മുംബൈ: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ പോവുകയാണ്. ജൂണ്‍ 1 മുതല്‍ 29വരെ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന ലോകകപ്പാണ് വരാനിരിക്കുന്നത്. തട്ടകത്തില്‍ ഏകദിന ലോകകപ്പ് കിരീടവും കൈവിട്ട ഇന്ത്യക്ക് ടി20 ലോകകപ്പ് എന്ത് വിലകൊടുത്തും നേടേണ്ടതായുണ്ട്. 2013ന് ശേഷം ഇന്ത്യയുടെ അലമാരയില്‍ ഐസിസി കിരീടമില്ല.
ഈ കാത്തിരിപ്പ് അവസാനിപ്പിക്കേണ്ട സമയമായിരിക്കുകയാണെന്ന് പറയാം. ഇന്ത്യക്ക് ശക്തമായ താരനിരയുണ്ട്. രോഹിത് ശര്‍മക്ക് കീഴിലാവും ഇന്ത്യ ടി20 ലോകകപ്പിനിറങ്ങുകയെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ നിരവധി യുവതാരങ്ങള്‍ അവസരം തേടുന്നു. അതുകൊണ്ടുതന്നെ ടീം തിരഞ്ഞെടുപ്പ് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ വലിയ ചോദ്യമാവുന്നു. സെലക്ടര്‍മാരെ ഏറ്റവും കുഴപ്പിക്കുന്ന ചോദ്യം വിക്കറ്റ് കീപ്പറായി ആര് വേണമെന്നതാണ്.
അഞ്ച് പേരാണ് അവസരം തേടുന്നത്. സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരാണവര്‍. ഇതില്‍ നിന്ന് രണ്ട് പേരെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ആര് വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.
'ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ആരാവുമെന്നത് ഉത്തരം പറയാന്‍ പ്രയാസമുള്ള കാര്യമാണ്. അഫ്ഗാന്‍ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ ജിതേഷ് ശര്‍മയാണ് കളിച്ചത്. അതിന് ശേഷം സഞ്ജു സാംസണ്‍ കളിച്ചു. സഞ്ജു ഫ്‌ളോപ്പായെങ്കിലും ആദ്യ ടി20യില്‍ ജിതേഷ് നന്നായി ബാറ്റുചെയ്തു. എന്നാല്‍ രണ്ടാം ടി20യില്‍ അക്കൗണ്ട് തുറക്കാനായില്ല. ആരാവണമെന്ന ചോദ്യത്തിന് എന്റെ കൈയില്‍ ഉത്തരമില്ല. സഞ്ജു അവസരം തുലച്ചതിനാല്‍ പരിഗണിക്കപ്പെട്ടേക്കില്ല.

ജിതേഷ് ശര്‍മക്ക് സ്ഥാനം ഉറപ്പിക്കാനായിട്ടില്ല. ഇഷാന്‍ കിഷന്‍ ഈ മത്സരത്തിന്റെ ഭാഗമല്ല. കെ എല്‍ രാഹുലിനെ ഇന്ത്യ പരിഗണിക്കില്ല' ആകാശ് പറഞ്ഞു. ഇഷാന്‍ കിഷന്‍ ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് ടീമിന് പുറത്തുനില്‍ക്കുന്നത്. മാനസിക ആരോഗ്യത്തിന് വിശ്രമം ആവശ്യപ്പെട്ട ശേഷം ഇഷാന്‍ ചാനലിന് അഭിമുഖം നല്‍കിയതും സ്വകാര്യ പാര്‍ട്ടിക്ക് പോയതിലും ടീം മാനേജ്‌മെന്റിന് അതൃപ്തിയുണ്ട്.
ഇതോടെയാണ് ഇഷാനെ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്നും ഇഷാനെ തഴഞ്ഞത്. ലഭിക്കുന്ന വിവരം അനുസരിച്ച് ടി20 ലോകകപ്പില്‍ നിന്നും ഇഷാന്‍ തഴയപ്പെട്ടേക്കും. കെ എല്‍ രാഹുല്‍ 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ടി20യില്‍ അവസരം ലഭിച്ചിട്ടില്ല. വിരാട് കോലിക്കും രോഹിത് ശര്‍മക്കും ഇന്ത്യ ടി20യിലേക്ക് തിരിച്ചുവരാന്‍ അവസരം നല്‍കി. എന്നാല്‍ രാഹുലിനെ മാത്രം തിരിച്ചുവിളിച്ചില്ല.
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനാണ് രാഹുല്‍. മികച്ച ടി20 റെക്കോഡ് താരത്തിനുണ്ടെങ്കിലും പതിയെ തുടങ്ങി കടന്നാക്രമിക്കുന്നതാണ് രാഹുലിന്റെ ശൈലി. അതുകൊണ്ടുതന്നെ ഈ ശൈലി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കാര്യമായി പിന്തുണക്കുന്നില്ല. ടെസ്റ്റിലും ഏകദിനത്തിലും രാഹുലിനെ വിക്കറ്റ് കീപ്പറാക്കി പരിഗണിക്കുമ്പോഴും ടി20യില്‍ താരത്തിന് സ്ഥാനമില്ല. അദ്ദേഹം ടി20 ലോകകപ്പിലേക്ക് പരിഗണിക്കപ്പെടാനും സാധ്യതയില്ല.
സഞ്ജു സാംസണ്‍ അഫ്ഗാന്‍ പരമ്പരയില്‍ ലഭിച്ച അവസരം മുതലാക്കിയിരുന്നെങ്കില്‍ താരത്തിന് പ്രതീക്ഷ നിലനിര്‍ത്താമായിരുന്നു. എന്നാല്‍ മൂന്നാം ടി20യില്‍ രണ്ട് തവണ ഡെക്കായതോടെ സഞ്ജുവിന്റെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇനി ഐപിഎല്ലില്‍ തിളങ്ങിയാലും സഞ്ജുവിന് ടി20 ലോകകപ്പിലേക്ക് വിളി ലഭിക്കുക പ്രയാസമായിരിക്കുമെന്ന് പറയാം.