മുംബൈ: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതിന് ശേഷം വലിയ വിമര്‍ശനമാണ് സെലക്ടര്‍മാര്‍ക്കെതിരേ ഉയരുന്നത്. പല താരങ്ങളുടേയും ഫോം വിലയിരുത്താതെ ഫേവറേറ്റിസം കാട്ടിയെന്ന ആക്ഷേപം ശക്തമായുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെയാണ് നിയമിച്ചത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി റിഷഭ് പന്തും സഞ്ജു സാംസണുമായിരുന്നു ടീമിലിടം പിടിച്ചത്.
ഇതില്‍ ആരാണ് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്നത് വ്യക്തമാക്കിയിട്ടില്ലായിരുന്നു. ഇപ്പോഴിതാ വാര്‍ത്താ സമ്മേളനത്തിലൂടെ ഒന്നാം നമ്പര്‍ കീപ്പര്‍ ആരാണെന്ന് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. റിഷഭ് പന്താണ് ഒന്നാം നമ്പര്‍ കീപ്പറെന്നും അഞ്ചാം നമ്പറില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത് ബാറ്റു ചെയ്യുമെന്നുമാണ് അഗാര്‍ക്കര്‍ പറഞ്ഞത്. ഇതോടെ സഞ്ജു സാംസണിന് പകരക്കാരന്റെ റോളായിരിക്കും ലഭിക്കുക.
ലോകകപ്പിലെ എല്ലാ മത്സരങ്ങളും പ്രധാനപ്പെട്ടതായതിനാല്‍ റിഷഭ് പന്തിന് വിശ്രമം നല്‍കാത്ത പക്ഷം സഞ്ജു കളിക്കില്ലെന്ന് അഗാര്‍ക്കറുടെ വാക്കില്‍ നിന്ന് വ്യക്തം. സഞ്ജു ആരാധകരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണ് അഗാര്‍ക്കര്‍ പറഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ അനുഭവസമ്പന്നനായ താരമെന്ന നിലയില്‍ റിഷഭ് പന്തിന് മുന്‍തൂക്കം ലഭിക്കും. അതുകൊണ്ടുതന്നെ അവസരം ലഭിക്കാന്‍ സഞ്ജു സാംസണ്‍ കാത്തിരിക്കേണ്ടി വരും.
റിങ്കു സിങ്ങിനെ മറികടന്ന് ശിവം ദുബെയെ പരിഗണിച്ചതിന്റെ കാരണം രോഹിത് ശര്‍മ പറഞ്ഞു.കൂടുതല്‍ ബൗളിങ് ഓപ്ഷന്‍ നല്‍കുന്നതിനായാണ് ദുബെയെ പ്രധാന ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും ദുബെക്ക് പന്തെറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും രോഹിത് പറഞ്ഞു. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി ഒന്നോ രണ്ടോ ഓവറുകള്‍ ദുബെ ചെയ്യുന്നുണ്ട്.

സ്പിന്നറായി ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരിലൊരാളെ പരിഗണിക്കേണ്ട സാഹചര്യത്തില്‍ ബാറ്റിങ് മികവ് പരിഗണിച്ച് അക്ഷറിന് മുന്‍തൂക്കം നല്‍കുകയായിരുന്നുവെന്നുമാണ് അഗാര്‍ക്കര്‍ പറഞ്ഞത്. നാല് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള കാരണവും രോഹിത് വ്യക്തമാക്കി. 'മറ്റ് നായകന്മാര്‍ ഇത് കേള്‍ക്കുമെന്നതിനാല്‍ കൂടുതല്‍ പറയാനാവില്ല. നാല് സ്പിന്നര്‍മാരെ എനിക്ക് ടീമില്‍ വേണം. മൂന്ന് പേസര്‍മാരും ടീമില്‍ ആവശ്യമാണ്.
ഹാര്‍ദിക് ഉള്‍പ്പെടെ ഇത് നാലാകും. ടീം കോമ്പിനേഷനെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ല' രോഹിത് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. റിങ്കുവിനെ റിസര്‍വ് താരമായി മാറ്റിയതാണ് പ്രയാസപ്പെടുത്തുന്ന തീരുമാനമെന്നും അവന്റെ പിഴവുകൊണ്ടല്ലെന്നും തീരുമാനം ടീമിന്റെ കോമ്പിനേഷന്‍ അനുസരിച്ചാണെന്നുമാണ് അഗാര്‍ക്കര്‍ പറഞ്ഞത്. ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയല്ല ടീം തിരഞ്ഞെടുപ്പ് നടത്തിയത്. നേരത്തെ തന്നെ ടീമിനെക്കുറിച്ച് ധാരണയിലെത്തിയെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
കെ എല്‍ രാഹുലിനെ തഴഞ്ഞതിന്റെ കാരണം മധ്യ നിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള വിക്കറ്റ് കീപ്പറെ ടീമിന് ആവശ്യമായതിനാലാണെന്നാണ് അഗാര്‍ക്കര്‍ വ്യക്തമാക്കിയത്. എന്തായാലും പല പ്രമുഖര്‍ക്കും ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കിയതില്‍ അമര്‍ഷമുണ്ട്. ഹാര്‍ദിക് ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയിട്ടും ടീമിലേക്ക് പരിഗണിച്ചതിനെക്കുറിച്ച് രോഹിത്തും അഗാര്‍ക്കറും പ്രതികരിച്ചില്ല. പേസ് നിരയില്‍ മുഹമ്മദ് സിറാജ് ഉള്‍പ്പെട്ടിട്ടുണ്ട്.
ടി20യില്‍ തല്ലുകൊള്ളി ബൗളറാണ് സിറാജ്. എന്നിട്ടും ടീമില്‍ ഇടം നേടിയെന്നതാണ് അവിശ്വസനീയമായ കാര്യം. എന്നാല്‍ ഇതിനെക്കുറിച്ച് ക്യാപ്റ്റനും മുഖ്യ സെലക്ടറും പ്രതികരിച്ചില്ല. നിലവിലെ ടീമില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നാണ് രോഹിത്തും അഗാര്‍ക്കറും പറയുന്നത്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കുന്ന ലോകകപ്പിന് സ്ലോ പിച്ചായിരിക്കും ഉണ്ടാവുക. അതുകൊണ്ടുതന്നെ ടീം കോമ്പിനേഷന്‍ പിച്ചിന്റെ സാഹചര്യം മനസിലാക്കിയ ശേഷമാവുമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
#