മുംബൈ: ഐപിഎല്ലിന്റെ 17ാം സീസണ്‍ ആവേശം ഒരുവശത്ത് മുറുകവെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ആശങ്കകളേറെയാണ്. ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ ആരെയൊക്കെ പരിഗണിക്കണമെന്നത് വലിയ തലവേദനയായി സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ട്. മിക്ക താരങ്ങളും ഫോമിലാണ്. എന്നാല്‍ പല താരങ്ങളുടേയും സ്‌ട്രൈക്ക് റേറ്റ് മോശമാണെന്നതാണ് സെലക്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പുള്ള പല താരങ്ങളേയും മാറ്റിനിര്‍ത്തേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
നായകനായും ഓപ്പണറായും രോഹിത് ശര്‍മ ടീമിലുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഓപ്പണിങ്ങില്‍ രോഹിത്തിന്റെ പങ്കാളി ആരാവണമെന്നതാണ് ചോദ്യം. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഓപ്പണിങ് കൂട്ടുകെട്ടുകളില്‍ ഏറ്റവും ശക്തമായത് ഏതാണെന്ന് പരിശോധിക്കാം. രോഹിത് ശര്‍മ, വിരാട് കോലി ഓപ്പണിങ് കൂട്ടുകെട്ടാണ് ഒന്നാമത്തേത്. 7 മത്സരത്തില്‍ നിന്ന് 361 റണ്‍സുമായി വിരാട് കോലി റണ്‍വേട്ടക്കാരില്‍ തലപ്പത്താണ്.
72ന് മുകളില്‍ ശരാശരിയില്‍ കളിക്കുന്ന കോലി ഒരു സെഞ്ച്വറിയും 2 ഫിഫ്റ്റിയും നേടിക്കഴിഞ്ഞു. എന്നാല്‍ 147 മാത്രമാണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. രോഹിത് ശര്‍മ 164 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്നുണ്ട്. രോഹിത് ഒരുവശത്ത് കടന്നാക്രമിക്കുമ്പോള്‍ കോലി പിടിച്ചുനിന്ന് റണ്‍സുയര്‍ത്തും. ആംഗര്‍ റോളിലേക്ക് കോലിയെ നിയോഗിക്കാം. രണ്ട് പേരും സീനിയര്‍ താരങ്ങളാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്.
ഇവിടെ അനുഭവസമ്പത്തിന് പ്രാധാന്യമേറെയായതിനാല്‍ ഇന്ത്യ ഈ കൂട്ടുകെട്ടിനെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്. രോഹിത്തിനൊപ്പം സമീപകാലത്തെ ടി20കളിലെല്ലാം ഓപ്പണറായത് യശ്വസി ജയ്‌സ്വാളാണ്. പവര്‍പ്ലേയില്‍ കടന്നാക്രമിക്കാന്‍ കഴിവുള്ളവനാണ് ഇടം കൈയനായ ജയ്‌സ്വാള്‍. എന്നാല്‍ ഐപിഎല്ലില്‍ താരം നിരാശപ്പെടുത്തുന്നതാണ് പ്രശ്‌നം. രാജസ്ഥാന്‍ താരമായ ജയ്‌സ്വാള്‍ 7 മത്സരത്തില്‍ നിന്ന് നേടിയത് 121 റണ്‍സ് മാത്രമാണ്.

17 ശരാശരിയില്‍ കളിക്കുന്ന താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 145 ആണ്. അതുകൊണ്ടുതന്നെ മോശം ഫോം പരിഗണിക്കുമ്പോള്‍ ജയ്‌സ്വാളിനെ മാറ്റിനിര്‍ത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പക്ഷെ ഐപിഎല്ലിലെ സാഹചര്യമല്ല ദേശീയ ടീമിലുള്ളത്. ഇത് പരിഗണിക്കുമ്പോള്‍ ജയ്‌സ്വാളിനെ സെലക്ടര്‍മാര്‍ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇന്ത്യക്കൊപ്പം സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം തിളങ്ങാന്‍ ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ജയ്‌സ്വാള്‍, രോഹിത് ഓപ്പണിങ് കൂട്ടുകെട്ട് വരാനും സാധ്യതയുണ്ട്. മറ്റൊരു സാധ്യത രോഹിത്തിനൊപ്പം ശുബ്മാന്‍ ഗില്ലാണ്. നേരത്തെ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായിരുന്നു ഗില്‍. എന്നാല്‍ മോശം സ്‌ട്രൈക്ക് റേറ്റിനെത്തുടര്‍ന്ന് ടി20 ഫോര്‍മാറ്റില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. 7 മത്സരത്തില്‍ നിന്ന് 263 റണ്‍സ് നേടിയ ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റ് 151.14 ആണ്. 2 അര്‍ധ സെഞ്ച്വറികള്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ നേടിയിട്ടുണ്ട്.
എന്നാല്‍ ഗില്ലിനെ ഓപ്പണറായി പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. മറ്റൊരു സാധ്യത രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ കൂട്ടുകെട്ടാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ രാഹുലാണ് നിലവില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയത്. 7 മത്സരത്തില്‍ നിന്ന് 286 റണ്‍സാണ് രാഹുല്‍ നേടിയത്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് 143 ആണെന്നതാണ് പ്രശ്‌നം. സീനിയര്‍ താരമെന്ന നിലയില്‍ രാഹുലിനെ ഇന്ത്യ ഓപ്പണറായി പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവരും ഓപ്പണിങ്ങില്‍ അവസരം തേടുന്നവരാണ്. അഭിഷേക് പവര്‍പ്ലേയില്‍ ബാറ്റിങ് വെടിക്കെട്ടാണ് നടത്തുന്നത്. എന്നാല്‍ താരത്തെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണെന്നതാണ് വസ്തുത. ഇഷാന്‍ കിഷനെ ബാക്കപ്പ് താരമായി പരിഗണിക്കാനാണ് കൂടുതല്‍ സാധ്യത. എന്തായാലും അന്തിമ തീരുമാനം കാത്തിരുന്ന് കണ്ടറിയാം.