Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: വിറച്ച് ജയിച്ച് വിന്‍ഡീസ്, ന്യൂ ഗ്വിനിയ ഞെട്ടിച്ചു; രക്ഷിച്ചത് ചേസിന്റെ ബാറ്റിങ്

പ്രൊവിഡന്‍സ്: ടി20 ലോകകപ്പില്‍ വിജയത്തോടെ തുടങ്ങി വെസ്റ്റ് ഇന്‍ഡീസ്. പപ്പുവ ന്യൂ ഗ്വിനിയയെ അഞ്ച് വിക്കറ്റിനാണ് മുന്‍ ചാമ്പ്യന്മാര്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂ ഗ്വിനിയ 8 വിക്കറ്റിന് 136 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഒരോവര്‍ ബാക്കിയാക്കി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

റോസ്റ്റന്‍ ചേസിന്റെ (42*) ബാറ്റിങ്ങാണ് വിന്‍ഡീസിന് ജയമൊരുക്കിയത്. 27 പന്തില്‍ 4 ഫോറും 2 സിക്‌സുമുള്‍പ്പെടെയാണ് ചേസ് തിളങ്ങിയത്. ആന്‍ഡ്രേ റസല്‍ 9 പന്തില്‍ 15* റണ്‍സോടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ നന്നായി വിറപ്പിച്ചാണ് കുഞ്ഞന്മാരായ ന്യൂ ഗ്വിനിയ തോറ്റത്.

ന്യൂ ഗ്വിനിയയുടെ ബൗളിങ് നിര അഭിനന്ദനം അര്‍ഹിക്കുന്നു. 150ന് മുകളിലേക്ക് സ്‌കോര്‍ പോയിരുന്നെങ്കില്‍ അട്ടിമറി ജയം നേടിയെടുക്കാന്‍ ചിലപ്പോള്‍ ന്യൂ ഗ്വിനിയക്ക് സാധിച്ചേനെ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പപ്പുവ ന്യൂ ഗ്വിനിയക്ക് തുടക്കം പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ 5 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ടോണി ഔറ (2) പുറത്തായി. റൊമാരിയോ ഷിഫേര്‍ഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ ക്യാച്ചെടുക്കുകയായിരുന്നു.

ലീഗ സിയാക്കയെ (1) അക്കീല്‍ ഹൊസീന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സിസി ബാവുവും (50) നായകന്‍ ആസാദ് വാലയും (21) ചേര്‍ന്ന് അല്‍പ്പ നേരം പൊരുതി.

22 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ ഭേദപ്പെട്ട പ്രകടനം നടത്തിയ ആസാദ് വാലയെ അല്‍സാരി ജോസഫ് പുറത്താക്കി. റോഷ്ടന്‍ ചേസിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ആസാദിന്റെ മടക്കം. മധ്യനിരയില്‍ ആര്‍ക്കും കാര്യമായ പ്രകടനം നടത്താനായില്ല.

ഹിറി ഹിറി 2 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ കിപിലിന്‍ ഡൊറിക പുറത്താവാതെ നിന്നു. 18 പന്തില്‍ 3 ഫോറടക്കം 27 റണ്‍സാണ് അദ്ദേഹം നേടിയത്. ചാഡ് സോപ്പര്‍ 10 റണ്‍സ് നേടി മടങ്ങിയപ്പോള്‍ അലെയ് നാവോ (0) റണ്ണൗട്ടായി.

nicholas pooran

സിസി ബാവുവിന്റെ പ്രകടനമാണ് 8 വിക്കറ്റിന് 136 എന്ന സ്‌കോറിലേക്ക് ന്യൂ ഗ്വിനിയയെ എത്തിച്ചത്. 43 പന്തില്‍ 6 ഫോറും 1 സിക്‌സുമാണ് ബാവു നേടിയത്. വെസ്റ്റ് ഇന്‍ഡീസിനായി ആന്‍ഡ്രേ റസലും അല്‍സാരി ജോസഫും 2 വിക്കറ്റ് പങ്കിട്ടപ്പോള്‍ അക്കീല്‍ ഹൊസീന്‍, റൊമാരിയോ ഷിഫേര്‍ഡ്, ഗുഡകേഷ് മോട്ടി എന്നിവരെല്ലാം ഓരോ വിക്കറ്റും വീഴ്ത്തി. പ്രധാന ബൗളര്‍മാരെയൊന്നും വിന്‍ഡീസ് കളിപ്പിച്ചില്ല.

മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് അനായാസ ജയം നേടാനാവുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കാര്യങ്ങള്‍ കടുപ്പമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 8 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സ് ഗോള്‍ഡന്‍ ഡെക്കായി.

അലെയ് നാവോ ജോണ്‍സണെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ നിക്കോളാസ് പുരാനും കാര്യമായൊന്നും ചെയ്യാനായില്ല. ആദ്യ സമയത്ത് റണ്‍സ് കണ്ടെത്താനാവാതെ താരം പ്രയാസപ്പെട്ടു.

പപ്പുവ ന്യൂ ഗ്വിനിയ റിവ്യൂ ചെയ്യാത്തതിനാല്‍ ഡെക്കില്‍ നിന്ന് രക്ഷപെട്ട പുരാന്‍ 27 പന്തില്‍ 27 റണ്‍സാണ് നേടിയത്. പിന്നാലെ ബ്രണ്ടന്‍ കിങ്ങും മടങ്ങി. 29 പന്തില്‍ 7 ഫോറടക്കം 34 റണ്‍സാണ് ബ്രണ്ടന്‍ കിങ് നേടിയത്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പപ്പുവ ന്യൂ ഗ്വിനിയ വെസ്റ്റ് ഇന്‍ഡീസിനെ സമ്മര്‍ദ്ദത്തിലാക്കി. നായകന്‍ റോവ്മാന്‍ പവല്‍ 15 റണ്‍സില്‍ മടങ്ങിയപ്പോള്‍ ഷെര്‍ഫെയന്‍ റൂതര്‍ഫോര്‍ഡും (2) നിരാശപ്പെടുത്തി. ഇതോടെ 5ന് 97 എന്ന നിലയിലേക്ക് വെസ്റ്റ് ഇന്‍ഡീസ് തകര്‍ന്നു.

എന്നാല്‍ ആന്‍ഡ്രേ റസലും റോഷ്ടന്‍ ചേസും ചേര്‍ന്ന് തല്ലിത്തകര്‍ത്തതോടെ വെസ്റ്റ് ഇന്‍ഡീസ് വിജയത്തിലേക്കെത്തുകയായിരുന്നു. കരുത്തുകാട്ടിയുള്ള വമ്പന്‍ ജയമാണ് വെസ്റ്റ് ഇന്‍ഡീസ് പ്രതീക്ഷിച്ചതെങ്കിലും അതിവേഗത്തില്‍ ജയം നേടിയെടുക്കാന്‍ സാധിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

Story first published: Sunday, June 2, 2024, 18:01 [IST]
Other articles published on Jun 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+