കറാച്ചി: ടി20 ലോകകപ്പില്‍ നിന്ന് ഗ്രൂപ്പ് ഘട്ടം കാണാതെ പാകിസ്താന്‍ പുറത്തായിരിക്കുകയാണ്. ഗ്രൂപ്പ് എയില്‍ മത്സരിച്ച പാകിസ്താന്‍ അമേരിക്കയോടും ഇന്ത്യയോടും തോറ്റതാണ് തിരിച്ചടിയായത്. നിര്‍ണ്ണായകമായ അയര്‍ലന്‍ഡ്-അമേരിക്ക മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടതും പാകിസ്താന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. ഇന്ത്യ ഗംഭീര പ്രകടനത്തോടെ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചിട്ടുണ്ട്. ആദ്യത്തെ മൂന്ന് മത്സരത്തിലും ജയിച്ചാണ് ഇന്ത്യ സൂപ്പര്‍ 8 ടിക്കറ്റെടുത്തത്.
എന്നാല്‍ ഇന്ത്യയുടെ പ്രധാന താരങ്ങളുടെ ഫോം നിരാശപ്പെടുത്തുന്നതായിരുന്നു. വിരാട് കോലിയില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചെങ്കിലും താരം ഫ്‌ളോപ്പായി. ആദ്യത്തെ മൂന്ന് മത്സരത്തില്‍ നിന്ന് അഞ്ച് റണ്‍സാണ് കോലി നേടിയത്. ഇതില്‍ ഒരു ഗോള്‍ഡന്‍ ഡെക്കും ഉള്‍പ്പെടും. ഇപ്പോഴിതാ കോലിയെ ടി20യില്‍ പ്രശംസിക്കുന്നത് അനാവശ്യമാണെന്നും കോലിയെക്കാള്‍ മികച്ച ടി20 താരം ഉമ്രാന്‍ അക്മലാണെന്ന് കണക്കുകള്‍ നോക്കിയാല്‍ മനസിലാകുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പറായ കമ്രാന്‍ അക്മല്‍.
'ഉമ്രാന്‍ അക്മലിന്റെ ടി20യിലെ കണക്കുകള്‍ കഴിഞ്ഞ ദിവസമാണ് ശ്രദ്ധിച്ചത്. ടി20യില്‍ വിരാട് കോലിയെക്കാള്‍ മികച്ച കണക്കുകള്‍ ഉമ്രാനുണ്ട്. താരമെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ കോലിയോട് ചേര്‍ത്ത് നിര്‍ത്താന്‍ ഉമ്രാനെ സാധിക്കില്ല. എന്നാല്‍ ടി20യില്‍ കോലിയെക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റും ലോകകപ്പില്‍ ഉയര്‍ന്ന സ്‌കോറും ഉമ്രാനുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് പിആര്‍ കമ്പനികളില്ല. അതുകൊണ്ടുതന്നെ ഞങ്ങളുടെ കണക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അധികം ചര്‍ച്ചയാവാറില്ല.
ഇന്നത്തെ പാകിസ്താന്‍ താരങ്ങളുടെ എത്ര പേരുടെ കണക്കുകള്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്' കമ്രാന്‍ അക്മല്‍ ചോദിക്കുന്നു. വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടിയ താരമാണ്. ഈ മികവിനോട് കിട പിടിക്കാന്‍ നിലവിലെ ഒരു താരങ്ങള്‍ക്കുമാവില്ല. ടി20യിലും ഗംഭീരമായ കണക്കുകള്‍ കോലിക്ക് അവകാശപ്പെടാം. എന്നാല്‍ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് എപ്പോഴും വലിയ പ്രശ്‌നമായി ഉയര്‍ത്തപ്പെടുന്നു.

ആധുനിക ടി20യില്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതിന് വലിയ പ്രാധാന്യമുണ്ട്. മിക്ക മത്സരത്തിലും പിച്ചുകള്‍ ബാറ്റിങ്ങിന് അനുകൂലമായാവും. അതുകൊണ്ടുതന്നെ സ്‌ട്രൈക്ക് റേറ്റിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. പക്ഷെ കോലി ക്ലാസിക് താരമായതിനാല്‍ മിക്കപ്പോഴും ഈ സ്‌ട്രൈക്ക് റേറ്റ് ഇന്ത്യന്‍ ടീം കാര്യമായി പരിഗണിക്കുന്നില്ല. കോലിയുടെ സാന്നിധ്യം നല്‍കുന്ന ആത്മവിശ്വാസത്തിനാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്.
നിലവിലെ പല താരങ്ങളുടേയും സ്‌ട്രൈക്ക് റേറ്റ് പരിഗണിച്ചാല്‍ കോലിയെക്കാള്‍ മുന്നിലാണെന്ന് പറയാം. എന്നാല്‍ കോലിയെപ്പോലെ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ളതും സമ്മര്‍ദ്ദത്തെ മറികടക്കാന്‍ ശേഷിയുള്ളതുമായ താരങ്ങള്‍ കുറവാണ്. ഉമ്രാന്‍ അക്മല്‍ പ്രതിഭയുള്ള താരമായിരുന്നെങ്കിലും പെരുമാറ്റം മോശമായതിനാലാണ് അദ്ദേഹം തഴയപ്പെട്ടത്. പല വിവാദങ്ങളും കളത്തിനകത്തും പുറത്തും താരം സൃഷ്ടിച്ചു. 84 ടി20യില്‍ നിന്ന് 26 ശരാശരിയില്‍ 1690 റണ്‍സാണ് ഉമ്രാന്‍ നേടിയത്.
122.73 സ്‌ട്രൈക്ക് റേറ്റിലാണ് ഉമ്രാന്‍ കളിച്ചത്. എട്ട് അര്‍ധ സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്. വിരാട് കോലി 120 ടി20യാണ് കളിച്ചത്. 49 ശരാശരിയില്‍ 4042 റണ്‍സാണ് കോലി നേടിയത്. ഒരു സെഞ്ച്വറിയും 37 അര്‍ധ സെഞ്ച്വറിയും നേടിയ കോലിക്ക് 137.91 എന്ന ഭേദപ്പെട്ട സ്‌ട്രൈക്ക് റേറ്റുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് കമ്രാന്‍ കോലിയെക്കാള്‍ മികച്ച ടി20 താരം ഉമ്രാന്‍ അക്മലാണെന്ന് അഭിപ്രായപ്പെട്ടത് എന്നത് അദ്ദേഹത്തിന് മാത്രം അറിയാവുന്ന കാര്യമാണ്.
കോലി അസാധ്യ പ്രതിഭയുള്ള താരമാണ്. കോലിയുടെ മികവിന് മുകളില്‍ നില്‍ക്കാന്‍ ശേഷിയുള്ള താരം ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു. നിലവില്‍ ടി20യിലെ കോലിയുടെ റെക്കോഡുകള്‍ ആരേയും മോഹിപ്പിക്കുന്നതാണെന്ന് പറയാം.