മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് വരാന്‍ പോവുകയാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. ഇന്ത്യക്കൊപ്പം ശക്തമായ താരനിരയാണ് ഇത്തവണയുള്ളത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പ്രധാനപ്പെട്ട താരങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരില്‍ പലരുടേയും ഐപിഎല്ലിലെ പ്രകടനം പ്രതീക്ഷക്കൊത്തല്ല.
നായകന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. രോഹിത് ഒരു സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ ദുരന്തമാണ്. ഹാര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ടറെന്ന നിലയില്‍ നിറം മങ്ങി. അവസാന മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പായ രോഹിത് ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഓപ്പണറാവണമോയെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. രോഹിത്തിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റണമെന്ന ആവശ്യം പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്.
ഇപ്പോഴിതാ രോഹിത് ഓപ്പണിങ്ങില്‍ നിന്ന് മാറണമെന്ന നിര്‍ദേശം മുന്നോട്ട് വെക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. രോഹിത് നാലാം നമ്പറില്‍ കളിച്ച് വിരാട് കോലിയെ ഇന്ത്യ ഓപ്പണ്‍ ചെയ്യിക്കണമെന്നാണ് ഹെയ്ഡന്‍ നിര്‍ദേശിക്കുന്നത്. 'ഇന്ത്യയുടെ ബാറ്റിങ് ഓഡറില്‍ മാറ്റം വേണമെങ്കില്‍ വിരാട് കോലിയെ ഓപ്പണറാക്കണം. ഇടത്-വലത് കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ പ്രധാനപ്പെട്ടതായതിനാല്‍ യശ്വസി ജയ്‌സ്വാളും വിരാട് കോലിയും ഓപ്പണര്‍മാരാവണം.
മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കുമ്പോള്‍ രോഹിത് ശര്‍മ നാലാം നമ്പറില്‍ കളിക്കട്ടെ. ഇതാണ് ടോപ് 4ലെ ഏറ്റവും മികച്ച കൂട്ടുകെട്ടെന്നാണ് കരുതുന്നത്. ഇത്തരമൊരു മാറ്റത്തിന് നിര്‍ദേശിക്കാന്‍ കാരണം ആദ്യ ആറ് ഓവറില്‍ മത്സരത്തെ എങ്ങനെ കൊണ്ടുപോകണമെന്ന് വിരാടിന് നന്നായി അറിയാം. പിച്ചിനോട് പൊരുത്തപ്പെട്ട് വലിയ ഷോട്ടുകളിലേക്ക് കടക്കുന്ന സമയത്ത് രോഹിത് ശര്‍മ ഇറങ്ങുന്നതാണ് നല്ലത്. നാലാം നമ്പറാണ് രോഹിത്തിന് ഓപ്പണിങ്ങിലേക്കാള്‍ ചേരുന്നത്' ഹെയ്ഡന്‍ പറഞ്ഞു.

എന്നാല്‍ രോഹിത് ഓപ്പണിങ്ങില്‍ നിന്ന് മാറാന്‍ സാധ്യതയില്ല. ഇന്ത്യയുടെ അവസാന ടി20 മത്സരം അഫ്ഗാനിസ്ഥാനെതിരേയായിരുന്നു. ഈ പരമ്പരയില്‍ സെഞ്ച്വറിയടക്കം നേടി രോഹിത് കസറിയിരുന്നു. ഐപിഎല്ലിലെ രോഹിത്തിന്റെ പ്രകടനത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ രോഹിത്തിന്റെ ബാറ്റിങ്. അതുകൊണ്ടുതന്നെ രോഹിത്തിന്റെ നിലവിലെ ഫോം വിലയിരുത്തി തീരുമാനമെടുക്കുക പ്രയാസമാണ്.
രോഹിത് ഓപ്പണറായി കളിക്കാനാണ് സാധ്യത. ജയ്‌സ്വാള്‍-രോഹിത് കൂട്ടുകെട്ട് ഇതിനോടകം ഇന്ത്യക്കായി കളിക്കുകയും മികവ് കാട്ടുകയും ചെയ്തതാണ്. അതുകൊണ്ടുതന്നെ ഇതേ കൂട്ടുകെട്ട് തുടര്‍ന്നേക്കും. വിരാട് കോലിയെ ഓപ്പണറാക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായേക്കില്ല. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്തുക കോലിക്ക് പ്രയാസമാണ്. ആദ്യത്തെ ആറ് ഓവര്‍ മത്സരത്തില്‍ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ രോഹിത്തും ജയ്‌സ്വാളും കളിക്കുന്നതാണ് നല്ലത്.
അതേ സമയം മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും കോലിയെ ഓപ്പണറാക്കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഇന്ത്യ ഇത്തരമൊരു മാറ്റം നടത്താന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. കോലി മൂന്നാം നമ്പറിലിറങ്ങി ആംഗര്‍ റോളില്‍ ടീം സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകുന്നതാണ് ടീമിന് ഗുണം ചെയ്യുക. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കണം. ഫീല്‍ഡിങ് നിയന്ത്രണമില്ലാത്ത മധ്യ ഓവറുകളില്‍ എല്ലാ വശത്തേക്കും ഷോട്ട് കളിക്കുന്ന സൂര്യയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.
അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണോ റിഷഭ് പന്തോ കളിക്കുമ്പോള്‍ ആറാം നമ്പറില്‍ ശിവം ദുബെക്കാവും അവസരം. ഏഴാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ ഫിനിഷറാവുമ്പോള്‍ എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജ കളിക്കും. എന്തായാലും ടീം കോമ്പിനേഷന്‍ പിച്ചിന്റെ സ്വഭാവം മനസിലാക്കിയ ശേഷമാവുമെന്ന് രോഹിത്തും ദ്രാവിഡും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവുമെന്നത് കണ്ടറിയാം.