T20 World Cup 2024: അണ്ടര്‍ 19യില്‍ സഞ്ജുവിനൊപ്പം കളിച്ചു, ടി20 ലോകകപ്പിലും കളിക്കും; ആരൊക്കെ?
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു സാംസണിന് ആദ്യമായാണ് ഇത്തവണ വിളിയെത്തിയത്. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നിട്ടും സ്ഥിരമായൊരു സ്ഥാനം നേടിയെടുക്കാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയതോടെ സഞ്ജുവിന് ടി20 ലോകകപ്പിലേക്ക് വിളിയെത്തുകയായിരുന്നു. റിഷഭ് പന്ത് ഒന്നാം നമ്പര്‍ കീപ്പറായി ഉള്ളതിനാല്‍ സഞ്ജുവിനെ ബാക്കപ്പായാണ് പരിഗണിക്കുക.
അണ്ടര്‍ 19 ലോകകപ്പില്‍ ഒന്നിച്ച് കളിച്ച പല താരങ്ങളും ഇത്തവണ ടി20 ലോകകപ്പിലും ഒന്നിച്ച് കളിക്കുന്നുണ്ട്. സഞ്ജു സാംസണ്‍ അണ്ടര്‍ 19 കളിച്ചിരുന്ന സമയത്ത് കളിച്ചിരുന്ന താരങ്ങളില്‍ ആരൊക്കെയാണ് ടി20 ലോകകപ്പിനുള്ള ടീമുകളില്‍ ഇടം നേടിയിരിക്കുന്നത്?. പരിശോധിക്കാം. 2014ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു സഞ്ജു. അതേ സമയത്തുണ്ടായിരുന്ന കുല്‍ദീപ് യാദവും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന സ്പിന്നറാവും കുല്‍ദീപ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ സ്പിന്‍ സൗഹൃദ പിച്ചാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കുല്‍ദീപ് യാദവില്‍ നിന്ന് തകര്‍പ്പന്‍ പ്രകടനം ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നു. ആവേശ് ഖാനും സഞ്ജുവിനൊപ്പം അണ്ടര്‍ 19 ക്രിക്കറ്റ് കളിച്ച താരമാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ റിസര്‍വ് താരമായിട്ടാണ് ആവേശ് ഖാന്‍ ഇടം പിടിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഈ രണ്ട് പേര്‍ മാത്രമാണ് സഞ്ജുവിനൊപ്പം അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചവര്‍. ദക്ഷിണാഫ്രിക്കന്‍ ടീമിലെ രണ്ട് പേര്‍ സഞ്ജുവിന്റെ അതേ സമയത്ത് അണ്ടര്‍ 19 ലോകകപ്പ് കളിച്ചവരാണ്. എയ്ഡന്‍ മാര്‍ക്രം, കഗിസോ റബാഡ എന്നിവരാണ് സഞ്ജുവിനൊപ്പം അണ്ടര്‍ 19 ലോകകപ്പ് കളിച്ചത്. ഇവര്‍ ഇത്തവണത്തെ ടി20 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ നിര്‍ണ്ണായക താരങ്ങളാണ്. മാര്‍ക്രം ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്ന ബാറ്റ്‌സ്മാനാണ്.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു മാര്‍ക്രം. കഗിസോ റബാഡ അതിവേഗ പേസറാണ്. ഇത്തവണത്തെ ദക്ഷിണാഫ്രിക്കയുടെ കുതിപ്പില്‍ നിര്‍ണ്ണായക പങ്ക് റബാഡക്കുണ്ടാവും. അതിവേഗ പന്തുകള്‍ക്കൊണ്ട് വിറപ്പിക്കുന്ന റബാഡ അവസാന ഐപിഎല്ലിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പ് ടീമിലാണ് സഞ്ജുവിന്റെ അതേ സമയത്ത് അണ്ടര്‍ 19 ലോകകപ്പ് കളിച്ച കൂടുതല്‍ താരങ്ങളുള്ളത്.
വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പുരാന്‍ സഞ്ജുവിന്റെ അതേ സമയത്ത് അണ്ടര്‍ 19 ലോകകപ്പ് കളിച്ച താരമാണ്. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയ പുരാന്‍ ടി20 ലോകകപ്പിലും തകര്‍പ്പന്‍ പ്രകടനം നടത്താന്‍ സാധ്യതയുണ്ട്. മധ്യനിരയിലെ അപകടകാരികളായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് പുരാന്‍. ഷിംറോന്‍ ഹെറ്റ്‌മെയറും സഞ്ജുവിന്റെ അതേ സമയത്ത് അണ്ടര്‍ 19 ലോകകപ്പ് കളിച്ച താരമാണ്. ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ഹെറ്റ്‌മെയര്‍.
വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രണ്ടന്‍ കിങ്ങും സഞ്ജുവിന്റെ അതേ സമയത്ത് അണ്ടര്‍ 19 ലോകകപ്പ് കളിച്ചയാളാണ്. ഇംഗ്ലണ്ട് ടീമിലെ ഒരു താരമാണ് സഞ്ജുവിന്റെ അതേ സമയത്ത് അണ്ടര്‍ 19 ലോകകപ്പ് കളിച്ചത്. അത് ബെന്‍ ഡക്കെറ്റാണ്. സഞ്ജു ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലെങ്കിലും സഞ്ജുവിന്റെ ഈ സുഹൃത്തുക്കളെല്ലാം അവരുടെ ടീമിലെ നിര്‍ണ്ണായക താരങ്ങളാണ്. വലിയ ടീമുകള്‍ക്കെതിരേ ഇന്ത്യ റിഷഭിനെ പ്ലേയിങ് 11ല്‍ ഇറക്കുമ്പോള്‍ സഞ്ജുവിന് അവസരത്തിനായി കാത്തിരിക്കേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications