കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഡിയിലെ ആവേശകരമായ പോരാട്ടത്തില്‍ നേപ്പാളിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റിന് 115 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ നേപ്പാളിന് 7 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് നേടാനായത്.
തബ്രൈസ് ഷംസിയുടെ കിടിലന്‍ ബൗളിങ്ങാണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. അവസാനം വരെ കരുത്തരായ ദക്ഷിണാഫ്രിക്കയെ വിറപ്പിക്കാന്‍ കുഞ്ഞന്മാരായ നേപ്പാളിന് സാധിച്ചു. ഗ്രൂപ്പില്‍ നാല് മത്സരവും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടിലേക്കെത്തുന്നത്.
ടോസ് നേടിയ നേപ്പാള്‍ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. താരസമ്പന്നമായ ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കുന്ന ബൗളിങ് പ്രകടനമാണ് നേപ്പാള്‍ കാഴ്ചവെച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 22 റണ്‍സുള്ളപ്പോള്‍ ക്വിന്റന്‍ ഡീകോക്ക് മടങ്ങി. 11 പന്ത് നേരിട്ട് 1 ഫോറടക്കം 10 റണ്‍സെടുത്ത ഡീകോക്കിനെ ദിപേന്ദ്ര സിങ് ഐറേ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. നായകന്‍ എയ്ഡന്‍ മാര്‍ക്രം മോശം ഫോമില്‍ തുടരുകയാണ്.
22 പന്ത് നേരിട്ട് 2 ഫോറടക്കം 15 റണ്‍സ് നേടിയ മാര്‍ക്രത്തെ കുശാല്‍ ബൂര്‍ട്ടല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഒരു വശത്ത് ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സ് പിടിച്ചുനിന്ന് കളിച്ചപ്പോള്‍ മറുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണു. ഹെന്‍ റിച്ച് ക്ലാസന്‍ 5 പന്തില്‍ 3 റണ്‍സാണ് നേടി മടങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് വലിയ തിരിച്ചടിയായി. ബൂര്‍ട്ടലാണ് നിര്‍ണ്ണായക വിക്കറ്റ് നേടിയത്. റീസ ഹെന്‍ഡ്രിക്‌സ് 49 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 43 റണ്‍സെടുത്ത് പുറത്തായി.

ഐറേ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ഹെന്‍ഡ്രിക്‌സിനെ പുറത്താക്കിയത്. മധ്യനിരയില്‍ ഡേവിഡ് മില്ലര്‍ക്ക് പതിവ് പോലെ രക്ഷകനാവാനായില്ല. 10 പന്തില്‍ 7 റണ്‍സെടുത്ത മില്ലറേയും ഐറേയാണ് പുറത്താക്കിയത്. മില്ലര്‍ പുറത്താവുമ്പോള്‍ അഞ്ച് വിക്കറ്റിന് 97 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. റണ്‍സ് വിട്ടുകൊടുക്കാന്‍ മടി കാട്ടിയ നേപ്പാള്‍ ബൗളര്‍മാര്‍ പിച്ചിന്റെ ആധിപത്യം നന്നായി മുതലാക്കി. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 18 പന്തില്‍ പുറത്താവാതെ 27 റണ്‍സ് നേടി.
2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ നിര്‍ണ്ണായക പ്രകടനമാണ് സ്റ്റബ്‌സ് നടത്തിയത്. മാര്‍ക്കോ യാന്‍സന്‍ 1 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കഗിസോ റബാഡ ഗോള്‍ഡന്‍ ഡെക്കായി. ഇതോടെ 20 ഓവറില്‍ 7 വിക്കറ്റിന് 115 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക തകര്‍ന്നു. നേപ്പാളിനായി കുശാല്‍ ബൂര്‍ട്ടല്‍ 4 ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തി. ദിപേന്ദ്ര സിങ് ഐറേ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്.
മറുപടിക്കിറങ്ങിയ നേപ്പാള്‍ ദക്ഷിണാഫ്രിക്കയെ ഞെട്ടിക്കുന്ന ബാറ്റിങ് പ്രകടനമാണ് നടത്തിയത്. ഒന്നാം വിക്കറ്റില്‍ കുശാല്‍ ബൂര്‍ട്ടലും ആസിഫ് ഷെയ്ഖും ചേര്‍ന്ന് 35 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 21 പന്തില്‍ 1 സിക്‌സും ഫോറും ഉള്‍പ്പെടെ 13 റണ്‍സെടുത്ത ബൂര്‍ട്ടലിനെ തബ്രൈസ് ഷംസി ക്ലീന്‍ബൗള്‍ഡ് ചെയ്തു. നായകന്‍ രോഹിത് പൗഡലിനെ (0) ഷംസി ഡെക്കിന് പുറത്താക്കി. അനില്‍ സഹ് 24 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ നിര്‍ണ്ണായകമായ 27 റണ്‍സ് നേടി.
എയ്ഡന്‍ മാര്‍ക്രമാണ് അനിലിനെ പുറത്താക്കിയത്. ദിപേന്ദ്ര സിങ് ഐറേയെ (6) ഷംസി മടക്കി. എന്നാല്‍ ഒരുവശത്ത് ആസിഫ് ഷെയ്ഖ് പിടിച്ചുനിന്നു. 49 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 42 റണ്‍സെടുത്ത ആസിഫിനെ ഷംസി ക്ലീന്‍ബൗള്‍ഡ് ചെയ്തത് നിര്‍ണ്ണായകമായി. സോംപാല്‍ കാമി 4 പന്തില്‍ 8 റണ്‍സോടെ പുറത്താവാതെ നിന്നു. ഗുല്‍സന്‍ ജാ (6) അവസാന പന്തില്‍ റണ്ണൗട്ടായതോടെ ഒരു റണ്‍സിന്റെ ത്രില്ലിങ് ജയം ദക്ഷിണാഫ്രിക്ക നേടുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസി നാല് വിക്കറ്റും ആന്‍ റിച്ച് നോക്കിയേ, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തുകയും ചെയ്തു.