ഐസിസി ട്രോഫിക്കു വേണ്ടിയുള്ള ടീം ഇന്ത്യയുടെ കാത്തിരിപ്പ് 10 വര്‍ഷവും പിന്നിട്ട് അനിശ്ചിതമായി മുന്നോട്ടു തന്നെ പോവുകയാണ്. ഇത്തവണ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലെങ്കിലും ഇന്ത്യ ഈ കാത്തിരിപ്പ് അവസാനിപ്പിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. കിരീടമെന്ന ലക്ഷ്യത്തിലേക്കു അപരാജിത കുതിപ്പ് നടത്തി ഇന്ത്യ ഉജ്ജ്വലമായി തന്നെ മുന്നേറിയെങ്കിലും ഫൈനലെന്ന അവസാന കടമ്പയില്‍ തട്ടി വീണ് ഈ മോഹം പൊലിയുകയായിരുന്നു. വീണ്ടും ഇന്ത്യക്കു അടുത്ത ടൂര്‍ണമെന്റിനായുള്ള കാത്തിരിപ്പാണ്.
ഭാഗ്യത്തിനു അധികം കാത്തിരിക്കേണ്ടി വരില്ല. ഏഴു മാസത്തിനകം വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റ് നടക്കാനിരിക്കുകയാണ്. ടി20 ലോകകപ്പാണ് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്നത്. ഇനിയുള്ള പരമ്പരകളും മാസങ്ങളും ഇന്ത്യക്കു തയ്യാറെടുപ്പിന്റെ സമയമാണ്. കൂടാതെ ഐപിഎല്ലും താരങ്ങളെ മികച്ച തയ്യാറെടുപ്പിനു സഹായിക്കും.

പക്ഷെ ടി20 ലോകകപ്പിനു മുമ്പ് ചില അബദ്ധങ്ങള്‍ ഇന്ത്യ വരുത്താനിടയുണ്ട്. ഈ പിഴവുകള്‍ കാരണം ലോക കിരീടവും ഇന്ത്യക്കു ഒരിക്കല്‍ക്കൂടി നഷ്ടമായേക്കും. ഇന്ത്യക്കു സംഭവിക്കാനിടയുള്ള പ്രധാനപ്പെട്ട അബദ്ധങ്ങള്‍ എന്തൊക്കെയാണൈന്നു നമുക്കു പരിശോധിക്കാം. ആദ്യത്തേത് വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയെ തെറ്റായ രീതിയില്‍ ഉപയോഗിച്ച് നശിപ്പിക്കുകയെന്നതാണ്.
സ്പിന്നര്‍മാര്‍ക്കെതിരേ അനായാസം വമ്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള ദുബെയുടെ കഴിവ് എല്ലാവര്‍ക്കുമറിയാം. പക്ഷെ അദ്ദേഹം ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ അത്രത്തോളം ഇംപാക്ടുണ്ടാക്കുന്നയാളല്ല. അതുകൊണ്ടു തന്നെ ദുബെയ്ക്കു ഫിനിഷറുടെ റോള്‍ യോജിക്കുകയുമില്ല. ഡെത്ത് ഓവറുകളില്‍ അദ്ദേഹത്തെ പരീക്ഷിക്കാതിരിക്കുന്നതാവും നല്ലത്. എന്നാല്‍ ദുബെയ്ക്കു ഫിനിഷറുടെ റോള്‍ ഇന്ത്യ മണ്ടത്തരം കാണിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതു ഒഴിവാക്കാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്.
പേസര്‍മാര്‍ക്കെതിരേ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനായ, ഫിനിഷറുടെ റോള്‍ ഏറ്റവും നന്നായി യോജിക്കുന്ന റിങ്കു സിങിനെ മധ്യ ഓവറുകളില്‍ പരീക്ഷിക്കുകയെന്നതാണ് ഇന്ത്യന്‍ ടീം കാണിക്കാനിടയുള്ള രണ്ടാമത്തെ മണ്ടത്തരം. അവസാന ഓവറുകളാണ് റിങ്കുവിനു ഏറ്റവും യോജിച്ചത്.
