മുംബൈ: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. പല താരങ്ങളുടേയും ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്. ഇതില്‍ വലിയ ആരാധക വിമര്‍ശനം ഉയരുന്നത് ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരേയാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദിക് പാണ്ഡ്യ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഹാര്‍ദിക്കിനാവുന്നില്ല.
ബൗളിങ്ങില്‍ ചെണ്ടയായി മാറുന്നു. ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസിനെതിരേയും ചോദ്യം ഉയരുകയാണ്. എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വൈസ് ക്യാപ്റ്റനായാണ് ഹാര്‍ദിക് ഇടം നേടിയെടുത്തിരിക്കുന്നത്. വലിയ വിമര്‍ശനവും പരിഹാസവും ഹാര്‍ദിക്കിനെതിരേ ഉയരുന്നുണ്ട്. എന്നാല്‍ ഹാര്‍ദിക്കിനെ ഇപ്പോള്‍ വിമര്‍ശിക്കുന്നവരെല്ലാം കൈയടിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ലോകകപ്പില്‍ ഹാര്‍ദിക്കാവും ഹീറോയെന്നാണ് കൈഫ് പറയുന്നത്.
'ഐസിസി ടൂര്‍ണമെന്റുകളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്ന മാച്ച് വിന്നറായാണ് ഹാര്‍ദിക് പാണ്ഡ്യയെ കാണുന്നത്. സൂര്യകുമാര്‍ യാദവ്, വിരാട് കോലി എന്നിവരെക്കാളും ഇംപാക്ട് സൃഷ്ടിക്കാന്‍ ഹാര്‍ദിക്കിനാവും. മെല്‍ബണില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ഓര്‍ക്കുന്നുണ്ടോ. കോലി 82 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യ 40 റണ്‍സും 3 വിക്കറ്റും വീഴ്ത്തി. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ഹാര്‍ദിക്കിന്റെ സൂപ്പര്‍ ഫിനിഷിങ്ങും ഗംഭീരമായിരുന്നു' കൈഫ് പറഞ്ഞു.
ഹാര്‍ദിക് പ്രതിഭയുള്ളവനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ബാറ്റുകൊണ്ടും പന്തുകൊണ്ടും കസറുന്ന താരത്തിന്റെ മനോഭാവമാണ് ഹാര്‍ദിക്കിനെ വെറുക്കപ്പെട്ടവനാക്കുന്നത്. മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് നായകനായത് അദ്ദേഹത്തിനെതിരേ വിമര്‍ശനം ശക്തമാകാന്‍ കാരണമായി. ഇപ്പോള്‍ ആരാധകര്‍ കൂടുതല്‍ വെറുക്കുന്ന താരങ്ങളിലൊരാളാണ് ഹാര്‍ദിക് പാണ്ഡ്യയെന്ന് പറയാം. ഹാര്‍ദിക്കിനെതിരേ കാണികള്‍ കൂവുന്ന സാഹചര്യം പോലുമുണ്ടായി.

എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കായി മികവ് കാട്ടാന്‍ ഹാര്‍ദിക്കിന് സാധിക്കാറുണ്ട്. ഇപ്പോള്‍ ടീമിലെ സീനിയര്‍ താരമാണ് ഹാര്‍ദിക്. അതുകൊണ്ടുതന്നെ കടന്നാക്രമിച്ച് കളിക്കുന്നതോടൊപ്പം വിക്കറ്റ് കാത്ത് ടീമിനെ വിജയത്തിലേക്കെത്തിക്കുകയെന്ന വലിയ ഉത്തരവാദിത്തവും ഹാര്‍ദിക്കിനുണ്ടെന്ന് നിസംശയം പറയാം. ലോകകപ്പില്‍ ഫ്‌ളോപ്പായാല്‍ ഹാര്‍ദിക്കിനെതിരേ വലിയ വിമര്‍ശനം ഉയരുകയും ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയും ചെയ്യാന്‍ സാധ്യതകളേറെയാണ്.
ഇത്തവണത്തെ ഇന്ത്യയുടെ കിരീട സാധ്യതയും കൈഫ് വിലയിരുത്തി. 'ഇത്തവണ 100% സാധ്യതയും ഇന്ത്യക്കുണ്ട്. സംതുലിതമായ ടീമാണ് ഇന്ത്യ. എന്നാല്‍ ഐപിഎല്ലല്ല കളിക്കുന്നതെന്ന ബോധത്തോടെ വേണം കളിക്കാന്‍. ഐപിഎല്ലില്‍ തോറ്റാല്‍ തിരിച്ചുവരാന്‍ പിന്നെയും അവസരമുണ്ട്. എന്നാല്‍ ലോകകപ്പില്‍ അങ്ങനെയല്ല കാര്യങ്ങള്‍. സെമി ഫൈനല്‍ കടമ്പ കടക്കാനുള്ള മാനസികമായ മുന്നൊരുക്കം നേരത്തെ തന്നെ നടത്തേണ്ടതായുണ്ട്' കൈഫ് പറഞ്ഞു.
അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ശരാശരി മാത്രമാണെന്നതാണ് വസ്തുത. വിരാട് കോലിയുടെ സ്‌ട്രൈക്ക് റേറ്റ് മോശം. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് സ്ഥിരതയില്ല. ശിവം ദുബെയുടെ പ്രകടനം കണ്ടറിയണം. പേസ് നിരയില്‍ മുഹമ്മദ് സിറാജും അര്‍ഷ്ദീപും ചെണ്ടകളാണ്. രവീന്ദ്ര ജഡേജയും നിറം മങ്ങിയ പ്രകടനമാണ് സമീപകാലത്തായി കാഴ്ച വെക്കുന്നത്.
റിങ്കു സിങ്ങിനെ റിസര്‍വ് താരമായി ഒതുക്കിയത് ഇന്ത്യ കാട്ടിയ മണ്ടത്തരമാണെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമെന്നതിലുപരിയായി സമ്മര്‍ദ്ദ സാഹചര്യത്തില്‍ റിങ്കു സിങ്ങിന് തിളങ്ങാന്‍ ശേഷിയുണ്ട്. ഇന്ത്യക്കായി സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം മിന്നിക്കാനും റിങ്കുവിന് സാധിച്ചു. എന്നിട്ടും താരത്തെ ഒതുക്കിയത് ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയായി മാറാനാണ് സാധ്യത കൂടുതല്‍.