മുംബൈ: ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ടീമുകള്‍. ഇന്ത്യ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യപിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണേയും റിഷഭ് പന്തിനേയുമാണ് പരിഗണിച്ചത്. ഇവരില്‍ ആരാവണം ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്നത് വലിയ ചര്‍ച്ചാ വിഷയമാണ്.
പരിക്കിന്റെ ഇടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ റിഷഭ് പന്തിനാണ് എല്ലാവരും കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത്. ഇടം കൈയനെന്ന പരിഗണന റിഷഭിന് നല്‍കുന്നുണ്ട്. എന്നാല്‍ സഞ്ജു സാംസണിന്റെ പ്രതിഭ മനസിലാക്കി അവസരം നല്‍കണമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ പാര്‍ഥിവ് പട്ടേല്‍ ടി20 ലോകകപ്പില്‍ ആരാവണം ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്.
പാര്‍ഥിവും മുഖ്യ പരിഗണന നല്‍കുന്നത് റിഷഭിനാണ്. 'പരിക്കിനെത്തുടര്‍ന്ന് 14 മാസത്തോളമാണ് അവന് വിട്ട് നില്‍ക്കേണ്ടി വന്നത്. എന്നാല്‍ ഈ സീസണില്‍ ശക്തമായ തിരിച്ചുവരവാണ് റിഷഭ് നടത്തിയിരിക്കുന്നത്. റിഷഭിനെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുന്നതാണ് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കുക. ഇടം കൈയന്‍ ബാറ്റ്‌സ്മാന് ടീമിനെ നന്നായി സഹായിക്കാനാവും. റിഷഭിന്റെ ആക്രമണോത്സക ശൈലിയോട് കിടപിടിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല' പാര്‍ഥിവ് പറഞ്ഞു.
ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ റിഷഭ് പന്ത് ഭേദപ്പെട്ട പ്രകടനമാണ് 17ാം സീസണില്‍ നടത്തിയത്. എന്നാല്‍ നായകനെന്ന നിലയില്‍ വലിയ മികവ് കാട്ടാനാവാതെ പോയതോടെ ഡല്‍ഹി ടീം പ്ലേ ഓഫ് കാണാതെ പുറത്തായി. അഞ്ചാം നമ്പറില്‍ ഇന്ത്യക്കായി കളിക്കാന്‍ റിഷഭാണ് ബെസ്റ്റ്. ഇന്ത്യയുടെ ടോപ് ഓഡറില്‍ രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരാണ്. ഇവരോടൊപ്പം സഞ്ജു സാംസണുമെത്തിയാല്‍ ഇടം കൈയന്റെ അഭാവം മധ്യനിരയെ വേട്ടയാടും.

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയറിലേക്കെത്തിയിട്ടുണ്ട്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും സഞ്ജു തിളങ്ങുന്നുണ്ട്. എന്നാല്‍ സഞ്ജുവിന്റെ സ്ഥിരതയാണ് ഇപ്പോഴും ചോദ്യമുയര്‍ത്തുന്നത്. അവസാന മത്സരങ്ങളിലൊന്നും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. സഞ്ജുവിനെക്കാളും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം അര്‍ഹിക്കുന്നത് റിഷഭാണ്. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ റിഷഭിന് അസാധ്യ മികവാണുള്ളത്.
ഒറ്റക്ക് മത്സരത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ളവനാണ് റിഷഭ് പന്ത്. എന്നാല്‍ സഞ്ജുവിന് ഈ മികവുണ്ടെന്ന് പറയാനാവില്ല. സഞ്ജുവിന്റെ ബാറ്റിങ് ശൈലി കടന്നാക്രമിക്കുന്നതാണ്. മൂന്നാം നമ്പറില്‍ കളിപ്പിക്കാന്‍ സാധിച്ചാല്‍ സഞ്ജുവില്‍ നിന്ന് ഗംഭീര പ്രകടനം പ്രതീക്ഷിക്കാം. എന്നാല്‍ മധ്യനിരയില്‍ സഞ്ജുവിന് അധികം അനുഭവസമ്പത്തില്ല. ഇതും റിഷഭിന് മുന്‍തൂക്കം നല്‍കുന്നു. സഞ്ജുവിനെ ടോപ് ഓഡറില്‍ കളിപ്പിക്കാന്‍ സാധിക്കില്ല.
വിരാട് കോലിയും സൂര്യകുമാര്‍ യാദവുമുള്ളപ്പോള്‍ സഞ്ജുവിന് അവസരം ലഭിക്കില്ല. ഇവരിലൊരാളുടെ അഭാവത്തില്‍ സഞ്ജു പരിഗണിക്കപ്പെട്ടേക്കും. ചെറിയ ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍ സഞ്ജു പ്ലേയിങ് 11ലേക്കെത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ പ്രധാന മത്സരങ്ങളിലെല്ലാം റിഷഭ് പന്തിനാവും അവസരം ഉണ്ടാവുക. സഞ്ജുവിനെ ബാക്കപ്പായിട്ടാവും ഇന്ത്യ പരിഗണിക്കുക. നായകന്‍ രോഹിത് ശര്‍മക്കും ടീം മാനേജ്‌മെന്റിനും കൂടുതല്‍ വിശ്വാസം റിഷഭിനെയാണ്.
സഞ്ജുവിന് ക്വാളിഫയറില്‍ രാജസ്ഥാനായി മാച്ച് വിന്നിങ് പ്രകടനം നടത്താനായാല്‍ ലോകകപ്പിലും അത് ഗുണം ചെയ്‌തേക്കും. എലിമിനേറ്ററില്‍ സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നിലവിലെ സാധ്യതകള്‍ പ്രകാരം സഞ്ജുവിനെക്കാള്‍ ഒരുപടി മുകളിലാണ് റിഷഭുള്ളത്.