പേസര്‍മാരുടെ ഷോര്‍ട്ട് ബോളുകളും യോര്‍ക്കറുകളുമെല്ലാം സര്‍ഥമായി നേരിട്ട് ഫോറുകളും സിക്‌സുകളുമടിക്കാന്‍ അദ്ദേഹത്തിനു അസാധാരണ മികവുണ്ട്. അതുകൊണ്ടു തന്നെ ഫിനിഷറുടെ റോള്‍ പരമാവധി നല്‍കി റിങ്കുവിന്റെ കഴിവ് ലോകകപ്പ് ആവുമ്പോഴേക്കും മിനുക്കിയെടുക്കാനാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടത്. അല്ലാതെ മധ്യ ഓവറുകളില്‍ പരീക്ഷിച്ച് താരത്തിന്റെ ഫോമും ആത്മവിശ്വാസവും നഷ്ടപ്പെടുത്തരുത്.
പാര്‍ട്ട് ടൈം ബൗളര്‍മാരെ കൂടുതലായി ഉപയോഗിക്കാതിരിക്കുകയെന്നതാണ് ഇന്ത്യ വരുത്താന്‍ പോവുന്ന മൂന്നാമത്തെ പിഴവ്. പാര്‍ട്ട് ടൈം ബൗളര്‍മാരുടെ അഭാവം കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ ചില മല്‍സരങ്ങളില്‍ ശരിക്കും അനുഭവിച്ചിരുന്നു. ഇതു നികത്താന്‍ അടുത്ത ടി20 ലോകകപ്പിനു മുമ്പ് കൂടുതല്‍ പാര്‍ട്ട് ടൈം ബൗളര്‍മാരെ വളര്‍ത്തിയെടുക്കണം. മല്‍സരത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ ഇതു ടീമിനു വലിയ മുതല്‍ക്കൂട്ടായി മാറും. അതുകൊണ്ട് തന്നെ സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ക്കും ഇടയ്ക്കു ചില ഓവറുകള്‍ നല്‍കി ബൗളിങിലും ഉപയോഗപ്പെടുത്തണം.

ബാറ്റിങ് കൂടി വശമുള്ള ബൗളര്‍മാരെ ടീമിലെടുക്കാതിരിക്കുകയെന്നതാണ് ഇന്ത്യക്കു സംഭവിക്കാനിടയുള്ള നാലാമത്തെ പിഴവ്. കഴിഞ്ഞ ലോകകപ്പില്‍ ടോപ്പ് 7 കഴിഞ്ഞാല്‍ മറ്റുള്ളവരൊന്നും ബാറ്റിങില്‍ വിശ്വസ്തരായിരുന്നില്ല. എന്നാല്‍ ദീപക് ചാഹറിനെപ്പോലെ ആവശ്യമെങ്കില്‍ ബാറ്റിങിലും ചെറിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന ബൗളര്‍മാരെ ടീമിലെത്തിക്കാനും അവസരങ്ങള്‍ നല്‍കാനും ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്.
ഇന്ത്യക്കു സംഭവിക്കാനിടയുള്ള അഞ്ചാമത്തെ അബദ്ധം വ്യക്തിഗത നേട്ടങ്ങള്‍ക്കായി ബാറ്റര്‍മാര്‍ ഇന്നിങ്‌സിനു വേഗത കുറയ്ക്കുകയെന്നതാണ്. കഴിഞ്ഞ ലോകകപ്പില്‍ ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിട്ടിട്ടുള്ള താരമാണ് ഇതിഹാസ ബാറ്റര്‍ വിരാട് കോലി.
ഈ പിഴവ് ഇന്ത്യയുടെ ഒരു താരവും ഇനിയുള്ള ടി20കളില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ ജയത്തിനായിരിക്കണം താരങ്ങള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്. ഈ അഞ്ചു തെറ്റുകളും ആവര്‍ത്തിക്കാതിരുന്നാല്‍ അടുത്ത ടി20 ലോകകപ്പില്‍ കിരീടമെന്ന ഇന്ത്യയുടെ മോഹം പൂവണിഞ്ഞേക്കും.