സിഡ്‌നി: ടി20 ലോകകപ്പിനുള്ള ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ജൂണ്‍ 2നാണ് വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും വേദിയാവുന്ന ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇത്തവണ ശക്തമായ ടീം കരുത്ത് എല്ലാ ടീമിനുമുണ്ട്. 5 പേരടങ്ങുന്ന നാല് ഗ്രൂപ്പുകളാണ് കുട്ടിക്രിക്കറ്റ് വിശ്വകിരീടത്തിനായി പോരടിക്കുന്നത്. സ്പിന്‍ സൗഹൃദ പിച്ചാണ് ടി20 ലോകകപ്പിലുള്ളതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഇത്തവണ കിരീട നേട്ടം ആര്‍ക്കും എളുപ്പമാവില്ല.
ഇത്തവണ ആര് കപ്പിലേക്കെത്തുമെന്നത് പല പ്രമുഖരും ഇതിനോടകം പ്രവചിച്ച് കഴിഞ്ഞു. ഇന്ത്യ, ഓസ്‌ട്രേലിയ ഫൈനലാണ് കൂടുതല്‍ പേരും പ്രവചിക്കുന്നത്. സെമിയില്‍ ഇന്ത്യക്കും ഓസ്ട്രലിയക്കുമൊപ്പം നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റേയും ഏഷ്യന്‍ കരുത്തരായ പാകിസ്താന്റേയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ ഇത്തവണ ഇന്ത്യ ഫൈനലിലെത്തില്ലെന്നും ഓസ്‌ട്രേലിയയും പാകിസ്താനും തമ്മിലാവും ഫൈനലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസീസ് സ്പിന്നറായ നതാന്‍ ലിയോണ്‍.
'2024ലെ ടി20 ലോകകപ്പുമായി ബന്ധപ്പെട്ടുള്ള എന്റെ പ്രവചനം ഇതാ. ഓസ്‌ട്രേലിയ തീര്‍ച്ചയായും ഫൈനലിലുണ്ടാവും. എനിക്ക് സ്വാഭാവികമായും അവരിലേക്ക് അല്‍പ്പം ചായ്‌വുണ്ടാകും. ഞാന്‍ പാകിസ്താനൊപ്പമാണ്. അവര്‍ക്ക് മികച്ച സ്പിന്‍ ബൗളര്‍മാരുണ്ട്. അതോടൊപ്പം ബാബര്‍ ആസമിനെപ്പോലെ മികച്ച ബാറ്റ്‌സ്മാന്‍മാരുമുണ്ട്' ലിയോണ്‍ എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഇത്തവണ പാകിസ്താന്‍ ശക്തമായ ടീമാണ്. പ്രധാനമായും പാക് ടീമിന്റെ ബൗളിങ് കരുത്താണ് ശക്തം.
ഷഹിന്‍ ഷാ അഫ്രീദിക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപിച്ച് മുഹമ്മദ് അമീര്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ പാകിസ്താന്റെ ന്യൂബോള്‍ ആക്രമണത്തെ എല്ലാ എതിരാളികളും ഭയക്കണം. രണ്ട് ഇടം കൈയന്‍ പേസര്‍മാരും ചേര്‍ന്ന് ന്യൂബോളില്‍ വിറപ്പിക്കുമ്പോള്‍ പിന്നാലെ നസീം ഷായും ഹാരിസ് റഊഫുമുണ്ടാകും. ഇമാദ് വാസിം, ഷദാബ് ഖാന്‍ എന്നീ കിടു സ്പിന്നര്‍മാരും പാക് നിരയിലുണ്ട്. പാകിസ്താന്റെ ബാറ്റിങ് നിരയെ വിശ്വസ്തരെന്ന് വിളിക്കാനാവില്ല.

ബാബര്‍ ആസമും മുഹമ്മദ് റിസ്വാനും ഇഫ്തിഖര്‍ അഹമ്മദും ഫഖര്‍ സമാനുമെല്ലാം അനുഭവസമ്പന്നരായ താരങ്ങളാണെങ്കിലും പ്രധാന മത്സരങ്ങളിലെ പ്രകടനം കണ്ടറിയണം. ഓസ്‌ട്രേലിയ ഇത്തവണ തകര്‍പ്പന്‍ താരനിരയാണ്. മിച്ചല്‍ മാര്‍ഷ് നയിക്കുന്ന ഓസ്‌ട്രേലിയയുടെ കരുത്ത് മികച്ച ഓള്‍റൗണ്ടര്‍മാരാണ്. പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍ക്കസ് സ്റ്റോയിണിസ് എന്നിവരെല്ലാം മികച്ച ഓള്‍റൗണ്ടര്‍മാരാണ്.
മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്‌സല്‍വുഡും ഉള്‍പ്പെടുന്ന പേസ് നിരയും കരുത്തുറ്റതാണ്. ഇന്ത്യന്‍ ടീം ഇത്തവണ തീരെ മോശമല്ല. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമാണ്. എന്നാല്‍ ഇവരില്‍ നിന്ന് സ്ഥിരതയോടെയുള്ള പ്രകടനം പ്രതീക്ഷിക്കാനാവില്ല. വിരാട് കോലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ഐപിഎല്ലില്‍ ഫ്‌ളോപ്പായിരുന്നു.
റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവരെല്ലാം മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ കഴിവുള്ളവരാണ്. ഇന്ത്യ നാല് സ്പിന്നര്‍മാരെ പരിഗണിച്ചാണ് ലോകകപ്പിനിറങ്ങുന്നത്. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ഇന്ത്യയുടെ സ്പിന്നര്‍മാര്‍. ഇവരെല്ലാം വമ്പന്‍ പ്രകടനം നടത്താന്‍ ശേഷിയുള്ള മാച്ച് വിന്നര്‍മാരാണ്. ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറയെ ഒഴികെ മറ്റാരെയും വിശ്വസിക്കാനാവില്ല.
ഹാര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ടറെന്ന നിലയില്‍ മികച്ച ഫോമിലല്ല. മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങും എങ്ങനെ പന്തെറിയുമെന്നത് കണ്ടറിയണം. ഇന്ത്യയുടെ ടീം കരുത്ത് മോശമാണെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ പ്രതീക്ഷകളും വാനോളമാണ്.