മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയെ നായകനും ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനുമായി നിയോഗിച്ചുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയതാണ് എടുത്തു പറയേണ്ടത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് ഏറ്റവും കരുത്തുറ്റ ടീമിനെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ റിസര്‍വ് താരമായാണ് റിങ്കു സിങ്ങിനെ ഉള്‍പ്പെടുത്തിയത്. എംഎസ് ധോണിക്ക് ശേഷം ഇന്ത്യ കണ്ടെത്തിയ കൂള്‍ ഫിനിഷറെന്ന വിശേഷം നല്‍കപ്പെട്ട റിങ്കുവിനെ റിസര്‍വ് താരമായാണ് ഇന്ത്യ പരിഗണിച്ചിരിക്കുന്നത്. റിങ്കുവിന് പകരം ശിവം ദുബെയെയാണ് ഇന്ത്യ പരിഗണിച്ചിരിക്കുന്നത്. ഇപ്പോഴിതാ റിങ്കുവിനെ റിസര്‍വ് താരമായി ഒതുക്കിയെന്ന് ആരോപിക്കുകയാണ് ആരാധകര്‍. ഇത്തവണത്തെ ഐപിഎല്ലില്‍ താരം നിരാശപ്പെടുത്തുകയാണ്.
എന്നാല്‍ സമീപകാലത്തെ റിങ്കുവിന്റെ ടി20യിലെ കണക്കുകള്‍ ഇന്ത്യയുടെ മറ്റേത് താരത്തെക്കാളും മികച്ചതാണ്. എന്നിട്ടും റിസര്‍വ് താരമായി ഒതുക്കിയത് നിരാശപ്പെടുത്തുന്ന കാര്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യക്കായി 15 ടി20 കളിച്ച റിങ്കു 356 റണ്‍സാണ് നേടിയത്. 89 ശരാശരിയിലും 176 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം കളിച്ചത്. 31 ഫോറും 20 സിക്‌സും പറത്തി. എന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ശിവം ദുബെക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയായിരുന്നു.
റിങ്കുവിനെ മറികടന്ന് ദുബെ 15 അംഗ ടീമിലേക്കെത്താന്‍ കാരണം അദ്ദേഹത്തിന്റെ ബൗളിങ് മികവാണെന്ന് പറയാം. രണ്ട് പേരും വമ്പനടിക്കാരായ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരാണ്. എന്നാല്‍ ദുബെ മീഡിയം പേസര്‍ കൂടിയാണ്. രണ്ട് ഓവറുകളെങ്കിലും എറിയാന്‍ സാധിക്കുന്ന പാര്‍ട്ട് ടൈം ബൗളറാണ് അദ്ദേഹം. അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും സ്ലോ പിച്ചില്‍ ദുബെയുടെ ബൗളിങ് ടീമിന് ഗുണം ചെയ്യുമെന്ന് വിലയിരുത്തിയാവും ദുബെയെ പ്രധാന ടീമില്‍ ഉള്‍പ്പെടുത്തിയത്.

എന്നാല്‍ ദുബെയെ വിശ്വസ്തനെന്ന് വിളിക്കാന്‍ സാധിക്കില്ല. സമ്മര്‍ദ്ദ സാഹചര്യത്തില്‍ പതറാന്‍ സാധ്യതയുള്ള താരമാണ് ദുബെ. ഐപിഎല്ലില്‍ ശോഭിക്കുന്നുണ്ടെങ്കിലും ദേശീയ ടീമില്‍ ഇതേ മികവ് ആവര്‍ത്തിക്കാനാവുമോയെന്നത് കണ്ടറിയണം. ഇന്ത്യക്കായി 21 ടി20 കളിച്ച് 39.43 ശരാശരിയില്‍ 276 റണ്‍സാണ് ദുബെ നേടിയത്. 145.26 സ്‌ട്രൈക്ക് റേറ്റിലാണ് ദുബെയുടെ പ്രകടനം. റിങ്കുവിനെപ്പോലെ അത്ഭുത ഫിനിഷിങ് നടത്താന്‍ ദുബെക്ക് കഴിവുണ്ടെന്ന് പറയാനാവില്ല.
റിങ്കു സിങ് അവസാന ടി20 മത്സരത്തിലും ഇന്ത്യക്കായി സൂപ്പര്‍ പ്രകടനം നടത്തിയ താരമാണ്. അഫ്ഗാനിസ്ഥാനെതിരേ ടോപ് ഓഡര്‍ തകര്‍ന്നപ്പോള്‍ രോഹിത് ശര്‍മക്കൊപ്പം കൂടി ടീമിനെ വമ്പന്‍ ടോട്ടലിലേക്കെത്തിക്കാന്‍ റിങ്കുവിനായിരുന്നു. ഒറ്റക്ക് ടീമിനെ കരകയറ്റാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനാണ് റിങ്കു. ഐപിഎല്ലില്‍ ഒരോവറിലെ അഞ്ച് പന്തും സിക്‌സര്‍ പായിച്ച് റിങ്കു കെകെആറിനെ വിജയത്തിലേക്കെത്തിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തിലും ശാന്തതയോടെ കളിക്കാന്‍ റിങ്കുവിന് അസാധ്യ കഴിവുണ്ട്.
എന്തായാലും റിസര്‍വ് താരമായി ഒതുക്കിയതിനാല്‍ ഇത്തവണത്തെ ടി20 ലോകകപ്പില്‍ വാട്ടര്‍ബോയിയായി റിങ്കു ഒതുക്കപ്പെടാനാണ് സാധ്യത. ഇനിയൊരു ലോകകപ്പ് കളിക്കാന്‍ റിങ്കുവിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം- രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ഹാര്‍ദിക് പാണ്ഡ്യ (vc), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (wc), സഞ്ജു സാംസണ്‍ (wc), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ
റിസര്‍വ് താരങ്ങള്‍- ശുബ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