ടി20 ലോകകപ്പില്‍ ഇന്ത്യ ഇത്തവണ കിരീടമുയര്‍ത്തുകയാണെങ്കില്‍ അതില്‍ നിര്‍ണായക വഹിക്കുന്ന താരം ആരായിരിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ. ബാറ്റിങ് ഇതിഹാസം വിരാട് കോലിയോ, 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവോ ആവില്ല അതെന്നും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും അതെന്നുമാണ് കുംബ്ലെയുടെ പ്രവചനം. ചിരവൈരികളായ പാകിസ്താനെതിരേയുള്ള കഴിഞ്ഞ ത്രില്ലറില്‍ ബുംറ ടീമിന്റെ വിജയശില്‍പ്പിയായതിനു ശേഷമായിരുന്നു കുംബെ ഇക്കാര്യം പറഞ്ഞത്. മല്‍സരത്തില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബുംറ മൂന്നു വിക്കറ്റുകള്‍ പിഴുതിരുന്നു.
ഇന്ത്യ ഈ ലോകകപ്പില്‍ വിജയിക്കുകയാണെങ്കില്‍ ജസ്പ്രീത് ബുംറയ്ക്കു അതില്‍ നിര്‍ണായക റോളുണ്ടാവുമെന്നാണ് കുംബ്ലെ പറയുന്നത്. ഇന്ത്യന്‍ ടീം ലിസ്റ്റിലെ നമ്പര്‍ വണ്‍ താരം ബുംറയാവണം. ഫോര്‍മാറ്റിനെക്കുറിച്ചു മറന്നേക്കൂ. ജസ്പ്രീത് ബുംറയാണ് നിങ്ങളുടെ നമ്പര്‍ വണ്‍. ബൗളിങിലെ വേരിയേഷനുകളും ബാറ്റര്‍മാരില്‍ അദ്ദേഹമുണ്ടാക്കുന്ന സമ്മര്‍ദ്ദവും ഏറെ വലുതാണെന്നും കുംബ്ലെ ചൂണ്ടിക്കാട്ടി.

പ്രതലത്തെക്കുറിച്ചു മറന്നേക്കൂ, ഏതു പ്രതലമായാലും ജസ്പ്രീത് ബുംറ അവിടെ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കും. അദ്ദേഹത്തിന്റെ കരിയറിലുടനീളം നമ്മള്‍ ഇതു കാണുകയും ചെയ്തിട്ടുള്ളതാണ്. ഇതൊരിക്കലും എളുപ്പമുള്ള കാര്യമല്ല. ബുംറയ്ക്കു മുന്നിലെത്തുന്ന ഏതൊരു ബാറ്റര്‍ക്കും അതു കടുപ്പമായിരിക്കുമെന്നറിയാം. ഇതു പോലെയുള്ള (ന്യൂയോര്‍ക്ക്) പ്രതലങ്ങളില്‍ അദ്ദേഹം സമ്മര്‍ദ്ദം സൃഷ്ടിച്ചു കൊണ്ടിരിക്കുകയും ചെയ്യുമെന്നും കുംബ്ലെ നിരീക്ഷിച്ചു.
പുറംഭാഗത്തിനേറ്റ പരിക്കും തുടര്‍ന്നുള്ള ശസ്ത്രക്രിയയും കാരണം 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാനത്തെ ടി20 ലോകകപ്പില്‍ ബുംറയുടെ സേവനം ഇന്ത്യക്കു നഷ്ടമായിരുന്നു. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലിലാണ് അദ്ദേഹത്തെ ടീം ഏറ്റവുമധികം മിസ്സ് ചെയ്തത്. അന്നു തികച്ചും ഏകപക്ഷീയമായ സെമിയില്‍ പത്തു വിക്കറ്റിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് വാരിക്കളഞ്ഞത്. ഒരു വിക്കറ്റ് പോലും വീഴ്ത്താനാവാതെ നാണംകെട്ടാണ് രോഹിത് ശര്‍മയും സംഘവും ഗ്രൗണ്ട് വിട്ടത്.
പരിക്കില്‍ മോചിതനായി തിരിച്ചെത്തിയ ശേഷം ഗംഭീര പ്രകടനമാണ് എല്ലാ ഫോര്‍മാറ്റുകളിലും ബുംറ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ ഫോര്‍മാറ്റുകളിലായി അദ്ദേഹം പിഴുതത് 67 വിക്കറ്റുകളാണ്. ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകളും സ്ലോ ബോളുകളുമെറിയാനുള്ള കഴിവാണ് ബുംറയെ സ്‌പെഷ്യലാക്കി മാറ്റുന്നത്. ബൗളിങിലെ കണിശതയും വേരിയേഷനുകളുമെല്ലാം ടി20 ഇന്നിങ്‌സിലെ അവസാന ഓവറുകളില്‍ അദ്ദേഹത്തെ ബാറ്റര്‍മാരുടെ പേടിസ്വപ്‌നമാക്കി മാറ്റുകയും ചെയ്യുന്നു.

തനിക്കു വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഇതേ ആളുകള്‍ ഒരു വര്‍ഷം മുമ്പ് പറഞ്ഞതെന്നായിരുന്നു പാകിസ്താനെതിരേ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ബുംറ പ്രതികരിച്ചത്. എന്റെ കരിയര്‍ അവസാനിച്ചെന്നും ഇനിയൊരിക്കലും കളിക്കില്ലെന്നുമെല്ലാം ഇതേ ആളുകള്‍ പറഞ്ഞു. ഇപ്പോള്‍ ചോദ്യം മാറ്റിയിരിക്കുകയാണ്. എന്റെ ഏറ്റവും മികച്ച ശേഷിയിലാണോ ബൗള്‍ ചെയ്യുന്നതെന്നു ഞാന്‍ നോക്കാറില്ല. എന്റെ മുന്നിലുള്ള പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കാറുള്ളത്.
ഇതു വളരെ ക്ലിഷേയായിട്ടുള്ള ഉത്തരമാണെന്നറിയാം. ഇതുപോലെയുള്ള വിക്കറ്റുകളില്‍ എന്താണോ ഏറ്റവും മികച്ച ഓപ്ഷന്‍ അതില്‍ ശ്രദ്ധിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ഷോട്ടുകള്‍ കളിക്കുന്നത് എനിക്കു എങ്ങനെ ദുഷ്‌കരമാക്കാം? എന്താണ് എന്നെ സംബന്ധിച്ച് മികച്ച ഓപ്ഷനുകള്‍? ഈ തരത്തില്‍ ഇപ്പോള്‍ എന്താണോ അതില്‍ തുടരാനും ചെയ്യുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ശ്രമിക്കാറുള്ളതെന്നും ബുംറ വ്യക്തമാക്കിയിരുന്നു.