മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഇടം പിടിക്കുമെന്നറിയാന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ആരാധകര്‍. പല സ്ഥാനങ്ങളിലേക്കും ശക്തമായ മത്സരമാണ് നടക്കുന്നത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നതെന്ന് പറയാം. മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ ഗംഭീര ഫോമിലാണുള്ളത്.
നായകനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും തിളങ്ങുന്ന സഞ്ജുവിനെ ഇന്ത്യ ടി20 ലോകകപ്പിലെ മുഖ്യ വിക്കറ്റ് കീപ്പറാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. റിഷഭ് പന്തും സഞ്ജു സാംസണുമാവും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുന്ന വിക്കറ്റ് കീപ്പര്‍മാരെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ടീം പ്രഖ്യാപനം പടിവാതുക്കല്‍ നില്‍ക്കവെ സെലക്ടര്‍മാരുടെ നിലപാട് പുറത്തുവരികെയാണ്.
ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാകില്ല ടീം തിരഞ്ഞെടുപ്പെന്നാണ് സെലക്ടര്‍മാരെ ഉദ്ധരിച്ച് എന്‍ടിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐപിഎല്ലില്‍ പല താരങ്ങളും മികച്ച ഫോമിലാണ് കളിക്കുന്നത്. എന്നാല്‍ നിലവിലെ ഇവരുടെ ഫോമിനെക്കാളും പ്രാധാന്യം നല്‍കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റിലെ കണക്കുകള്‍ക്കും അനുഭവസമ്പത്തിനുമാണെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ പണി കിട്ടുക സഞ്ജു സാംസണാവും. സഞ്ജുവിനെ മറികടന്ന് കെ എല്‍ രാഹുല്‍ ലോകകപ്പ് ടീമിലേക്കെത്താന്‍ സാധ്യതയുണ്ട്.
ഇന്ത്യക്കാവശ്യം മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള വിക്കറ്റ് കീപ്പറെയാണ്. അങ്ങനെ വരുമ്പോള്‍ റിഷഭ് പന്തിന് ഒന്നാം നമ്പര്‍ കീപ്പര്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തവണത്തെ ഐപിഎല്ലിലെ താരത്തിന്റെ പ്രകടനവും ഗംഭീരമാണ്. സഞ്ജു ഐപിഎല്ലില്‍ മികച്ച ഫോമില്‍ കളിക്കുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ടി20യില്‍ ദുരന്തമാണ്. ഇന്ത്യന്‍ ടീമില്‍ ലഭിച്ച അവസരങ്ങളെല്ലാം സഞ്ജു പാഴാക്കിക്കളഞ്ഞുവെന്നതാണ് വസ്തുത.

25 ടി20 കളിച്ച സഞ്ജു 374 റണ്‍സാണ് നേടിയത്. ശരാശരി 18.7 മാത്രമാണ്. ഒരു അര്‍ധ സെഞ്ച്വറിയാണ് നേടിയത്. അവസാനമായി അഫ്ഗാനെതിരേയാണ് സഞ്ജു കളിച്ചത്. ഈ മത്സരത്തില്‍ ഡെക്കിനാണ് താരം പുറത്തായത്. ഇത്തവണത്തെ ഐപിഎല്ലില്‍ ബാറ്റിങ്ങിന് അനുകൂലമായാണ് എല്ലാ പിച്ചുകളും തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലെ ഫോം വിലയിരുത്തി സഞ്ജുവിന് ടി20 ലോകകപ്പിലേക്ക് പരിഗണിക്കേണ്ടന്ന അഭിപ്രായം ഒരു വിഭാഗം സെലക്ടര്‍മാര്‍ക്കുണ്ട്.
ഇതാദ്യമായാണ് സഞ്ജു ഇത്രയും സ്ഥിരതയോടെ ഐപിഎല്‍ കളിക്കുന്നത്. ഇത്തവണത്തെ പ്രകടനങ്ങളെല്ലാം അവസരത്തിനൊത്തുയര്‍ന്ന് ടീമിന് ജയം നേടിക്കൊടുക്കുന്നതായിരുന്നു. എന്നാല്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും യാതൊരു അനുഭവസമ്പത്തും സഞ്ജുവിനില്ല. ഇവിടുത്തെ സ്പിന്‍ പിച്ചില്‍ സഞ്ജുവിന്റെ കടന്നാക്രമണ ശൈലി പ്രയോഗിച്ചാല്‍ വലിയ തിരിച്ചടിയായി അത് മാറാനാണ് സാധ്യത കൂടുതല്‍. അതുകൊണ്ടുതന്നെ സഞ്ജുവിനെ സെലക്ടര്‍മാര്‍ തഴഞ്ഞേക്കും.
കെ എല്‍ രാഹുലിനെ പരിഗണിച്ചാല്‍ എവിടെ വേണമെങ്കിലും കളിപ്പിക്കാം. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ ശേഷിയുള്ള അനുഭവസമ്പന്നനായ താരമാണ് രാഹുല്‍. എന്നാല്‍ ഇതേ മികവ് സഞ്ജുവിന് അവകാശപ്പെടാനാവില്ല. സഞ്ജുവിന് മികവ് കാട്ടാന്‍ സാധിക്കുക മൂന്നാം നമ്പറിലും നാലാം നമ്പറിലുമാണ്. ഇന്ത്യന്‍ ടീമില്‍ ഈ രണ്ട് സ്ഥാനങ്ങളിലും സഞ്ജുവിനെ കളിപ്പിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ പരിഗണിച്ചാലും മികവ് കാട്ടാന്‍ സാധ്യത കുറവാണ്.
ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കുന്നതിനോട് നായകന്‍ രോഹിത് ശര്‍മക്കും താല്‍പര്യക്കുറവുണ്ടെന്നാണ് സൂചന. റിഷഭിനൊപ്പം രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് രോഹിത് നിര്‍ദേശിച്ചതെന്നാണ് വിവരം. രാഹുലിന്റെ അനുഭവസമ്പത്ത് ഇന്ത്യക്ക് ഗുണം ചെയ്യുന്നതാണ്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റാണ് പ്രശ്‌നം. തുടക്കം മുതല്‍ രാഹുല്‍ കടന്നാക്രമിക്കില്ല. എന്തായാലും സെലക്ടര്‍മാരുടെ അന്തിമ തീരുമാനം എന്തായിരിക്കുമെന്നത് കാത്തിരുന്ന് കണ്ടറിയാം.