പ്രൊവിഡന്‍സ്: ടി20 ലോകകപ്പില്‍ ഉഗാണ്ടയ്‌ക്കെതിരേ വമ്പന്‍ ജയം നേടി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 5 വിക്കറ്റിന് 183 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഉഗാണ്ടയെ 58 റണ്‍സിന് കൂടാരം കയറി. ഇതോടെ 125 റണ്‍സിന്റെ വമ്പന്‍ ജയം അഫ്ഗാന്‍ നേടിയെടുത്തു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഫസല്‍ഹഖ് ഫറൂഖിയാണ് അഫ്ഗാന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്.
ടോസ് നേടിയ ഉഗാണ്ട അഫ്ഗാനിസ്ഥാനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. കന്നി ടി20 ലോകകപ്പ് കളിക്കാനെത്തിയ ഉഗാണ്ടയ്‌ക്കെതിരേ അഫ്ഗാന്‍ ഓപ്പണര്‍മാര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. റഹ്‌മാനുല്ല ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് പവര്‍പ്ലേയിലൂടെത്തന്നെ ടീമിന് അടിത്തറ പാകി. പവര്‍പ്ലേയില്‍ 66 റണ്‍സാണ് അഫ്ഗാന്‍ ഓപ്പണര്‍മാര്‍ നേടിയത്. കൂട്ടുകെട്ട് 154 റണ്‍സില്‍ നില്‍ക്കവെ ഇബ്രാഹിം സദ്രാനെ പുറത്താക്കി ബ്രിയാന്‍ മസാബ ഉഗാണ്ടയ്ക്ക് ആദ്യ ആശ്വാസം നല്‍കി.
46 പന്തില്‍ 9 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 70 റണ്‍സ് നേടിയ സദ്രാന്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. ഉഗാണ്ടയ്ക്കായി ടി20 ലോകകപ്പില്‍ വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി മസാബ മാറി. ടി20 ലോകകപ്പിലെ റെക്കോഡ് ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ക്കാനുള്ള അവസരമാണ് ഇവര്‍ നഷ്ടപ്പെടുത്തിയത്. സദ്രാന് പിന്നാലെ റഹ്‌മാനുല്ല ഗുര്‍ബാസും മടങ്ങി. 45 പന്തില്‍ 4 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 76 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. അല്‍പീഷ് രമ്ജാനിയുടെ പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച് ക്യാച്ചിലൂടെയാണ് ഗുര്‍ബാസ് മടങ്ങിയത്.
എന്നാല്‍ ഓപ്പണര്‍മാരുടെ മികവ് തുടരാന്‍ പിന്നീടെത്തിയവര്‍ക്ക് സാധിക്കാതെ പോയത് അഫ്ഗാന് തിരിച്ചടിയായി. നജീബുല്ല സദ്രാന്‍ 3 പന്തില്‍ 2 റണ്‍സുമായി പുറത്തായി. ഗുല്‍ബാദിന്‍ നയീബിനെ (5 പന്തില്‍ 4) ക്യവൂട്ട പുറത്താക്കി. അസ്മത്തുല്ല ഒമര്‍സായിക്കും (5) വലിയൊരു പ്രകടനം നടത്താനായില്ല. മുഹമ്മദ് നബി 16 പന്തില്‍ 14* റണ്‍സെടുത്തപ്പോള്‍ റാഷിദ് ഖാന്‍ 2 റണ്‍സുമെടുത്ത് ക്രീസില്‍ തുടര്‍ന്നു. ഡെത്തോവറില്‍ ഉഗാണ്ടന്‍ ബൗളര്‍മാര്‍ മികവ് കാട്ടി. ബ്രിയാന്‍ മസാബയും ക്യവൂട്ടയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

200ന് മുകളിലേക്ക് പോകുമെന്ന് കരുതിയ അഫ്ഗാന്‍ സ്‌കോര്‍ബോര്‍ഡിനെ 5 വിക്കറ്റിന് 183 എന്ന നിലയിലേക്ക് തളച്ചിട്ടത് ഡെത്തോവറിലെ ഉഗാണ്ടയുടെ ബൗളിങ് മികവാണ്. കന്നി ലോകകപ്പിലെ ഉഗാണ്ടയുടെ ബൗളിങ് പ്രകടനം തീര്‍ത്തും മോശമായില്ലെന്ന് പറയാം. മറുപടിക്കിറങ്ങിയ ഉഗാണ്ടയ്ക്ക് തുടക്കം മുതല്‍ പിഴച്ചു. റൊണാക് പട്ടേലിനെ (4) പുറത്താക്കി ഫസല്‍ഹഖ് ഫറൂഖിയാണ് ഉഗാണ്ടയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്.
സിമോന്‍ സെസായിയെ (4) മുജീബുര്‍ റഹ്‌മാന്‍ മടക്കിയപ്പോള്‍ റോജര്‍ മുക്കാസയെ (0) ഫസല്‍ഹഖ് ഫറൂഖി മടക്കി. ദിനേഷ് നക്രാണിയെ (6) നവീന്‍ ഉല്‍ ഹഖ് ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ അല്‍പേഷ് റാംജാനിയെ (0) നവീന്‍ ഗുല്‍ബാദിന്‍ നയ്ബിന്റെ കൈയിലെത്തിച്ചു. റിയാസത്ത് അലി ഷാ 34 പന്തില്‍ 11 റണ്‍സ് നേടി അല്‍പ്പനേരം പിടിച്ചുനിന്നപ്പോള്‍ ഫസല്‍ഹഖ് ഫറൂഖി വിക്കറ്റ് നേടി. ദിനേഷ് നക്രാനിയെ (6) നവീന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ അല്‍പേഷ് റാംജാനിയെ (14) നവീന്‍ നയ്ബിന്റെ കൈയിലെത്തിച്ചു.
റോബിന്‍സന്‍ ഒബൂയ 25 പന്തില്‍ 14 റണ്‍സെടുത്ത് മടങ്ങി. നായകന്‍ ബ്രിയാന്‍ മസാബ ഗോള്‍ഡന്‍ ഡെക്കായി. ബിലാല്‍ ഹസനേയും (8) ഹെന്റി സിനോയിണ്ടോ (0) എന്നിവരെ പുറത്താക്കി റാഷിദ് ഖാന്‍ ഉഗാണ്ടയെ 58ലൊതുക്കി. അഫ്ഗാനായി ഫസല്‍ഹഖ് ഫറൂഖി 5 വിക്കറ്റും നവീന്‍ ഉല്‍ ഹഖ്, റാഷിദ് ഖാന്‍ എന്നിവര്‍ 2 വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ മുജീബുര്‍ റഹ്‌മാന്‍ 1 വിക്കറ്റാണ് നേടിയത്.