കറാച്ചി: ടി20 ലോകകപ്പിനുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും വേദിയാകുന്ന ടി20 ലോകകപ്പ് എല്ലാ ടീമുകള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയും പാകിസ്താനും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമെല്ലാം ഇത്തവണത്തെ ടി20 ലോകകപ്പില്‍ സജീവ കിരീട പ്രതീക്ഷയിലാണ്. ഏകദിന ലോകകപ്പ് യോഗ്യത നേടാന്‍ സാധിക്കാതെ പോയ വെസ്റ്റ് ഇന്‍ഡീസ് ഇത്തവണ തട്ടകത്തില്‍ ടി20 ലോകകപ്പ് കപ്പടിക്കാമെന്ന പ്രതീക്ഷയിലാണ്.
ഇത്തവണ എല്ലാ ടീമും താരസമ്പന്നമായാല്‍ ആരൊക്കെ സെമിയിലെത്തുമെന്ന് പ്രവചിക്കുക പ്രയാസമാവും. ഇതിനോടകം പല പ്രമുഖരും സെമിയിലെത്തുന്ന ടീമുകളെ പ്രവചിച്ച് കഴിഞ്ഞു. ഇപ്പോഴിതാ സെമിയിലെത്തുന്ന നാല് ടീമുകള്‍ ഏതൊക്കെയാണെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി. ഇന്ത്യ, പാകിസ്താന്‍, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകള്‍ സെമിയില്‍ കടക്കുമെന്നാണ് അഫ്രീദി വിലയിരുത്തുന്നത്.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളെ അഫ്രീദി തഴഞ്ഞു. ഇന്ത്യന്‍ ടീം ഇത്തവണ കരുത്തുറ്റതാണ്. രോഹിത് ശര്‍മ നയിക്കുന്ന 15 അംഗ ടീമിനെ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന കരുത്തുറ്റ നിരയാണ് ഇന്ത്യയുടേത്. നാല് സ്പിന്നര്‍മാരെയാണ് ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സ്പിന്നിനെ തുണക്കുന്ന പിച്ചാണ്.
ഇവിടെ സ്പിന്നര്‍മാര്‍ക്കാവും കൂടുതല്‍ മികവ് കാട്ടാന്‍ കഴിയുകയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഇന്ത്യ സ്പിന്നര്‍മാര്‍ക്ക് കാര്യമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ പേസ് നിരയാണ് അല്‍പ്പം ദുര്‍ബലം. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് പേസ് നിരയിലുള്ളത്. ഇതില്‍ ബുംറയുടെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ മറ്റ് രണ്ട് പേരും എങ്ങനെ കളിക്കുമെന്നത് കണ്ടറിയണം.

ഇത് മാറ്റിനിര്‍ത്തിയാല്‍ സംതുലിതമായ താരനിരയാണ് ഇന്ത്യയുടേത്. പാകിസ്താന്‍ ഇത്തവണയും ശക്തമായ പ്രകടനം നടത്തിയേക്കും. ബാബര്‍ ആസം പാകിസ്താന്റെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയത് ടീമിന് കരുത്ത് നല്‍കിയിട്ടുണ്ടെന്നുറപ്പ്. മുഹമ്മദ് റിസ്വാനും ബാറ്റിങ് നട്ടെല്ലാവും. ഫഖര്‍ സമാന്‍, ഉസ്മാന്‍ ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരെല്ലാം ടീമിന് കരുത്ത് പകരാനുണ്ട്.
ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവര്‍ക്കൊപ്പം സീനിയര്‍ പേസര്‍ മുഹമ്മദ് അമീറും കൂടി ചേരുമ്പോള്‍ പാക് ടീമിനെ എല്ലാവരും ഭയക്കണം. സ്പിന്‍ നിരയില്‍ ഇമാദ് വാസിമാണ് എല്ലാവര്‍ക്കും ഭീഷണി ഉയര്‍ത്തുന്നത്. എല്ലാ എതിരാളികള്‍ക്കും വലിയ ഭീഷണിയാണ് പാകിസ്താന്‍ ടീമെന്ന് നിസംശയം പറയാം. ഓസ്‌ട്രേലിയയും കരുത്തുറ്റ ടീമാണ്. മാച്ച് വിന്നര്‍മാരുടെ നീണ്ട നിരയുമായാണ് ഓസ്‌ട്രേലിയന്‍ ടീം ഇത്തവണ ഇറങ്ങുന്നത്.
മിച്ചല്‍ മാര്‍ഷ് നയിക്കുന്ന ഓസ്‌ട്രേലിയന്‍ ടീമില്‍ ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍ക്കസ് സ്‌റ്റോയിണിസ് എന്നിവരെല്ലാമുണ്ട്. മികച്ച ഓള്‍റൗണ്ടര്‍മാരാല്‍ ഓസ്‌ട്രേലിയന്‍ ടീം സമ്പന്നമാണ്. സ്പിന്‍ നിരയില്‍ ആദം സാംപയും ആഷ്ടന്‍ അഗറുമുണ്ട്. വലിയ ടൂര്‍ണമെന്റുകളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള നിരയാണ് ഓസ്‌ട്രേലിയ. ഇത്തവണയും ഈ പതിവ് ഓസ്‌ട്രേലിയ നിലനിര്‍ത്തിയേക്കും.
ന്യൂസീലന്‍ഡിനെ നയിക്കുന്നത് കെയ്ന്‍ വില്യംസനാണ്. ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, മാര്‍ക്ക് ചാപ്മാന്‍, മിച്ചല്‍ ബ്രാസ്വെല്‍, ഫിന്‍ അലന്‍, ലോക്കി ഫെര്‍ഗൂസന്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെല്ലാം അണിനിരക്കുന്ന കിവീസിനെ ഭയക്കണം. ശാന്തമായി നിന്ന് കപ്പിലേക്കെത്താന്‍ കഴിവുള്ളവനാണ് ന്യൂസീലന്‍ഡ്. ഈ മികവ് ഇത്തവണയും ആവര്‍ത്തിക്കാന്‍ ന്യൂസീലന്‍ഡിന് സാധിക്കുമോയെന്നത് കണ്ടറിയാം.