ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ലോകകപ്പില്‍ റിഷഭ് പന്ത് വൈസ് ക്യാപ്റ്റനായി വന്നേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലെ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക്കിനു ലോകകപ്പിലും ഇതേ റോളില്‍ നിലനിര്‍ത്താന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഹാര്‍ദിക്കിനേക്കാള്‍ അര്‍ഹത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കാണെന്നാണ് ഇര്‍ഫാന്റെ അഭിപ്രായം. ഇതിനുള്ള കാരണം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ലോകകപ്പ് പോലെയൊരു ടൂര്‍ണമെന്റില്‍ വിജയിക്കണമെങ്കില്‍ എല്ലാ താരങ്ങളെയും ഒരേ രീതിയില്‍, പക്ഷപാതമില്ലാതെ പരിഗണിക്കേണ്ടത് ആവശ്യമാണ്.

ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തിലേക്കു വന്നാല്‍ നേതൃനിരയുടെ തുടര്‍ച്ചയുടെ പ്രാധാന്യം കൊണ്ടായിരിക്കാം ലോകകപ്പിലും വൈസ് ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തെ നിലനിര്‍ത്തിയത്. എന്നിരുന്നാലും നിലവിലെ പ്രകടനം പരിഗണിക്കുമ്പോള്‍ ബുംറയായിരുന്നു ഈ റോളിലേക്കു വരേണ്ടിയിരുന്നതെന്നു താന്‍ വിശ്വസിക്കുന്നതായും ഇര്‍ഫാന്‍ വ്യക്തമാക്കി.
രോഹിത് ശര്‍മയ്ക്കു പകരം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഫ്‌ളോപ്പ് ഷോ തുടരുകയാണ് ഹാര്‍ദിക്ക്. ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് അദ്ദേഹം. 10 മല്‍സരങ്ങളില്‍ വെറും മൂന്നു കളികള്‍ മാത്രം ജയിച്ച മുംബൈ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തു നില്‍ക്കുകയാണ്.
മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു. ശേഷിച്ച നാലു കളികളിലും ജയിച്ചാലും മുംബൈ പ്ലേഓഫില്‍ കടക്കുന്ന കാര്യം സംശയമാണ്. ഹാര്‍ദിക്കിന്റെ പ്രകടനത്തിലേക്കു വന്നാല്‍ 10 മല്‍സരങ്ങളില്‍ നിന്നും 21.88 ശരാശരിയില്‍ നേടാനായത് 197 റണ്‍സ് മാത്രമാണ്. ഒരു ഫിഫ്റ്റി പോലും അദ്ദേഹത്തിന്റെ പേരിലില്ല. ബൗളിങില്‍ എട്ടിന്നിങ്‌സുകളില്‍ പന്തെറിഞ്ഞ ഹാര്‍ദിക്ക് വീഴ്ത്തിയത് ആറു വിക്കറ്റുകളാണ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ അടുത്തിടെ ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നുമൊഴിവാക്കിയിരുന്നു. പക്ഷെ സമാനമായൊരു ശിക്ഷ ലഭിക്കാതെ ഹാര്‍ദിക്ക് രക്ഷപ്പെടുകയാണ് ചെയ്തിരിക്കുന്നതെന്നു ഇര്‍ഫാന്‍ നിരീക്ഷിച്ചു. നിലവില്‍ ബിസിസിഐയുടെ ഗ്രേഡ് എ കരാറില്‍ ഉള്‍പ്പെട്ട താരമാണ് അദ്ദേഹം. പരിക്കേറ്റ് മാസങ്ങളോളം പുറത്തിരുന്ന ഹാര്‍ദിക്ക് ഐപിഎല്ലിനു തൊട്ടുമുമ്പാണ് ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്റിലൂടെ കളിക്കളത്തില്‍ തിരിച്ചെത്തിയത്.

ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. കാരണം ടീമിലെ മറ്റുള്ളവര്‍ക്കു ഇതു തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ചില കളിക്കാര്‍ക്കു മാത്രം പ്രത്യേക പരിഗണന നല്‍കുന്നത് ശരിയല്ല. ഇങ്ങനെ ചെയ്യുമ്പോള്‍ അതു ടീമിന്റെ അന്തരീക്ഷത്ത ദോഷമായിട്ടാണ് ബാധിക്കുന്നത്. ടെന്നീസ് പോലെയല്ല ക്രിക്കറ്റ്. ഇതൊരു ടീം സ്‌പോര്‍ട്ടാണ്. ഇവിടെ തുല്യത പ്രധാനമാണ്. മുഴുവന്‍ താരങ്ങളും ഒരേ രീതിയില്‍ പരിഗണിക്കപ്പെടേണ്ടത് ആവശ്യമാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെപ്പോലെ പേരെടുത്ത കളിക്കാരെയും പുതുമുഖങ്ങളെയും തുല്യമായി പരിഗണിക്കണം.
ഇപ്പോള്‍ ഹാര്‍ദിക്കിന്റെ കാര്യത്തില്‍ മാത്രമല്ല നേരത്തേയും ഈ തരത്തില്‍ ചില കളിക്കാര്‍ക്കു മാത്രം പ്രത്യേക പരിഗണന നല്‍കുന്നതിനു ഞാന്‍ സാക്ഷിയായിട്ടുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ ടി20 ലോകകപ്പിനിടെയും ഇതു കണ്ടിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിയമങ്ങള്‍ക്കു എതിരാണിത്. ചില പ്രത്യേക കളിക്കാര്‍ക്കു മാത്രം അനാവശ്യമായ മുന്‍തൂക്കം നല്‍കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.