മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ അവസാന പടയൊരുക്കം ഇന്ന് നടക്കാന്‍ പോവുകയാണ്. സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെയാണ് നേരിടുന്നത്. അഞ്ചാം തീയ്യതി അയര്‍ലന്‍ഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരം 9ാം തീയ്യതിയാണ്. ഇത്തവണ നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ടി20 ലോകകപ്പ് കിരീടത്തിനായി പോരടിക്കുന്നത്.
ഇന്ത്യയുടെ പ്ലേയിങ് 11 ഏറെക്കുറെ വ്യക്തമാണെങ്കിലും ഇപ്പോഴും ചില അവ്യക്തതകള്‍ തുടരുന്നുണ്ട്. വിരാട് കോലിയുടെ ബാറ്റിങ് പൊസിഷനും പേസ് നിരയില്‍ ജസ്പ്രീത് ബുംറയുടെ സ്ഥാനവും ശിവം ദുബെയുടെ പ്ലേയിങ് 11ലെ സാധ്യതകളുമെല്ലാം ആരാധകരെ സംബന്ധിച്ച് വലിയ ചര്‍ച്ചാ വിഷയമാണ്. ഇതിനോടകം പല പ്രമുഖരും ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ച് കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ് ഇന്ത്യയുടെ ടി20 ലോകകപ്പ് 11 തിരഞ്ഞെടുത്തിരിക്കുകയാണ്.
ഹര്‍ഭജന്റെ അഭിപ്രായപ്രകാരം ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും തന്നെ തുടരണം. ഇടത്, വലത് കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ നിര്‍ണ്ണായകമാണെന്നാണ് ഹര്‍ഭജന്റെ വിലയിരുത്തല്‍. ടി20യില്‍ ഭയമില്ലാതെ കടന്നാക്രമിക്കുന്ന താരത്തെയാണ് ഓപ്പണിങ്ങില്‍ വേണ്ടത്. അങ്ങനെ വരുമ്പോള്‍ ജയ്‌സ്വാള്‍ തന്നെയാണ് ആ സ്ഥാനത്ത് ബെസ്റ്റ്. വിരാട് കോലി മൂന്നാം നമ്പറിലാണ് കളിക്കേണ്ടതെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. കോലിയുടെ വിക്കറ്റ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.
ഓപ്പണിങ്ങിലിറങ്ങി പെട്ടെന്ന് മടങ്ങിയാല്‍ ടീമിനെയത് വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാണ് ഹര്‍ഭജന്‍ പരിഗണിച്ചത്. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനെ തഴഞ്ഞ് സഞ്ജു സാംസണെയാണ് ഹര്‍ഭജന്‍ തിരഞ്ഞെടുത്തത്. അതിന്റെ കാരണം സഞ്ജുവിന്റെ നിലവിലെ ഫോമാണ്. ഐപിഎല്ലില്‍ 500ലധികം റണ്‍സുമായി മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിനായി. ആറാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ വരണം.

ഐപിഎല്ലില്‍ ഫ്‌ളോപ്പായിരുന്നെങ്കിലും ടി20 ലോകകപ്പിലേക്കെത്തുമ്പോള്‍ ഹാര്‍ദിക് ഫോം വീണ്ടെടുക്കുമെന്നാണ് എല്ലാവരുടേയും പ്രതീക്ഷ. ഏഴാം നമ്പറിലേക്ക് വരുമ്പോള്‍ രവീന്ദ്ര ജഡേജയെയാണ് ഹര്‍ഭജന്‍ പരിഗണിച്ചത്. സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജക്ക് നിര്‍ണ്ണായക റോളാണുള്ളത്. എട്ടാം നമ്പറില്‍ കുല്‍ദീപ് യാദവിനെ ഹര്‍ഭജന്‍ തഴഞ്ഞു. യുസ് വേന്ദ്ര ചഹാല്‍ വരണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് ഹര്‍ഭജന്റെ അഭിപ്രായം.
ഹാര്‍ദിക്കുണ്ടെങ്കിലും മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ കളിക്കണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും മുഹമ്മദ് സിറാജുമാണ് പേസ് നിരയിലുള്ളത്. ഇവരെല്ലാം ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്. ഇന്ത്യ ഹാര്‍ദിക്കിനെ മൂന്നാം പേസറാക്കി മൂന്ന് സ്പിന്നര്‍മാരെ പരിഗണിക്കാനാണ് സാധ്യത. അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും സാഹചര്യം സ്പിന്നിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയേക്കും.
അങ്ങനെ വരുമ്പോള്‍ ഇന്ത്യ രവീന്ദ്ര ജഡേജക്കും കുല്‍ദീപ് യാദവിനുമൊപ്പം അക്ഷര്‍ പട്ടേലിനെ കളിപ്പിക്കാനാണ് സാധ്യത. അക്ഷര്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും കഴിവുള്ള താരമായതിനാലും ഇടം കൈയനാണെന്നതിനാലും അദ്ദേഹത്തിന് മുന്‍തൂക്കമുണ്ട്. ഐപിഎല്ലിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ അക്ഷര്‍ പട്ടേലിന് സാധിച്ചിരുന്നു.