ഐസിസിയുടെ ടി20 ലോകകപ്പിനുള്ള മല്‍സരക്രമം ഐസിസി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതു മുതല്‍ ക്രിക്കറ്റ് പ്രേമികള്‍ വലിയ ആവേശത്തിലാണ്. ജൂണിലാണ് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി ടി20യിലെ ഏറ്റവും വലിയ പൂരം നടക്കുന്നത്. കിരീടം നിലനിര്‍ത്താനുറച്ച് ഇംഗ്ലണ്ട് എത്തുമ്പോള്‍ ഇന്ത്യയടക്കം കിരീട ഫേവറിറ്റുകളുടെ നിരയിലുള്ള ടീമുകളും വാനാളം പ്രതീക്ഷയിലാണ്.
2013നു ശേഷം ഐസിസിയുടെ ഒരു ട്രോഫിക്കായുള്ള നീണ്ട കാത്തിരിപ്പ് ഇത്തവണയെങ്കിലും ഇന്ത്യക്കു അവസാനിപ്പിക്കേണ്ടതുണ്ട്. ടി20 ലോകകപ്പ് അതിനുള്ള വേദിയായി മാറുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകര്‍. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയുടെ നാലു മല്‍സരങ്ങളും അമേരിക്കയിലാണ്. ജൂണ്‍ അഞ്ചിനു അയര്‍ലാന്‍ഡുമായിട്ടാണ് ഇന്ത്യയുടെ ആദ്യ അങ്കം. ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് അത്ര പരിചിതമായ വേദിയല്ല അമേരിക്ക. അതുകൊണ്ടു തന്നെ ഇവിടുത്ത പിച്ചുകള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ഭീഷണിയാവുമോയെന്നു കണ്ടുതന്നെ അറിയണം.

സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മയായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ടൂര്‍ണമെന്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്ററെന്ന നിലയിലും ഹിറ്റ്മാനെ ഇന്ത്യക്കു ആവശ്യമാണ്. ഇതിനൊരു പ്രധാനപ്പെട്ട കാരണം കൂടിയുണ്ട്. അമേരിക്കയില്‍ ടി20യില്‍ ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ള ഇന്ത്യന്‍ താരങ്ങളെയെടുത്താല്‍ അവിടെ രോഹിത്തിനെയാണ് തലപ്പത്തു കാണാന്‍ സാധിക്കുക.
അമേരിക്കയില്‍ രോഹിത്തിന്റെ ടി20യിലെ സമ്പാദ്യം 185 റണ്‍സാണ്. ഇന്ത്യയുടെ മറ്റാരും തന്നെ ഇവിടെ ടി20യില്‍ 150നു മുകളില്‍ റണ്‍സ് നേടിയിട്ടില്ല. അഞ്ചു ടി20കളില്‍ നിന്നും 49 ശരാശരിയില്‍ രണ്ടു ഫിഫ്റ്റികളടക്കമാണിത്.
നിലവില്‍ ടി20 ടീമിന്റെ ഭാഗമല്ലാത്ത സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ് രോഹിത് കഴിഞ്ഞാല്‍ കൂടുതല്‍ റണ്ണെടുത്ത രണ്ടാമത്തെ താരം. 110 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. യശസ്വി ജയ്‌സ്വാള്‍ (89), ശുഭ്മന്‍ ഗില്‍ (86), സൂര്യകുമാര്‍ യാദവ് (85) എന്നിവരാണ് അമേരിക്കയില്‍ കൂടുതല്‍ റണ്‍സെടുത്ത മറ്റു ഇന്ത്യന്‍ താരങ്ങള്‍.
ഇന്ത്യന്‍ റണ്‍മെഷീനും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി അമേരിക്കയിലെ ടി20 റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ പോലുമില്ലെന്നതു എടുത്തു പറയേണ്ടതാണ്. അദ്ദേഹത്തിനു ഇവിടെ കളിക്കാനായത് മൂന്നു ടി20 മല്‍സരങ്ങളിലാണ്. ഇവയില്‍ നിന്നും 21 ശരാശരിയില്‍ 63 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. ഒരു ഫിഫ്റ്റി പോലും കോലിക്കു ഇവിടെ എടുത്തു കാണിക്കാനുമില്ല.

അമേരിക്കയില്‍ മാത്രമല്ല ടി20 ലോകകപ്പിന്റെ മറ്റൊരു വേദിയായ വെസ്റ്റ് ഇന്‍ഡീസിലും രോഹിത്തിന്റെ ബാറ്റിങ് റെക്കോര്‍ഡ് മികച്ചതാണ്. ആറു ഇന്നിങ്‌സുകളിലാണ് അദ്ദേഹം കരീബിയന്‍ മണ്ണില്‍ ടി20യില്‍ കളിച്ചത്. 46.2 ശരാശരിയില്‍ രണ്ടു ഫിഫ്റ്റികളടക്കം 196 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. കോലിയുടെ വെസ്റ്റ് ഇന്‍ഡീസിലെ പ്രകടനമെടുത്താല്‍ അദ്ദേഹം വെറും മൂന്നു ഇന്നിങ്‌സുകളില്‍ മാത്രമേ ഇവിടെ ബാറ്റ് ചെയ്തിട്ടുള്ളൂ. 37.3 ശരാശരിയില്‍ 112 റണ്‍സ് നേടുകയും ചെയ്തു.
അതേസമയം, രോഹിത്തും കോലിയും ടി20 ലോകകപ്പില്‍ കളിക്കുമെന്ന കാര്യം ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ ആഗ്രഹമുണ്ടെന്നു ഇരുവരും ബിസിസിഐയെ അറിയിച്ചു കഴിഞ്ഞതായാണ് വിവരം.
ബിസിസഐയുടെ ഭാഗത്തു നിന്നും അനുകൂലമായ തീരുമാനം തന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കോലിയും രോഹിത്തും തകര്‍പ്പന്‍ ഫോമിലായിരുന്നു. കോലി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായപ്പോള്‍ രോഹിത്തായിരുന്നു രണ്ടാമതെത്തിയത്.