ജൂണില്‍ ഐസിസി ടി20 ലോകകപ്പ് നടക്കാനിരിക്കെ ആരൊക്കെയാവും ടീം ഇന്ത്യയുടെ ഭാഗമാവുകയെന്ന ത്രില്ലിലും ആകാംക്ഷയിലുമാണ് ആരാധകര്‍. ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിലെ ഭൂരിഭാഗം പേരെയും കുറിച്ച് സെലക്ടര്‍മാര്‍ക്കു ധാരണയായിക്കഴിഞ്ഞു. ചില കളിക്കാരുടെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ സംശയം നിലനില്‍ക്കുന്നത്. വരാനിരിക്കുന്ന ഐപിഎല്‍ 17ാം സീസണിലെ പ്രകടനം പരിഗണിച്ചായിരിക്കും അന്തിമ സ്‌ക്വാഡിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുക.
ഇപ്പോള്‍ ചിത്രത്തില്‍ പോലുമില്ലാത്ത ചില കളിക്കാര്‍ ഐപിഎല്ലില്‍ കസറിയാല്‍ ലോകകപ്പ് ടീമിലേക്കു വരാനിടയുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇന്ത്യക്കു വേണ്ടി ടി20യില്‍ ഒരു മല്‍സരം പോലും കളിച്ചിട്ടില്ലാത്ത ചിലര്‍ക്കു ടി20 ലോകകപ്പിലേക്കു സര്‍പ്രൈസ് കോള്‍ വന്നേക്കും.

സമീപകാലത്തെ ചില ഐസിസി ടൂര്‍ണമെന്റുകളെടുത്താല്‍ ദീര്‍ഘകാലം കളിച്ചിട്ടില്ലാത്ത ചില താരങ്ങള്‍ക്കു അപ്രതീക്ഷിതമായി ടീമിലിടം ലഭിച്ചിട്ടുണ്ടെന്നു കാണാം. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇതു സംഭവിക്കാനിടയുണ്ട്. ഒരു വര്‍ഷത്തിലേറെയായി ടി20 ടീമിന്റെ ഭാഗമല്ലാതിരുന്നിട്ടും ലോകകപ്പ് ടീമിലേക്കു നറുക്കു വീഴാനിടയുള്ള മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.
സ്റ്റാര്‍ ബാറ്ററും ഏകദിനത്തില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുമായി മാറിയിരിക്കുന്ന കെഎല്‍ രാഹുലാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഒരു വര്‍ത്തിലേറെയായി ദേശീയ ടീമിനു വേണ്ടി ഒരു ടി20 പോലും അദ്ദേഹം കളിച്ചിട്ടില്ല. പക്ഷെ ടി20 ലോകകപ്പില്‍ രാഹുല്‍ ടീമിലിടം പിടിച്ചാല്‍ ആശ്ചര്യപ്പെടാനില്ല. നിലവില്‍ ഏകദിനം, ടെസ്റ്റ് എന്നിവയിലെ ഫോം പരിഗണിക്കുമ്പോള്‍ ടി20 ലോകകപ്പിലും രാഹുലിനു സ്ഥാനം ലഭിച്ചേക്കും.
ഓപ്പണിങില്‍ നിന്നും മാറിയ അദ്ദേഹം ഇപ്പോള്‍ മധ്യനിര ബാറ്ററായിക്കഴിഞ്ഞു. അതിനു ശേഷം രാഹുലിന്റെ പ്രകടനത്തിലും വലിയ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ പല തവണ ടീമിന്റെ രക്ഷകനാവാന്‍ താരത്തിനായിട്ടുണ്ട്. ഇതു മാത്രമല്ല കിടിലനൊരു വിക്കറ്റ് കീപ്പറായും രാഹുല്‍ മാറിയിരിക്കുകയാണ്. കഴിഞ്ഞ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നിവയില്‍ അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ് ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു.
