T20 World Cup 2024: സഞ്ജുവിന്റെ വഴിയടഞ്ഞിട്ടില്ല, ഇനിയും ലോകകപ്പ് കളിക്കാം! പക്ഷെ അത് നടക്കണം
മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരം സഞ്ജു സാംസണെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായിരുന്നു. ആദ്യത്തെ രണ്ട് മത്സരത്തിലും അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് മൂന്നാം മത്സരത്തില്‍ അപ്രതീക്ഷിതമായി വിളിയെത്തുകയായിരുന്നു. എന്നാല്‍ ലഭിച്ച അവസരം മുതലാക്കാന്‍ സഞ്ജുവിനായില്ല. മോശം ഷോട്ടിന് ശ്രമിച്ച് ഡെക്കിനാണ് സഞ്ജു മടങ്ങിയത്. ഇന്ത്യ തകര്‍ച്ച നേരിടുന്ന സമയത്ത് ഉത്തരവാദിത്തം കാട്ടാന്‍ സഞ്ജു തയ്യാറായില്ല.
ഏറ്റവും മോശം ഷോട്ട് കളിച്ചാണ് താരം പുറത്തായത്. രണ്ടാം സൂപ്പര്‍ ഓവറിലും ബാറ്റ് ചെയ്യാന്‍ സഞ്ജു ഇറങ്ങിയെങ്കിലും ഡെക്കിന് പുറത്താവാനായിരുന്നു വിധി. രണ്ട് തവണ ഡെക്കായി സുവര്‍ണ്ണാവസരം തുലച്ചതോടെ സഞ്ജുവിനെതിരേ വലിയ വിമര്‍ശനം ഉയരുകയാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് സഞ്ജു നഷ്ടപ്പെടുത്തിയത്. ഇനി സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിക്കാനാവില്ലെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.
എന്നാല്‍ ടി20 ലോകകപ്പിലേക്കുള്ള സഞ്ജുവിന്റെ വഴി അടഞ്ഞട്ടില്ലെന്ന് പറയാം. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. സഞ്ജുവിന് ടി20 ലോകകപ്പില്‍ സീറ്റ് ലഭിക്കാന്‍ ഇപ്പോഴും സാധ്യതയുള്ളത് ഇഷാന്‍ കിഷന്‍ കാരണമാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ടീം മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇഷാനെ തഴഞ്ഞതാണെന്നാണ് വിവരം.
ഇഷാന്‍ കിഷന്‍ മാനസിക ആരോഗ്യത്തിന് വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്തത്. എന്നാല്‍ ഇതിന് ശേഷം ചില സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുകയും ചാനലുകള്‍ക്ക് അഭിമുഖം നല്‍കുകയും ചെയ്തു. ഇത് ടീം മാനേജ്‌മെന്റിനെ വഞ്ചിക്കുന്ന കാര്യമായാണ് അവര്‍ വിലയിരുത്തിയത്. ഇതോടെ ഇഷാന്‍ കിഷനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്നും തഴഞ്ഞു. ടി20 ലോകകപ്പിലും ഇഷാന്‍ തഴയപ്പെട്ടേക്കുമെന്നാണ് സൂചന.

അങ്ങനെ വരുമ്പോള്‍ സഞ്ജു സാംസണിലേക്ക് തന്നെ സെലക്ടര്‍മാര്‍ എത്തിയേക്കും. കാരണം കെ എല്‍ രാഹുലിനെ നിലവില്‍ ഇന്ത്യ ടി20യിലേക്ക് പരിഗണിക്കുന്നില്ല. ടെസ്റ്റിലും ഏകദിനത്തിലും കളിപ്പിക്കുന്നതുപോലെ രാഹുലിനെ ടി20യില്‍ മധ്യനിരയില്‍ കളിപ്പിക്കാനാവില്ല. ടോപ് ഓഡറിലും അവസരമില്ല. അതുകൊണ്ടുതന്നെ രാഹുലിനെ ടീമിലെടുത്താല്‍ ബാക്കപ്പ് താരമാക്കേണ്ടി വരും. ഇന്ത്യയുടെ സീനിയര്‍ താരങ്ങളിലൊരാളായ രാഹുലിനെ ബെഞ്ചിലിരുത്തുക എളുപ്പമല്ല.
അതുകൊണ്ടുതന്നെ ഇന്ത്യ രാഹുലിനെ ടി20യിലേക്ക് പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ല. റിഷഭ് പന്തും ടി20 ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസിലേക്കെത്താന്‍ സാധ്യതയില്ല. അങ്ങനെ വരുമ്പോള്‍ സഞ്ജുവിനെയും ജിതേഷ് ശര്‍മയേയും ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചേക്കും. മറ്റൊരു വഴിയുള്ളത് ദ്രുവ് ജുറേലിനെ പരിഗണിക്കുകയെന്നതാണ്. ഇതുവരെ അരങ്ങേറാത്ത താരത്തെ ടി20 ലോകകപ്പിലേക്ക് വിളിക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് അവസരം ലഭിച്ചേക്കും.
എന്നാല്‍ വരാനിരിക്കുന്ന ഐപിഎല്‍ സഞ്ജു മുതലാക്കേണ്ടതായുണ്ട്. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കണം. പൊതുവേ സഞ്ജുവിന്റെ പ്രധാന പ്രശ്‌നമായി പറയുന്നത് സ്ഥിരതയില്ലായ്മയാണ്. അതുകൊണ്ടുതന്നെ അത് അങ്ങനെയല്ലെന്ന് പ്രകടനം കൊണ്ട് തെളിയിക്കാന്‍ സഞ്ജുവിന് ഇത്തവണ സാധിക്കേണ്ടതായുണ്ട്. ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിന് കഴിയണം.
അല്ലാത്ത പക്ഷം സെലക്ടര്‍മാര്‍ മറ്റ് താരങ്ങളെ തേടിയേക്കും. സഞ്ജു സാംസണിന് മുന്നില്‍ ടി20 ലോകകപ്പിന്റെ വാതില്‍ പൂര്‍ണ്ണമായും അടഞ്ഞിട്ടില്ലെന്ന് തന്നെ പറയാം. ഐപിഎല്ലിനെ മുതലാക്കി ശക്തമായി തിരിച്ചെത്താന്‍ സഞ്ജുവിന് സാധിക്കുമോയെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications