Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: വലിയൊരു ദൗര്‍ബല്യം ഇന്ത്യക്കുണ്ട്! അത് തിരിച്ചടിയാവും; ചൂണ്ടിക്കാട്ടി ഡൗല്‍

മുംബൈ: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും വേദിയാവുന്ന ടി20 ലോകകപ്പ് ജൂണ്‍ 2നാണ് ആരംഭിക്കുന്നത്. 20 ടീമുകള്‍ പങ്കെടുക്കുന്ന കുട്ടിക്രിക്കറ്റ് മാമാങ്കത്തിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. ഇത്തവണ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണെത്തുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമാണ്.

ഇന്ത്യന്‍ ടീമിന്റെ ആദ്യ സംഘം അമേരിക്കയിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. മറ്റുള്ളവര്‍ പിന്നാലെ അമേരിക്കയിലേക്ക് പോകും. ജൂണ്‍ 1നാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സന്നാഹ മത്സരം. അവസാന ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് സെമിയില്‍ നാണംകെട്ടാണ് ഇന്ത്യ പുറത്തായത്. ഇത്തവണ കപ്പിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇന്ത്യ സജീവ കിരീട പ്രതീക്ഷയോടെ മുന്നോട്ട് പോകുമ്പോള്‍ ടീമിന്റെ പ്രധാന ദൗര്‍ബല്യം ചൂണ്ടിക്കാട്ടുകയാണ് മുന്‍ ന്യൂസീലന്‍ഡ് പേസറായ സൈമണ്‍ ഡൗല്‍.

'ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഒരു പ്രധാന പ്രശ്‌നമുണ്ട്. അഞ്ച്, ആറ് നമ്പറില്‍ ബാറ്റ് ചെയ്യാനും പന്തെറിയാനും സാധിക്കുന്ന താരങ്ങളുടെ അഭാവം ഇന്ത്യക്കുണ്ട്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളുണ്ടായേക്കും. അഭിഷേക് ശര്‍മയും റുതുരാജ് ഗെയ്ക് വാദും ടി20 ടീമിലേക്ക് കടന്ന് വന്നേക്കും. യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലും തുടരും. എന്നാല്‍ ഇന്ത്യക്ക് പന്തെറിയാന്‍ സാധിക്കുന്ന ബൗളര്‍മാരില്ല. ഇന്ത്യ മൂന്നോ നാലോ സ്‌പെഷ്യലിസ്റ്റ് ഓള്‍റൗണ്ടര്‍മാരെ കളിപ്പിക്കേണ്ട അവസ്ഥയാണ്' ഡൗല്‍ പറഞ്ഞു.

ഇന്ത്യയുടെ ടി20 ടീമില്‍ പന്തെറിയാന്‍ അറിയാവുന്ന ബാറ്റ്‌സ്മാന്‍മാരുടെ അഭാവമുണ്ട്. ഏറെ നാളുകളായി ഈ പ്രശ്‌നത്തിന് പരിഹാരമില്ല. ടി20യില്‍ പാര്‍ട്ട് ടൈം സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ക്ക് സാധിക്കാത്ത പല കാര്യങ്ങളും ചിലപ്പോള്‍ പാര്‍ട്ട് ടൈം സ്പിന്നര്‍മാര്‍ക്ക് സാധിക്കും. ഇന്ത്യയുടെ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ പന്തെറിയാന്‍ കഴിവുള്ളവരാണെങ്കിലും ഇപ്പോള്‍ പന്തെറിയാന്‍ തയ്യാറാകുന്നില്ല.

rohit sharma sanju samson

സൂര്യകുമാര്‍ യാദവും പന്തെറിയില്ല. എന്നാല്‍ യശ്വസി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവരെല്ലാം പന്തെറിയുന്നവരാണ്. ഇവര്‍ക്ക് കൂടുതല്‍ അവസരം നല്‍കി ബൗളിങ് കരുത്ത് ഉയര്‍ത്തേണ്ടതായുണ്ട്. ഇന്ത്യ ടി20 ലോകകപ്പിന് ശേഷം ടി20 ലോകകപ്പ് ടീമില്‍ വലിയ മാറ്റം വരുത്തിയേക്കും. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. അങ്ങനെ വരുമ്പോള്‍ പുതിയ യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയേക്കും.

ഇന്ത്യ പന്തറിയാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാരെ കൂടുതല്‍ ടി20യിലേക്ക് കൊണ്ടുവരേണ്ടതായുണ്ട്. അഭിഷേക് ശര്‍മയെ ഇന്ത്യക്ക് ഓള്‍റൗണ്ടറെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം അഭിഷേക് തിളങ്ങുന്നുണ്ട്. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാനെതിരേ രണ്ട് നിര്‍ണ്ണായക വിക്കറ്റുകളുമായി ഹൈദരാബാദിന്റെ മാച്ച് വിന്നറാവാന്‍ അഭിഷേക് ശര്‍മക്ക് സാധിച്ചിരുന്നു.

ഇന്ത്യന്‍ ടീമിന് തട്ടകത്തില്‍ ഏകദിന ലോകകപ്പ് നഷ്ടമായതിനാല്‍ എന്ത് വിലകൊടുത്തും ഇത്തവണത്തെ ടി20 ലോകകപ്പ് സ്വന്തമാക്കണം. പക്ഷെ അതൊട്ടും എളുപ്പമാവില്ല. ഇന്ത്യയുടെ ടീം കരുത്ത് മികച്ചതാണെങ്കിലും സ്ഥിരത പ്രശ്‌നമാണ്. നിലവിലെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം നോക്കുകയാണെങ്കില്‍ വിശ്വസിക്കാനാവുന്ന ഏക താരം വിരാട് കോലിയാണ്. മറ്റൊരാളുടേയും ബാറ്റിങ്ങിന് സ്ഥിരതയില്ല. യശ്വസി ജയ്‌സ്വാള്‍ അവസാന മത്സരങ്ങളില്‍ തിളങ്ങിയിരുന്നു.

സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, റിഷഭ് പന്ത് എന്നിവരെല്ലാം മികച്ച താരങ്ങളാണെങ്കിലും ആരേയും വിശ്വസിക്കാനാവാത്ത അവസ്ഥയാണ്. നാല് സ്പിന്നര്‍മാരെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് സ്പിന്നര്‍മാരെ പരിഗണിച്ചത് മണ്ടത്തരമായെന്ന് വിലയിരുത്തുന്നവരുമുണ്ട്. പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരാണുള്ളത്. ഇവരെയൊന്നും വിശ്വസ്തരെന്ന് വിളിക്കാനാവില്ല.

Story first published: Sunday, May 26, 2024, 16:22 [IST]
Other articles published on May 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+