മുംബൈ: ഐപിഎല്‍ 17ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് വരികയാണ്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനായുള്ള പടയൊരുക്കത്തിലേക്ക് ടീമുകളെല്ലാം കടന്ന് കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ലോകകപ്പാണ് വരാനിരിക്കുന്നത്. ഇതിനോടകം ശക്തമായ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ച് കഴിഞ്ഞു. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്.
ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്തുണ്ടാവുമെന്നുറപ്പാണ്. ബിസിസി ഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. പരിശീലകസ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ടി20 ലോകകപ്പില്‍ ഇന്ത്യ കപ്പ് നേടിയാലും ദ്രാവിഡ് ഇനി പരിശീലകസ്ഥാനത്ത് തുടരില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ദ്രാവിഡ് സ്ഥാനമൊഴിയുമ്പോള്‍ ഇന്ത്യയുടെ പരിശീലകനായി എംഎസ് ധോണി എത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്.
ഇന്ത്യയെ മൂന്ന് ഐസിസി ട്രോഫിയിലേക്കെത്തിച്ച ധോണി പരിശീലകനായെത്തിയാല്‍ ഇന്ത്യക്കത് വലിയ കരുത്താവുമെന്നുറപ്പ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ പരിശീലിപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ് ധോണി. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം വലിയ ആരാധക സ്വീകാര്യതയുള്ളയാളാണ് ധോണി. അതുകൊണ്ടുതന്നെ ധോണി വരുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ധോണിക്ക് ഇന്ത്യയുടെ പരിശീലകനാവാന്‍ ഒരു വലിയ തടസമുണ്ട്.
ഒന്നാമത്തെ കാരണം നിലവില്‍ അദ്ദേഹം സിഎസ്‌കെയ്ക്കായി ഐപിഎല്‍ കളിക്കുന്നുണ്ടെന്നതാണ്. ഈ സീസണോടെ സിഎസ്‌കെയില്‍ നിന്ന് താരമെന്ന നിലയില്‍ ധോണി വിരമിച്ചേക്കും. അങ്ങനെ വന്നാലും സിഎസ്‌കെയുടെ പരിശീലക സംഘത്തിനൊപ്പം ധോണി തുടര്‍ന്നേക്കും. ഇക്കാര്യം നേരത്തെ തന്നെ ധോണി വ്യക്തമാക്കിയതാണ്. ഈ സീസണില്‍ താരമെന്ന നിലയില്‍ കരിയര്‍ അവസാനിപ്പിച്ചാല്‍ അടുത്ത സീസണില്‍ ധോണി സിഎസ്‌കെയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാനാണ് സാധ്യത.

ബിസിസി ഐയുടെ നിയമപ്രകാരം ഐപിഎല്ലില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക ചുമതലകളിലേക്ക് എത്താന്‍ സാധിക്കില്ല. അങ്ങനെ വരുമ്പോള്‍ ധോണിക്ക് ഇന്ത്യയുടെ പരിശീലകനാവാന്‍ സിഎസ്‌കെയുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടതായി വരും. ധോണി സിഎസ്‌കെ വിട്ട് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ യാതൊരു സാധ്യതയുമില്ല. ഐപിഎല്ലില്‍ പ്രവര്‍ത്തിച്ചാല്‍ ധോണിക്ക് ഐപിഎല്ലിന്റെ സമയമൊഴികെ മറ്റ് സമയത്ത് കുടുംബത്തോടൊപ്പം സമയം ചിലവിടാനാവും.
എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കെത്തിയാല്‍ മുഴുവന്‍ സമയവും ടീമിനൊപ്പം തുടരേണ്ടതായി വരും. നിരവധി ബിസിനസ് ഇതിനോടകം ധോണിയുടെ പേരിലുണ്ട്. ഇതിന്റെയെല്ലാം നടത്തിപ്പിന് ധോണിക്ക് സമയം ആവശ്യമാണ്. കൂടാതെ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനമെന്നത് വലിയ ഉത്തരവാദിത്തമാണ്. വലിയ വിമര്‍ശനവും പലപ്പോഴും കേള്‍ക്കേണ്ടതായി വരും. ഇത് പരിഗണിക്കുമ്പോള്‍ ധോണി സിഎസ്‌കെയില്‍ തുടരും.
അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് ധോണിക്ക് എത്തുക വളരെ പ്രയാസമാണ്. ഗൗതം ഗംഭീറിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ഇതിനും സാധ്യത കുറവാണ്. കാരണം ഗംഭീര്‍ നിലവില്‍ കെകെആറിന്റെ ഉപദേഷ്ടാവാണ്. ഇന്ത്യയുടെ പരിശീലകസ്ഥാനത്തിന് അപേക്ഷിക്കാന്‍ ഗംഭീറിന് കെകെആറിനോട് വിടപറയേണ്ടി വരും. ഇതിന് സാധ്യത കുറവായതിനാല്‍ ഗംഭീറും ഇന്ത്യയുടെ പരിശീലകസ്ഥാനത്തിലേക്കെത്താനാവില്ല.
സൗരവ് ഗാംഗുലി, ആശിഷ് നെഹ്റ എന്നിവര്‍ക്കും ഐപിഎല്ലില്‍ ഉത്തരവാദിത്തങ്ങളുണ്ട്. ഇത് ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറായേക്കില്ല. വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ് എന്നിവര്‍ക്ക് ഇന്ത്യയുടെ പരിശീലകസ്ഥാനത്തിലേക്ക് നോട്ടമുണ്ടെങ്കിലും ഇതിനോട് ബിസിസി ഐക്ക് വലിയ താല്‍പര്യമുണ്ടാവില്ല. നിലവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്മണെ അടുത്ത പരിശീലകനായി ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുണ്ട്.
ടെസ്റ്റിലും ഏകദിനത്തിലും ലക്ഷ്മണെ പരിശീലകനായി അംഗീകരിക്കാമെങ്കിലും ടി20യില്‍ മികച്ച പരിശീലകനായി പരിഗണിക്കാനാവില്ല. മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിക്കാവുന്ന പരിശീലകനെ കണ്ടെത്താന്‍ വിദേശ താരങ്ങളെ ഇന്ത്യക്ക് പരിഗണിക്കേണ്ടതായി വരും.