ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിള്ള നാലാം ടി20യില്‍ ഇരുടീമുകളെയും വേറിട്ടു നിര്‍ത്തിയത് ഒരു കിടിലന്‍ കൂട്ടുകെട്ടായിരുന്നു. റിങ്കു സിങും ജിതേഷ് ശര്‍മയും ചേര്‍ന്നുള്ള ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും 56 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. 32 ബോളുകളില്‍ നിന്നായിരുന്നു ഇത്. ഇന്ത്യന്‍ ടീം സമ്മര്‍ദ്ദത്തില്‍ നില്‍ക്കവെ, റണ്‍സെടുക്കാന്‍ വിഷമിക്കവെയായിരുന്നു റിങ്കു- ജിതേഷ് ജോടി വെട്ടിക്കെട്ട് ബാറ്റിങിലൂടെ ഓസ്‌ട്രേലിയയെ ബാക്ക്ഫൂട്ടിലാക്കിയത്.
ഇന്ത്യയെ സംബന്ധിച്ച് പരമ്പര നേട്ടത്തേക്കാളും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് പ്രധാനം. തങ്ങള്‍ക്കു ടീമിനായി എന്തു ചെയ്യാന്‍ സാധിക്കുമെന്നു റിങ്കുവും ജിതേഷും കാണിച്ചു തന്നിരിക്കുകയാണ്. ഈ കോമ്പിനേഷനെ ഇന്ത്യ പരമാവധി അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കാനാണ് ഇനി ശ്രമിക്കേണ്ടത്.

അടുത്ത ടി20 ലോകകപ്പില്‍ റിങ്കുവും ജിതേഷും ഫിനിഷിങില്‍ അണിനിരന്നാല്‍ അതു ഇന്ത്യയുടെ പ്രഹരശേഷി വര്‍ധിപ്പിക്കുമെന്നുറപ്പാണ്. ഇരുവരെയും ഫിനിഷര്‍മാരായി ഇന്ത്യ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം കഴിവ് തെളിയിച്ചു കഴിഞ്ഞ താരങ്ങളാണ് റിങ്കുവും ജിതേഷുമെന്നതാണ് ആദ്യത്തെ കാരണം. കരിയറില്‍ 105 ടി20കളില്‍ റിങ്കു ഇതിനകം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 147.22 സ്‌ട്രൈക്ക് റേറ്റില്‍ 2198 റണ്‍സെടുക്കുകയും ചെയ്തിട്ടുണ്ട്. ജിതേഷാവട്ടെ 101 ടി20 മല്‍സരങ്ങളാണ് ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 150നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ 2253 റണ്‍സാണ് സമ്പാദ്യം.
ഐപിഎല്ലില്‍ തങ്ങളുടെ ഫ്രാഞ്ചൈസികളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കു വേണ്ടി ഫിനിഷറുടെ റോളില്‍ കസറുന്ന താരങ്ങള്‍ കൂടിയാണ് റിങ്കുവും ജിതേഷും. ഈ റോളിനെക്കുറിച്ച് കൃത്യമായ ധാരണയും അതോടൊപ്പം അനുഭവസമ്പത്തും രണ്ടു പേര്‍ക്കുമുണ്ട്. അതുകെണ്ടു തന്നെ ഇനി വരാനിരിക്കുന്ന ടി20കളില്‍ റിങ്കുവിനും ജിതേഷിനും കസറാന്‍ ഇന്ത്യ പരമാവധി അവസരങ്ങള്‍ നല്‍കേണ്ടതു പ്രധാനമാണ്.
നിര്‍ഭയമായ സമീപനമാണ് റിങ്കുവിനെയും ജിതേഷിനെയും സ്‌പെഷ്യലാക്കുന്ന രണ്ടാമത്തെ കാരണം. സാഹചര്യം എന്തു തന്നെയായാലും റിസ്‌ക്കുള്ള ഷോട്ടുകള്‍ കളിക്കാന്‍ ഭയക്കുന്നവരല്ല ഇരുവരും. ഇന്ത്യക്കു വേണ്ടി ഒമ്പതു ടി20കളിലാണ് റിങ്കു കളിച്ചിട്ടുള്ളത്. 197.72 സ്‌ട്രൈക്ക് റേറ്റില്‍ 174 റണ്‍സ് നേടിയ അദ്ദേഹം ദീര്‍ഘകാലമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്ന ഒരാളുടെ പക്വതയാണ് ഇതിനകം പ്രകടിപ്പിച്ചിരിക്കുന്നത്. ഏതു പ്രതിസന്ധി ഘട്ടത്തിലും യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് റിങ്കു ബാറ്റ് ചെയ്യുന്നതെന്നു കാണാം.

റിങ്കുവിന്റെ അതേ ശൈലി തന്നെ പിന്തുടരുന്നയാളാണ് ജിതേഷും. ബാറ്റിങില്‍ തനിക്കു തിളങ്ങാനായില്ലെങ്കില്‍ ഇനി അവസരം ലഭിക്കുമോയെന്ന ആശങ്കയൊന്നുമില്ലാതെ വളരെ അഗ്രസീവായാണ് കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹം കളിച്ചത്. മൂന്നു വമ്പന്‍ സിക്‌സറുകളടക്കമായിരുന്നു ജിതേഷ് അതിവേഗം 35 റണ്‍സ് അടിച്ചെടുത്തത്. റിങ്കുവും ജിതേഷുമുണ്ടെങ്കില്‍ ടി20യില്‍ പല അദ്ഭുതങ്ങളും സൃഷ്ടിക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്നുറപ്പാണ്.
പരസ്പരം നന്നായി പ്രോല്‍സാഹിപ്പിക്കുകയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നവരാണ് റിങ്കുവും ജിതേഷുമെന്നതാണ് മൂന്നാമത്തെ കാരണം. കഴിഞ്ഞ മല്‍സരത്തില്‍ ഈ കൂട്ടുകെട്ടിന്റെ വിജയ രഹസ്യവും ഇതു തന്നെയായിരുന്നു. ടി20 ലോകകപ്പില്‍ തനിക്കു പിന്നാലെ ജിതേഷ് ഇറങ്ങാനുണ്ടെന്നു അറിഞ്ഞാല്‍ അതു റിങ്കുവിനെ കൂടുതല്‍ ആത്മവിശ്വാസത്തോടെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനും സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.