ഡിആര്‍എസ് കോളുകളെടുക്കുന്നതില്‍ പുലര്‍ത്തുന്ന കണിശതയും മിടുക്കും രാഹുലിനു പ്ലസ് പോയിന്റായി മാറുന്നു. അതുകൊണ്ടു തന്നെ ജിതേഷ് ശര്‍മ, മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ഓവര്‍ടേക്ക് ചെയ്ത് രാഹുല്‍ ലോകകപ്പിലെ വിക്കറ്റ് കീപ്പറായി വരാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.
2022 നവംബറില്‍ ഇംഗ്ലണ്ടിനെതിരേ ഓവലിലാണ് അദ്ദേഹം അവസാനമായി ടി20യില്‍ കളിച്ചത്. ടി20 കരിയറെടുത്താല്‍ 72 മല്‍സരങ്ങളില്‍ നിന്നും 37.75 ശരാശരിയില്‍ 139.13 സ്‌ട്രൈക്ക് റേറ്റില്‍ 2265 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും 22 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് തീര്‍ത്തും അപ്രതീക്ഷിതമായി ടി20 ലോകകപ്പ് ടീമിലേക്കു നറുക്കുവീഴാനിടയുള്ള രണ്ടാമത്തെ താരം. നിലവില്‍ അദ്ദേഹം ഒരു ഫോര്‍മാറ്റിലും ദേശീയ ടീമിന്റെ ഭാഗമല്ല. പക്ഷെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ അസാധാരണ പ്രകടനം കാഴ്ചവയ്ക്കാനായാല്‍ വരുണിനു ലോകകപ്പ് സ്‌ക്വാഡിലേക്കു സര്‍പ്രൈസ് കോള്‍ വന്നേക്കും.

2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു വരുണ്‍. അന്നു സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ പോലും മറികടന്നാണ് അദ്ദേഹത്തിനു ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചത്. ഐപിഎല്ലിലെ മാജിക്കല്‍ പ്രകടനമായിരുന്നു ഇതിനു കാരണം. പക്ഷെ ലോകകപ്പില്‍ ഇംപാക്ടുണ്ടാക്കാന്‍ കഴിയാതെ വന്നതോടെ വരുണിനു ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. എന്നാല്‍ ഐപിഎല്ലില്‍ തിളങ്ങിയാല്‍ 24 കാരനായ വരുണിനു ടീമിലേക്കു വീണ്ടും അവസരം ലഭിച്ചേക്കും.
സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയാണ് ടി20 ലോകകപ്പില്‍ അവസരം ലഭിക്കാനിടയുള്ള മൂന്നാമത്തെ സര്‍പ്രൈസ് താരം. ഏകദിനം, ടെസ്റ്റ് എന്നിവയിലെല്ലാം ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും ഒരു വര്‍ഷത്തിലേറെയായി ഷമി ടി20യല്‍ കളിച്ചിട്ടില്ല. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാനത്തെ ടി20 ലോകകപ്പില്‍ അദ്ദേഹം ഇന്ത്യക്കായി കളിച്ചിരുന്നു.
പരിക്കു കാരണം ജസ്പ്രീത് ബുംറയ്ക്കു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടി വന്നതോടെയാണ് പകരം ഷമിക്കു ടീമില്‍ ഇടം ലഭിച്ചത്. 2022ല്‍ ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടന്ന മല്‍സരത്തിനു ശേഷം അദ്ദേഹം ടി20 കളിച്ചിട്ടില്ല.
പക്ഷെ നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ഷമിക്കു ടി20 ലോകകപ്പില്‍ ഇടം ലഭിച്ചേക്കും. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് അദ്ദേഹമായരുന്നു. ടി20യില്‍ ഇന്ത്യക്കു വേണ്ടി 23 മല്‍സരങ്ങളില്‍ കളിച്ച ഷമി 24 വിക്കറ്റുകളെടുത്തിട്ടുണ്ട്.