അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യന് ലെഗ് സ്പിന്നറുടെ റോളിലേക്കുള്ള ത്രികോണ പോരാട്ടത്തില്‍ യുവ താരം രവി ബിഷ്‌നോയ്ക്കു ലീഡ്. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ടി20 പരമ്പരയിലെ ഉജ്ജ്വല പ്രകടനമാണ് അദ്ദേഹത്തെ ഫേവറിറ്റുകളില്‍ മുന്നിലെത്തിച്ചത്. കുല്‍- ചാ ജോടിയെന്നറിയപ്പെടുന്ന കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലുമായിരുന്നു ലോകകപ്പ് റേസില്‍ ബിഷ്‌നോയിക്കൊപ്പമുണ്ടായിരുന്നവര്‍. എന്നാല്‍ ഈ രണ്ടു പേരെയും ബിഷ്‌നോയ് ഇപ്പോള്‍ പിന്നിലാക്കിയിരിക്കുകയാണ്.
ഓസ്‌ട്രേലിയയെ തകര്‍ത്ത് അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 4-1നു സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത് ബിഷ്‌നോയ് ആയിരുന്നു. അഞ്ചു ഇന്നിങ്‌സുസളില്‍ നിന്നും 8.2 ഇക്കോണമി റേറ്റില്‍ താരം പിഴുതത് ഒമ്പതു വിക്കറ്റുകളായിരുന്നു. 20 ഓവറുകള്‍ ബൗള്‍ ചെയ്ത ബിഷ്‌നോയ് വഴങ്ങിയത് 164 റണ്‍സാണ്. പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അദ്ദേഹം തന്നെയാണ്.

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഒരു ലെഗ് സ്പിന്നറുടെ ഒഴിവ് മാത്രമേ ഇന്ത്യന്‍ ടീമിലുണ്ടാവാന്‍ സാധ്യതയുള്ളൂ. കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജ മറ്റൊരു ലെഗ് സ്പിന്നറായി സ്ഥാനമുറപ്പാക്കിക്കഴിഞ്ഞു. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുടെ സ്ഥാത്തിനായി പോരടിക്കുന്ന രണ്ടു പേര്‍ തിലക് വര്‍മയും വാഷിങ്ടണ്‍ സുന്ദറുമാണ്.
റാഷിദ് ഖാനെപ്പോലെ ബൗളിങില്‍ ഒരുപാട് വേരിയേഷനുകളോ, കുല്‍ദീപിനെയോ, ചഹലിനെയോ പോലെ ബോള്‍ ടോണ്‍ ചെയ്യിക്കാനോ കഴിയാത്ത ബൗളറാണ് ബിഷ്‌നോയ്. പക്ഷെ താരത്തിന്റെ അതിവേഗ ഗൂഗ്ലികള്‍ പരമ്പരയിലുടനീളം ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഒരു സ്പിന്നറേക്കാള്‍ പേസറെപ്പോലെ ബിഷ്‌നോയുടെ ഗൂഗ്ലികള്‍ പ്രതലത്തില്‍ സ്ലൈഡ് ചെയ്ത് ബാറ്റര്‍മാര്‍ക്കു ഷോട്ടുകള്‍ കളിക്കുക കടുപ്പമാക്കി തീര്‍ത്തിരുന്നു. കുല്‍ദീപ്, ചഹല്‍ എന്നിവരേക്കാള്‍ കുറഞ്ഞത് 10-20 കിമിയെങ്കിലും കൂടുതല്‍ വേഗതയിലാണ് അദ്ദേഹം ബൗള്‍ ചെയ്തത്.
ഓസീസിനെതിരായ പരമ്പരയിലെ അഞ്ചു മല്‍സരങ്ങളിലും ബിഷ്‌നോയ് വിക്കറ്റെടുത്തിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ആദ്യ മല്‍സരത്തത്തില്‍ താരം നിരാശപ്പെടുത്തിയിരുന്നു. 54 റണ്‍സ് വിട്ടുകൊടുത്ത ബിഷ്‌നോയ്ക്കു വീഴ്ത്താനായത് വെറും ഒരു വിക്കറ്റായിരുന്നു.
എന്നാല്‍ തുടന്നുള്ള മല്‍സരങ്ങളില്‍ താരം ശക്തമായ തിരിച്ചുവരവ് നടത്തി. രണ്ടാം ടി20യില്‍ 32 റണ്‍സിനു മൂന്നും മൂന്നാം ടി20യില്‍ 32 റണ്‍സിനു രണ്ടും നാലാം ടി20യില്‍ 17 റണ്‍സിനു ഒരു വിക്കറ്റും അവസാന കളിയില്‍ 29 റണ്‍സിനു രണ്ടും വിക്കറ്റുകളാണ് യുവ സ്പിന്നര്‍ നേടിയത്.

കഴിഞ്ഞ ദിവസം നടന്ന അവസാന ടി20യില്‍ തകര്‍പ്പനൊരു ഗൂഗ്ലിയിലൂടെയാണ് ഓസ്‌ട്രേലിയയുടെ അപകടകാരിയായ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ ബിഷ്‌നോയ് ക്ലീന്‍ ബൗള്‍ഡാക്കിയത്. താരത്തിന്റെ അതിവേഗ ഗൂഗ്ലിക്കെതിരേ പ്രതികരിക്കാന്‍ പോലും ഹെഡിനു അവസരം ലഭിച്ചില്ല.
അതിനു മുമ്പ് തന്നെ ബോള്‍ സ്റ്റംപുകളില്‍ പതിക്കുകയായിരുന്നു. ബിഷ്‌നോയിയുടെ അടുത്ത ഇര സീം ബൗളിങ് ഓള്‍റൗണ്ടര്‍ ആരോണ്‍ ഹാര്‍ഡിയായിരുന്നു. 95.6 കിമി വേഗതയില്‍ വന്ന താരത്തിന്റെ ഗൂഗ്ലിക്കെതിരേ ഹാര്‍ഡി ഷോട്ടിനു മുതിരുകയായിരുന്നു. പക്ഷെ അതു നേരെ ശ്രേയസ് അയ്യരുടെ കൈകളിലാണ് അവസാനിച്ചത്.
കഴിഞ്ഞ 24 മാസത്തെ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍മാരുടെ ടി20 പ്രകടനമെടുത്താല്‍ തലപ്പത്തുള്ളത് ബിഷ്‌നോയ് ആണ്. 21 മല്‍സരങ്ങളില്‍ നിന്നും 7.11 ഇക്കോണമി റേറ്റില്‍ 34 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 30 മല്‍സരങ്ങളില്‍ നിന്നും 8.01 ഇക്കോണമി റേറ്റില്‍ 32 വിക്കറ്റുകളെടുത്ത ചഹലാണ് രണ്ടാംസ്ഥാനത്ത്. കുല്‍ദീപ് ഒമ്പതു മല്‍സരങ്ങളില്‍ മാത്രമേ ഈ കാലയളവില്‍ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 5.3 ഇക്കോണമി റേറ്റില്‍ നേടിയത് 11 വിക്കറ്റുകളുമാണ്.