മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ തന്നെ ടി20 ലോകകപ്പ് വരാന്‍ പോവുകയാണ്. ഇത്തവണ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇതിനോടകം ടീമുകളെ പ്രഖ്യാപിച്ച് കഴിഞ്ഞു. അവസാന ഘട്ട പടയൊരുക്കങ്ങളിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വരുന്ന ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ പല പ്രശ്‌നങ്ങളും ഇതിനോടകം ടീമിനെ ആശങ്കപ്പെടുത്തുന്നു.
ഇന്ത്യയുടെ ബാറ്റിങ് ഓഡറില്‍ പൊളിച്ചെഴുത്ത് വരാനുള്ള സാധ്യത കൂടുതലാണ്. ഓപ്പണിങ്ങിലേക്ക് രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലി എത്തണമെന്ന ആവശ്യം പല പ്രമുഖരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ കോലിയും രോഹിത്തും ഓപ്പണര്‍മാരായി എത്തുന്നത് ടീമിന് ഗുണം ചെയ്യുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഈ കൂട്ടുകെട്ട് ഇന്ത്യക്ക് ഗുണം ചെയ്യുമോ?. എന്തൊക്കെ പ്രശ്‌നങ്ങളാണുള്ളത്?. പരിശോധിക്കാം.
കോലി ഇന്ത്യക്കായി ടി20യില്‍ അധികം ഓപ്പണറായിട്ടില്ല. കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുമുണ്ട്. 9 ഇന്നിങ്‌സില്‍ കോലി ഓപ്പണറായപ്പോള്‍ 400 റണ്‍സാണ് നേടിയത്. 57 ശരാശരിയും 161 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. കോലിയുടെ ഇന്ത്യന്‍ ജേഴ്‌സിയിലെ ഏക ടി20 സെഞ്ച്വറി പിറന്നത് ഓപ്പണറായി ഇറങ്ങിയപ്പോഴാണ്. എന്നാല്‍ ഇന്ത്യ കൂടുതലും മൂന്നാം നമ്പറിലാണ് കോലിയെ വിശ്വസിക്കുന്നത്. അതേ സമയം രോഹിത് ഓപ്പണിങ് സ്‌പെഷ്യലിസ്റ്റാണ്.
116 ഇന്നിങ്‌സില്‍ നിന്ന് 3493 റണ്‍സാണ് അദ്ദേഹം നേടിയത്. 32 ശരാശരിയും 142 സ്‌ട്രൈക്ക് റേറ്റുമാണ് ഹിറ്റ്മാന്റെ പേരിലുള്ളത്. രണ്ട് പേരും ചേര്‍ന്ന് 8000ലധികം ടി20 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ഈ കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. കാരണം രോഹിത്തും കോലിയും ഓപ്പണിങ്ങില്‍ ഇറങ്ങുകയും രണ്ട് പേരും തുടക്കത്തിലേ മടങ്ങുകയും ചെയ്താല്‍ ടീമിനെയത് കൂട്ടത്തകര്‍ച്ചയിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ കോലി മൂന്നാം നമ്പറില്‍ കളിക്കുന്നതാണ് നല്ലത്.

രോഹിത് ശര്‍മ, കോലി എന്നിവരിലൊരാള്‍ ക്രീസില്‍ തുടരേണ്ടത് വലിയ സ്‌കോറിലേക്കെത്താന്‍ നിര്‍ണ്ണായകമാണ്. ഓപ്പണിങ്ങില്‍ രോഹിത് ഇറങ്ങി നടത്തുന്ന പ്രകടനത്തെ അടിസ്ഥാനമാക്കി ബാറ്റിങ് ശൈലി മാറ്റാന്‍ കോലിക്ക് കഴിയും. അതുകൊണ്ടുതന്നെ സാഹചര്യം മനസിലാക്കി കളിക്കാന്‍ കോലി മൂന്നാം നമ്പറില്‍ ഇറങ്ങുന്നതാണ് ബെസ്റ്റ്. മറ്റൊരു കാര്യം കോലിയുടെ സ്‌ട്രൈക്ക് റേറ്റാണ്. പവര്‍പ്ലേ മുതലാക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
കോലി പതിയെ തുടങ്ങി കടന്നാക്രമിക്കുന്ന ബാറ്റിങ് ശൈലിയാണ്. എന്നാല്‍ പവര്‍പ്ലേയില്‍ ഈ ശൈലി ഉപയോഗിക്കുമ്പോള്‍ വേണ്ടത്ര സ്‌കോര്‍ നേടാനാവാതെ പോകുന്നു. കോലി കടന്നാക്രമിക്കാന്‍ ശ്രമിച്ച് തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെടുത്തിയാല്‍ ഇന്ത്യയെ അത് കാര്യമായി ബാധിക്കും. മൂന്നാം നമ്പറില്‍ കോലി ഇറങ്ങിയാല്‍ മധ്യ ഓവറുകളിലാവും കൂടുതല്‍ ബാറ്റ് ചെയ്യേണ്ടി വരിക. ഫീല്‍ഡിങ് നിയന്ത്രണമില്ലാത്ത മധ്യ ഓവറുകളില്‍ റണ്‍സ് നേടാന്‍ കോലിക്ക് സാധിക്കും.
അതുകൊണ്ടുതന്നെ കോലി മൂന്നാം നമ്പറില്‍ കളിക്കുന്നതാണ് ടീമിന് ഗുണകരം. കോലി ക്രീസില്‍ നിലയുറപ്പിച്ച് നിന്നാല്‍ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശിവം ദുബെ തുടങ്ങിയവര്‍ക്കെല്ലാം അതിവേഗം റണ്‍സുയര്‍ത്താനുള്ള ആത്മധൈര്യവും ലഭിക്കും. അതുകൊണ്ടുതന്നെ നിലവിലെ മൂന്നാം നമ്പര്‍ പൊസിഷനാണ് കോലിക്ക് കൂടുതല്‍ ഗുണകരം. ഐപിഎല്ലിലെ സാഹചര്യവും ദേശീയ ടീമിന്റെ സാഹചര്യവും തികച്ചും വ്യത്യസ്തമാണ്.
ഐപിഎല്ലില്‍ ആര്‍സിബിക്കായി കോലി ഓപ്പണിങ്ങില്‍ മിന്നിക്കുന്നുണ്ട്. ഈ സീസണിലും റണ്‍വേട്ടക്കാരില്‍ ഒന്നാമനായാണ് കോലി മുന്നേറുന്നത്. എന്നാല്‍ ഇതേ രീതിയില്‍ ഇന്ത്യക്കായി കളിക്കുക ദുഷ്‌കരമാണ്. രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാളിനെപ്പോലെ കടന്നാക്രമിക്കാന്‍ ശേഷിയുള്ള ഓപ്പണര്‍ തുടരുന്നതാണ് നല്ലത്. ജയ്‌സ്വാള്‍ നിലവില്‍ മികച്ച ഫോമിലല്ലെങ്കിലും പ്രതിഭയുള്ള ബാറ്റ്‌സ്മാനാണ്. അനാവശ്യ പരീക്ഷണം നടത്തുന്നത് ഇന്ത്യക്ക് തിരിച്ചടിയാവാനാണ് സാധ്യത കൂടുതല്‍.