ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ടി20 ലോകകപ്പിലെ ഏറ്റവും വലിയ തലവേദനകളിലൊന്ന് ബൗളിങ് കോമ്പിനേഷന്റെ കാര്യത്തിലാണ്. മൂന്നു സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരും രണ്ടു വീതം സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരും റിസ്റ്റ് സ്പിന്നര്‍മാരും രണ്ടു ഇടംകൈയന്‍ ഫിംഗര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരുമാണ് ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്‌ക്വാഡിലുള്ളത്. ദൈനിക് ജാഗ്രനോടു സംസാരിക്കവെ ഇന്ത്യയുടെ ബൗളിങ് കോമ്പിനേഷന്‍ എങ്ങനെയാവണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്കര്‍.
മൂന്നു സ്പിന്നര്‍മാരെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണമെന്നാണ് ഗവാസ്‌കര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷെ ഇവര്‍ ആരൊക്കെയാവണമെന്നു അദ്ദേഹം എടുത്തു പറയുകയും ചെയ്തിട്ടില്ല. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമാണ് പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ള സ്ലോ ബൗളര്‍മാര്‍. മൂന്നാമത്തെ സ്പിന്നറായി അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരിലൊരാളെയായിരിക്കും ഇന്ത്യ കളിപ്പിച്ചേക്കുക.

ഫാസ്റ്റ് ബൗളര്‍മാരായി രണ്ടു പേര്‍ മാത്രം മതിയെന്നും ഗവാസ്‌കര്‍ പറയുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നേതൃത്വം നല്‍കുന്ന പേസാക്രമണത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ ബാക്കപ്പാക്കണമെന്നും അദ്ദേഹം പറയുന്നു. ഇതോടെ മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കെല്ലാം ഗവാസ്‌കറുടെ ബൗളിങ് ലൈനപ്പില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കും പുറത്തിരിക്കേണ്ടതായി വന്നിരിക്കുകയാണ്.
വെസ്റ്റ് ഇന്‍ഡീസില്‍ വളരെ സന്തുലിതമായ ബൗളിങ് ആക്രമണം പ്രധാനമാണ്. അതുകൊണ്ടു തന്നെ ഇന്ത്യ മൂന്നു സ്പിന്നര്‍മാരെയും രണ്ടു ഫാസ്റ്റ് ബൗളര്‍മാരെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേ തീരൂ. ഹാര്‍ദിക് പാണ്ഡ്യയായിരിക്കണം ബാക്കപ്പ് ഫാസ്റ്റ് ബൗളര്‍. ഇത്തരമൊരു ബൗളിങ് നിരയെ പരീക്ഷിച്ചാല്‍ അതു ടീമിന്റെ ബാലന്‍സ് നിലനിര്‍ത്തുമെന്നു കരുതുന്നതായും ഗവാസ്‌കര്‍ വ്യക്തമാക്കി.
ഹാര്‍ദിക്കും ദുബെയുമാണ് ഇന്ത്യന്‍ നിരയിലെ രണ്ടു സീം ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍. പക്ഷെ ഇരുവരുടെയും ബൗളിങിന്റെ കാര്യത്തില്‍ ഇന്ത്യക്കു ആശങ്കയുണ്ട്. ഐപിഎല്ലിലുള്‍പ്പെടെ രണ്ടു പേരും അധികം ബൗള്‍ ചെയ്തിട്ടില്ലെന്നതു തിരിച്ചടി തന്നെയാണ്. ഇംപാക്ട് പ്ലെയര്‍ നിയമം കാരണം ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ദുബെയ്ക്കു ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചില്ല. ഹാര്‍ദിക്കാവട്ടെ മുംബൈ ഇന്ത്യന്‍സിനു വേണ്ടി എല്ലാ മല്‍സരങ്ങളിലും ബൗളിങിലെ ക്വാട്ടയും തികച്ചിരുന്നില്ല.

വളരെ സന്തുലിതമായ സ്‌കാഡിനെയാണ് ലോകകപ്പിനു വേണ്ടി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ഗവാസ്‌കറുടെ നിരീക്ഷണം. അനുഭവസമ്പത്തും യുവത്വവും സമന്വയിപ്പിച്ച വളരെ മികച്ചൊരു സംഘമാണ് ഇത്തവണ നമുക്കുള്ളതെന്നു ഞാന്‍ വിശ്വസിക്കുന്നു.
രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, ശിവം ദുബെ എന്നിവരും ടീമിലുള്ളത് ഇന്ത്യയെ ശക്തിപ്പെടുത്തുമെന്നും ഗവാസ്‌കര്‍ വിലയിരുത്തി.
ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ബദ്ധവൈരികളായ പാകിസ്താന്‍, അയര്‍ലാന്‍ഡ്, കാനഡ, സംയുക്ത ആതിഥേരായ അമേരിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. അഞ്ചിനു അയര്‍ലാന്‍ഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യത്തെ അങ്കം. ഒമ്പതിനാണ് പാകിസ്താനുമായുള്ള ഇന്ത്യയുടെ എല്‍ ക്ലാസിക്കോ പോരാട്ടം. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാന ടി20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലായിരുന്നു. അന്നു പാക് പടയെ തകര്‍ത്തുവിടാന്‍ ഇന്ത്യക്കായിരുന്നു.