക്ക് കരുത്ത് പകരുന്ന ഓള്‍റൗണ്ടര്‍മാരാണ്. ഇത്തവണ ഓസ്‌ട്രേലി ഫൈനലിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

ഇന്ത്യന്‍ ടീം ശക്തമാണെങ്കിലും ഫോമും സ്ഥിരതയും ആശങ്കപ്പെടുത്തുന്നു. വിരാട് കോലിയൊഴികെ മറ്റാരേയും ബാറ്റിങ് നിരയില്‍ വിശ്വസിക്കാനാവില്ല. രോഹിത് ശര്‍മ ഐപിഎല്ലില്‍ ഫ്‌ളോപ്പായിരുന്നു. ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം ഇന്ത്യയുടെ മിക്ക താരങ്ങളും ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പേസ് ബൗളിങ് നിരയില്‍ ഇന്ത്യക്ക് ജസ്പ്രീത് ബുംറയെ വിശ്വസിക്കാം. അര്‍ഷ്ദീപ് സിങ്ങിന്റേയും മുഹമ്മദ് സിറാജിന്റേയും പ്രകടനം കണ്ടറിയണം.
ഇന്ത്യ - ഓസ്‌ട്രേലിയ ഫൈനല്‍ വന്നാല്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. ഇന്ത്യ വേദിയായ അവസാന ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടിയിരുന്നു. ഇതിന് പകരം വീട്ടാന്‍ ഇന്ത്യ കാത്തിരിക്കുകയാണ്. ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടമുണ്ടായാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. ഓസീസ് വലിയ മത്സരങ്ങളില്‍ സവിശേഷമായ മികവുള്ള ടീമാണ്. അതുകൊണ്ടുതന്നെ ഫൈനലില്‍ തോല്‍പ്പിക്കുക കടുപ്പമായിരിക്കും.
മാത്യു ഹെയ്ഡനും ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ വരുമെന്നാണ് പ്രവചിച്ചത്. സുനില്‍ ഗവാസ്‌കറും ഇന്ത്യയേയും ഓസ്‌ട്രേലിയയേയുമാണ് ഫേവറേറ്റുകളായി തിരഞ്ഞെടുത്തത്. അതേ സമയം മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറായ ക്രിസ് മോറിസ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍ വരുമെന്നാണ് വിലയിരുത്തിയത്. ദക്ഷിണാഫ്രിക്ക ശക്തമായ താരങ്ങളുടെ നിരയാണ്. എന്നാല്‍ ഭാഗ്യം തുണക്കാത്ത ടീമാണ് ദക്ഷിണാഫ്രിക്ക. അതുകൊണ്ടുതന്നെ ഫൈനലിലേക്കെത്താന്‍ സാധ്യത കുറവാണ്.
പാകിസ്താന്‍ ടീമിന്റെ ബൗളിങ് കരുത്ത് ശക്തമാണ്. മുഹമ്മദ് അമീര്‍, ഷഹിന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന പാകിസ്താന്‍ പേസ് നിര എല്ലാവര്‍ക്കും വലിയ ഭീഷണിയാണ്. ന്യൂസീലന്‍ഡ് ഇത്തവണയും നിശബ്ദരായ പോരാളികളാണ്. എതിരാളികള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ കിവീസിന് സാധിക്കും. നിലവിലെ ചാമ്പ്യന്മാരാണ് ഇംഗ്ലണ്ട്. ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് ഇത്തവണയും വലിയ കിരീട സാധ്യതയുള്ളവരാണ്.