ന്യൂയോര്‍ക്ക്: മിന്നുന്ന ജയത്തോടെ തന്നെ ടി20 ലോകകപ്പിലെ ഏക സന്നാഹ മല്‍സരം ഗംഭീരമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. അപകടകാരികളായ ബംഗ്ലാദേശിനെ നിഷ്പ്രഭരാക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 60 റണ്‍സിന്റെ ജയമാണ് രോഹിത് ശര്‍മയും സംഘവും ആഘോഷിച്ചത്. ബാറ്റിങിലും ബൗളിങിലും ഇന്ത്യയെ സംബന്ധിച്ച് പല പോസിറ്റീവുകളും ഈ മല്‍സരത്തിലുണ്ട്. റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിങ് പ്രകടനം ഇന്ത്യക്കു ഏറെ സന്തോഷിക്കാന്‍ വക നല്‍കുന്നു.
എട്ടു ബൗളര്‍മാരെയാണ് മല്‍സരത്തില്‍ രോഹിത് പരീക്ഷിച്ചത്. ഇവരില്‍ ചിലര്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ റേറ്റിങ് നമുക്കു പരിശോധിക്കാം. ഫാസ്റ്റ് ബൗളര്‍മാരായ അര്‍ഷ്ദീപ് സിങിനും ജസ്പ്രീത് ബുംറയ്ക്കുമാണ് ഏറ്റവുമുയര്‍ന്ന റേറ്റിങ് ലഭിച്ചിരിക്കുന്നത്. 10ല്‍ ഒമ്പതാണ് ഇരുവരുടെയും റേറ്റിങ്.

പവര്‍പ്ലേയില്‍ ഉജ്ജ്വലമായാണ് അര്‍ഷ്ദീപ് ബൗള്‍ ചെയ്തത്. ആദ്യത്തെ രണ്ടോവറില്‍ വെറും മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്ത അദ്ദേഹം അപകടകാരികളായ സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ് എന്നിവരെ പുറത്താക്കുകയും ചെയ്തിരുന്നു. അതിനു ശേഷം 17ാം ഓവറില്‍ ബൗള്‍ ചെയ്യാനെത്തിയ അര്‍ഷ്ദീപ് ഒമ്പതു റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ.
സ്റ്റാര്‍ പേസര്‍ ബുംറയ്ക്കു വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും മികച്ച ബൗളിങാണ് ഒരിക്കല്‍ക്കൂടി കാഴ്ചവച്ചത്. രണ്ടോവറുകള്‍ മാത്രമേ അദ്ദേഹത്തിനു നായകന്‍ രോഹിത് നല്‍കിയുള്ളൂ. ആദ്യ ഓവറില്‍ അഞ്ചു റണ്‍സ് വിട്ടുകൊടുത്ത ബുംറ പിന്നീട് ഡെത്ത് ഓവറുകളില്‍ പന്തെറിയാനെത്തി. ഒരോവറില്‍ ഏഴു റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്.
മുഹമ്മദ് സിറാജാണ് റേറ്റിങില്‍ മൂന്നാമതെത്തിയ ബൗളര്‍. 8.5 റേറ്റിങാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്. പവര്‍പ്ലേയില്‍ രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത അദ്ദേഹം മധ്യ ഓവറില്‍ 11 റണ്‍സും വഴങ്ങി. അതിനു ശേഷം 17ാം ഓവറില്‍ വെറും നാലു റണ്‍സ് മാത്രമാണ് സിറാജ് വിട്ടുകൊടുത്തത്.
വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങില്‍ മിന്നിച്ചെങ്കിലും ബൗങിങില്‍ അത്രത്തോളം മിടുക്ക് കാണിച്ചില്ല. 10ല്‍ ആറ് മാത്രമാണ് ബൗളിങില്‍ അദ്ദേഹത്തിന്റെ റേറ്റിങ്. ആദ്യ ഓവറില്‍ ഒരു റണ്‍സിനു ഒരു വിക്കറ്റെടുത്തെങ്കിലും അടുത്ത രണ്ടോവറുകളിലായി 29 റണ്‍സ് വാരിക്കോരി നല്‍കി. ലോകകപ്പില്‍ അദ്ദേഹത്തില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട ബൗളിങ് പ്രകടനം ഇന്ത്യക്കു കൂടിയേ തീരൂ.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു 8.5 റേറ്റിങാണ് ലഭിച്ചിരിക്കുന്നത്. മൂന്നു വൈഡുകള്‍ വഴങ്ങിയെങ്കിലും രണ്ടോവര്‍ സ്‌പെല്ലില്‍ 10 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹത്തിനായിരുന്നു. മികച്ച ബൗളിങിലൂടെ ബംഗ്ലാ ബാറ്റര്‍മാരെ ശരിക്കും വരിഞ്ഞുകെട്ടാന്‍ അക്ഷറിനു സാധിച്ചു. ഏതു തരത്തിലുള്ള പിച്ചിലും തനിക്കു ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്നു തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രകടനം.
ശിവം ദുബെയുടെ ബൗളിങ് റേറ്റിങ് 10ല്‍ 5.5 മാത്രമാണ്. മൂന്നോവറില്‍ 4.3 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകള്‍ അദ്ദേഹം നേടിയെങ്കിലും അതു ബൗളിങ് മിടുക്ക് കാരണമായിരുന്നില്ല. 20ാം ഓവറില്‍ രണ്ടും കല്‍പ്പിച്ച് ബംഗ്ലാ താരങ്ങള്‍ ആഞ്ഞടിച്ചത് വിക്കറ്റിനു വഴിയൊരുക്കുകയായിരുന്നു. ലോകകപ്പില്‍ ദുബെയെ വിശ്വസിക്കാന്‍ സാധിക്കുമോയെന്നതു കണ്ടുതന്നെ അറിയണം.
കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരുടെ റേറ്റിങ് 10ല്‍ ഏഴാണ്. കുല്‍ദീപിനു ഈ മല്‍സരം അത്ര മികച്ചതായിരുന്നില്ല. രണ്ടോവറില്‍ 15 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്താനുമായില്ല. ജഡേജയ്ക്കും കളിയില്‍ വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ടോവറില്‍ 11 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്.