ഐസിസിയുടെ ടി20 ലോകകപ്പ് ആറു മാസത്തിനകം നടക്കാനിരിക്കുകയാണ്. അടുത്ത വര്‍ഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് അടുത്ത ടൂര്‍ണമെന്റ്. ടീം ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിനു തയ്യാറെടുക്കാന്‍ ഇനി അധികം മല്‍സരങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. വെറും മൂന്നു ടി20കളില്‍ മാത്രമേ ലോകകപ്പിനു മുമ്പ് 2024ല്‍ ഇന്ത്യ കളിക്കുകയുള്ളൂ. ജനുവരിയില്‍ അഫ്ഗാനിസ്താനെതിരേയാണ് ഇന്ത്യയുടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര.
സ്ഥിരം ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ തന്നെയായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുകയെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ടി20 ലോകകപ്പിനു ശേഷം ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിച്ചിട്ടില്ലെങ്കിലും അടുത്ത ടൂര്‍ണമെന്റില്‍ ഹിറ്റ്മാനെ തിരികെ വിളിക്കാന്‍ തന്നെയാണ് ബിസിസിഐയുടെ പ്ലാന്‍. സമാപിച്ച ഏകദിന ലോകകപ്പില്‍ രോഹിത്തിനു കീഴില്‍ ഇന്ത്യയുടെ ഉജ്ജ്വല പ്രകടനമാണ് ഇതിനു കാരണം.

രോഹിത് ടി20 ലോകകപ്പില്‍ കളിക്കുമെന്നുറപ്പായെങ്കിലും ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ പങ്കാളിത്തം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഹിറ്റ്മാനെപ്പോലെ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കോലിയും ടി20യില്‍ കളിച്ചിട്ടില്ല. പക്ഷെ ടി20 ലോകകപ്പില്‍ അദ്ദേഹം തീര്‍ച്ചയായും ടീമില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ടെന്നു കണക്കുകള്‍ പറയുന്നു. മാത്രമല്ല സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിലല്ല, രോഹിത്തിനൊപ്പം ഓപ്പണറായിട്ടാവണം കോലിയെ ഇന്ത്യ കളിപ്പിക്കേണ്ടത്.
നിലവില്‍ യുവതാരം ശുഭ്മന്‍ ഗില്ലാണ് രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി. പക്ഷെ ടി20 ഫോര്‍മാറ്റില്‍ ഓപ്പണറായുള്ള പ്രകടനമെടുത്താല്‍ അദ്ദേഹം ടീമില്‍ സ്ഥാനം പോലും അര്‍ഹിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഗില്ലിനു പകരം രോഹിത്തിനൊപ്പം കോലിയെ ഓപ്പണറായി ഇന്ത്യ കളിപ്പിക്കുകയും വേണം. മൂന്നാം നമ്പര്‍ ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനും നല്‍കാം.
ഏകദിനത്തില്‍ ഗില്‍ ഗംഭീര ബാറ്ററാണെങ്കിലും ടി2യില്‍ വെറും ശരാശരി താരം മാത്രമാണ്. അദ്ദേഹത്തിന്റെ ടി20 കരിയറെടുത്താല്‍ 13 മല്‍സരങ്ങളിലാണ് ഇതുവരെ ഇന്ത്യക്കു വേണ്ടി കളിച്ചത്. ഇവയില്‍ നിന്നും 26 ശരാശരിയില്‍ 145 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 312 റണ്‍സാണ്. ഓരാ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.
ഈ വര്‍ഷം ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന ടി20യിലാണ് ഗില്‍ 126 റണ്‍സ് കുറിച്ചത്. ഈയൊരു ഇന്നിങ്‌സ് മാറ്റിനിര്‍ത്തിയാല്‍ താരത്തിന്റെ ശരാശരി വെറും 15.5ഉം സ്‌ട്രൈക്ക് റേറ്റ് 120ഉം മാത്രമാണ്. ഇതുവരെ കളിച്ചിട്ടുള്ള ടി20കളില്‍ 7, 11, 7, 5, 46, 126, 3, 7, 6, 77, 9, 0, 8 എന്നിങ്ങനെയാണ് ഗില്ലിന്റെ സ്‌കോറുകള്‍. ഇതു പരിഗണിക്കുമ്പോള്‍ ടി20 ലോകകപ്പില്‍ അദ്ദേഹം പ്ലെയിങ് ഇലവനില്‍പ്പോലും സ്ഥാനം അര്‍ഹിക്കുന്നില്ല.

എന്നാല്‍ ഓപ്പണറായി ടി20യില്‍ തകര്‍പ്പന്‍ റെക്കോര്‍ഡാണ് കോലിക്കുള്ളത്. മൂന്നാം നമ്പറാണ് അദ്ദേഹത്തിന്റെ സ്ഥിരം ബാറ്റിങ് പൊസിഷനെങ്കിലും ടി20യില്‍ ഒമ്പതു ഇന്നിങ്‌സുകളില്‍ ഓപ്പണറായി കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 57.14 എന്ന ഉജ്ജ്വല ശരാശരിയില്‍ 161.29 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റോടെ 400 റണ്‍സാണ് വാരിക്കൂട്ടിയത്. ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും.
കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ മല്‍സരത്തിലായിരുന്നു കോലിയുടെ ഇടിവെട്ട് സെഞ്ച്വറി. 122 റണ്‍സാണ് അദ്ദേഹം അന്നു അടിച്ചെടുത്തത്. ഓപ്പണറായുള്ള ഗില്ലിന്റെയും കോലിയുടെയും ടി20യിലെ ഇതുവരെയുള്ള പ്രകടനമെടുത്താല്‍ കോലി ബഹുദൂരം മുന്നിലാണെന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ രോഹിത്തിനൊപ്പം അദ്ദേഹം ഓപ്പണ്‍ ചെയ്താല്‍ അതു ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുമെന്നുറപ്പാണ്.