മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പാണ് ആരാധകരെ കാത്തിരിക്കുന്നത്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കങ്ങളിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ വലിയ പ്രതീക്ഷയാണുള്ളത്. സൂപ്പര്‍ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി 15 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ച് കഴിഞ്ഞു. രോഹിത് ശര്‍മ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്.
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് റിഷഭ് പന്തും സഞ്ജു സാംസണുമാണ് പരിഗണിക്കപ്പെട്ടത്. രണ്ട് പേരും പ്രതിഭാശാലികളായ വിക്കറ്റ് കീപ്പര്‍മാരാണ്. എന്നാല്‍ ഇവരില്‍ ആരെയാണ് ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കേണ്ടതെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റും നായകന്‍ രോഹിത് ശര്‍മയുമെല്ലാം കൂടുതല്‍ പിന്തുണ റിഷഭിനാവും നല്‍കുക. ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയിലും റിഷഭിന് മുന്‍തൂക്കം അവകാശപ്പെടാം.
എന്നാല്‍ സഞ്ജു സാംസണിന്റെ സമീപകാല ഫോം പരിശോധിക്കുമ്പോള്‍ പ്ലേയിങ് 11ല്‍ സഞ്ജുവും ഇടം അര്‍ഹിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ വെല്ലുവിളികളില്ല. പാകിസ്താനെതിരായ മത്സരമാണ് നിര്‍ണ്ണായകം. ടീമിന്റെ അഭിമാന പോരാട്ടമാണിതെന്ന് പറയാം. അവസാന ടി20 ലോകകപ്പിലും ഏകദിന ലോകകപ്പിലും പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയോട് കണക്കുവീട്ടാനുറച്ചാവും പാകിസ്താന്റെ വരവ്.
പാകിസ്താനെതിരേ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ റിഷഭ് അല്ല പകരം സഞ്ജു സാംസണ്‍ കളിക്കണമെന്ന് അഭിപ്രായപപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്. അതിന്റെ കാരണവും ഹര്‍ഭജന്‍ വിശദീകരിക്കുന്നുണ്ട്. 'പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് റിഷഭ് തിരിച്ചുവന്നത്. ഐപിഎല്ലില്‍ മോശമല്ലാത്ത പ്രകടനവും റിഷഭ് നടത്തിയിട്ടുണ്ട്. മികച്ച ഫിറ്റ്‌നസോടെ കളിക്കുന്ന റിഷഭ് വിക്കറ്റിന് പിന്നിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. എന്നാല്‍ സഞ്ജുവിനെ മാറ്റി നിര്‍ത്താനാവില്ല.

വളരെ മനോഹരമായി സഞ്ജു കളിച്ചു. അവന് അവസരം ലഭിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ 30, 40 റണ്‍സ് നേടുന്ന പഴയ സഞ്ജുവല്ല. സ്ഥിരതയോടെ 60, 70 റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. സ്പിന്നിനെതിരേ കൂടുതല്‍ നന്നായി കളിക്കാന്‍ സഞ്ജുവിന് സാധിക്കും. എന്നാല്‍ എല്ലാവര്‍ക്കും റിഷഭിനെ തിരികെ കൊണ്ടുവരാനാണ് തിടുക്കം. കഠിനമായി അവന്‍ അധ്വാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സവിശേഷമായ പ്രകടനം ഇന്ത്യക്കായും നടത്തുമെന്നാണ് കരുതപ്പെടുന്നത്' ഹര്‍ഭജന്‍ പറഞ്ഞു.
റിഷഭിനെക്കാളും മികച്ച പ്രകടനം ഐപിഎല്ലില്‍ സഞ്ജുവാണ് കാഴ്ചവെച്ചത്. അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവടങ്ങളിലെ പിച്ച് സ്ലോവാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ സ്പിന്നിനെതിരേ കൂടുതല്‍ നന്നായി കളിക്കുന്ന താരങ്ങള്‍ വേണം. റിഷഭിനെക്കാളും നന്നായി സ്പിന്നിനെ നേരിടുന്നത് സഞ്ജുവാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കുന്നത് മികച്ച നീക്കമായിരിക്കും. പഴയതിനെക്കാളും പക്വതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്.
ടി20 ലോകകപ്പില്‍ സ്പിന്നിന്റെ ആനുകൂല്യം വിലയിരുത്തി നാല് സ്പിന്നര്‍മാരെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മികച്ച തീരുമാനമാണെന്ന് കരുതുന്നില്ലെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. 'ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തതില്‍ ബാറ്റിങ് നിര ശക്തമാണ്. എന്നാല്‍ ഒരു പേസറുടെ കുറവുണ്ടെന്നാണ് കരുതുന്നത്. റിങ്കു സിങ്ങിനെ എല്ലാവരും മിസ് ചെയ്യും.
കാരണം ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ളവനാണ് റിങ്കു സിങ്. 60 റണ്‍സ് 20 പന്തില്‍ നിന്ന് മറികടക്കാന്‍ ശേഷിയുള്ളവനാണ് റിങ്കു. നാല് സ്പിന്നര്‍മാരെ പരിഗണിച്ചത് കൂടുതലായിപ്പോയെന്നാണ് കരുതുന്നത്. ഇന്ത്യ കപ്പ് നേടുമെന്നാണ് പ്രതീക്ഷ' ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.