വാഷിങ്ടണ്‍: ടി20 ലോകകപ്പിനുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇന്ത്യയെ സംബന്ധിച്ച് പല കാരണങ്ങളാല്‍ ഇത്തവണത്തെ ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ടി20 ലോകകപ്പിന് ശേഷം പടിയിറങ്ങും. രോഹിത്തിന്റേയും കോലിയുടേയും അവസാന ടി20 ലോകകപ്പായിരിക്കും ഇത്. അതുകൊണ്ടെല്ലാം ഇന്ത്യ ഇത്തവണ കപ്പിലേക്കെത്താന്‍ അതിയായി ആഗ്രഹിക്കുന്നു. ഇത്തവണ ശക്തമായ താരനിര ഇന്ത്യക്കുണ്ട്.
എന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പ് എളുപ്പമല്ല. പല ആശയക്കുഴപ്പങ്ങളും ഇന്ത്യയെ വേട്ടയാടുന്നു. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഓപ്പണിങ്ങില്‍ ആരൊക്കെ എന്നതാണ്. വിരാട് കോലിയെ ഓപ്പണര്‍ സ്ഥാനത്തേക്ക് എത്തിക്കണമോയെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഐപിഎല്ലില്‍ ആര്‍സിബിയുടെ ഓപ്പണറാണ് കോലി. അതുകൊണ്ടുതന്നെ കോലിയെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
എന്നാല്‍ രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് സമീപകാലത്തായി ഇന്ത്യ തുടരുന്നത്. അതുകൊണ്ടുതന്നെ ഇത്തരമൊരു മാറ്റം കൊണ്ടുവരാന്‍ ഇന്ത്യ തയ്യാറായേക്കില്ല. എങ്കിലും ഇത് ക്യാപ്റ്റനേയും പരിശീലകനേയും കുഴപ്പിക്കുന്ന കാര്യമാണ്. രണ്ടാമത്തെ കാര്യം വിക്കറ്റ് കീപ്പറെ സംബന്ധിച്ചാണ്. ഇടം കൈയന്‍ റിഷഭ് പന്തിനാണ് ഇന്ത്യ മുന്‍തൂക്കം നല്‍കുന്നതെന്ന് വ്യക്തം. എന്നാല്‍ സഞ്ജു സാംസണിന്റെ ഫോമിനെ പൂര്‍ണ്ണമായും അവഗണിക്കാനും സാധിക്കില്ല.
സ്പിന്‍ പിച്ചില്‍ തിളങ്ങാന്‍ സഞ്ജുവിന് സവിശേഷമായ മികവുണ്ട്. അതുകൊണ്ടുതന്നെ റിഷഭാണോ സഞ്ജുവാണോ ടീമില്‍ വേണ്ടതെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. മറ്റൊരു ആശയക്കുഴപ്പം പേസ് ഓള്‍റൗണ്ടറെ സംബന്ധിച്ചാണ്. ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനെന്ന നിലയില്‍ എന്തായാലും പ്ലേയിങ് 11ല്‍ ഉണ്ടാവും. എന്നാല്‍ ശിവം ദുബെയെ എവിടെ കളിപ്പിക്കുമെന്നതാണ് ചോദ്യം. ഇതും ടീം മാനേജ്‌മെന്റിനെ ആശയക്കുഴപ്പത്തിലാക്കുന്നു.

സ്പിന്‍ നിരയില്‍ നാല് പേരെയാണ് ഇന്ത്യ പരിഗണിച്ചത്. ഇതില്‍ രവീന്ദ്ര ജഡേജക്കും കുല്‍ദീപ് യാദവിനും സീറ്റുറപ്പാണ്. മൂന്നാം സ്പിന്നറെ ഇന്ത്യ കളിപ്പിക്കുമോ? കളിപ്പിച്ചാല്‍ യുസ് വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍ എന്നിവരിലാര്?. ബാറ്റിങ് കരുത്ത് പരിശോധിക്കുമ്പോള്‍ അക്ഷറിന് മുന്‍തൂക്കമുണ്ട്. ഐപിഎല്ലിലും താരം മികവ് കാട്ടിയിരുന്നു. എന്നാല്‍ അക്ഷറും ജഡേജയും കുല്‍ദീപും ഇടം കൈയന്‍ സ്പിന്നര്‍മാരാണ്. അതുകൊണ്ട് ചഹാലിനെ പരിഗണിക്കണമോയെന്നതും പ്രസക്തമായ ചോദ്യമാണ്.
പേസ് നിരയില്‍ ജസ്പ്രീത് ബുംറയുടെ സ്ഥാനത്തിന് എതിര്‍വാക്കില്ല. എന്നാല്‍ മറുവശത്ത് രണ്ടാം പേസറായി ആരെന്നതാണ് ചോദ്യം. ഇടം കൈയന്‍ പേസറായി അര്‍ഷ്ദീപ് സിങ്ങുണ്ട്. മുഹമ്മദ് സിറാജാണ് മറ്റൊരാള്‍. രണ്ട് പേരും ഐപിഎല്ലില്‍ ഭേദപ്പെട്ട് നിന്നവരാണ്. അതുകൊണ്ടുതന്നെ പേസ് നിരയില്‍ ആരെന്നത് രോഹിത്തിന്റേയും ദ്രാവിഡിന്റേയും തലപുകയ്ക്കുന്ന കാര്യമാണ്. ഇക്കാര്യത്തിലെല്ലാം അന്തിമ തീരുമാനം നായകന്‍ രോഹിത് ശര്‍മയുടേതാണ്.
ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ല. മികച്ച താരനിര ഇന്ത്യക്കുണ്ടെങ്കിലും ഫോമാണ് പ്രശ്‌നം. ഫോം വിലയിരുത്തി പ്ലേയിങ് 11 പരിഗണിക്കാന്‍ രോഹിത്തും ദ്രാവിഡും തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. പാകിസ്താന്‍ ഇത്തവണ ശക്തമായ താരനിരയോടെയാണ് എത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.