മുല്ലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പുരോഗമിക്കുമ്പോള്‍ ശ്രദ്ധ നേടുന്ന യുവതാരങ്ങളിലൊരാളായി അഷുതോഷ് ശര്‍മ മാറിയിരിക്കുകയാണ്. ഫിനിഷര്‍ റോളില്‍ ബാറ്റ് ചെയ്യാനെത്തി വമ്പനടി നടത്തി എല്ലാവരേയും ഞെട്ടിപ്പിക്കുകയാണ് അഷുതോഷ് ശര്‍മ. എട്ടാം നമ്പറില്‍ ബാറ്റു ചെയ്താണ് അഷുതോഷ് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നത്. നാല് മത്സരത്തില്‍ നിന്ന് 156 റണ്‍സാണ് അഷുതോഷ് നേടിയത്. 205ന് മുകളിലാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
ബൗണ്ടറികളെക്കാള്‍ കൂടുതല്‍ സിക്‌സറുകള്‍ പറത്തുന്ന താരമാണ് അഷുതോഷ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള താരം മുംബൈ ഇന്ത്യന്‍സിനെതിരേ ഗംഭീര ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. 193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബിനായി 28 പന്തില്‍ 61 റണ്‍സാണ് അഷുതോഷ് നേടിയത്. 2 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 217.85 സ്‌ട്രൈക്ക് റേറ്റിലാണ് അഷുതോഷ് കസറിയത്.
ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ അഷുതോഷിന്റെ പ്രകടനം സെലക്ടര്‍മാരേയും ഞെട്ടിച്ചിരിക്കും. ആഭ്യന്തര ക്രിക്കറ്റിലും വെടിക്കെട്ട് പ്രകടനം നടത്തി കൈയടി നേടിയിട്ടുള്ള താരമാണ് അഷുതോഷ്. 11 പന്തില്‍ അര്‍ധ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് അഷുതോഷ്. ഇതേ മികവ് ഐപിഎല്ലിലും താരം തുടരുകയാണ്. അതുകൊണ്ടുതന്നെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാവുന്ന താരമാണ് അഷുതോഷെന്ന് നിസംശയം പറയാം.
ഇന്ത്യ നിലവില്‍ ഫിനിഷര്‍മാരായി ശിവം ദുബെ, റിങ്കു സിങ് എന്നിവരെയാണ് ടി20 ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യത. എന്നാല്‍ ഇവരുടെ ബാക്കപ്പായി ഇന്ത്യക്ക് അഷുതോഷിനെ പരിഗണിക്കാവുന്നതാണ്. കുറഞ്ഞ പന്തുകള്‍ക്കൊണ്ട് ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ള താരമാണ് അഷുതോഷ്. മുംബൈയുടെ ജസ്പ്രീത് ബുംറയെപ്പോലും അനായാസം സിക്‌സര്‍ പറത്താന്‍ അഷുതോഷിന് സാധിച്ചു. ദൗര്‍ഭാഗ്യവശാല്‍ പഞ്ചാബിനെ ജയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

എങ്കിലും ഫിനിഷറെന്ന നിലയില്‍ തന്റേതായ അടയാളപ്പെടുത്തല്‍ നടത്താന്‍ അഷുതോഷിനായി, 8ാം നമ്പറിലോ അതിന് താഴെയോ ബാറ്റ് ചെയ്ത് ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായി അഷുതോഷ് മാറിയിരിക്കുകയാണ്. നാല് മത്സരങ്ങള്‍ക്കൊണ്ട് 156 റണ്‍സിലേക്കെത്തിയ അഷുതോഷ് റാഷിദ് ഖാന്റെ പേരിലുണ്ടായിരുന്ന 115 റണ്‍സിന്റെ റെക്കോഡാണ് തകര്‍ത്തത്. സ്പിന്നിനേയും കടന്നാക്രമിക്കാന്‍ അഷുതോഷിന് കഴിവുണ്ട്.
എട്ടാം നമ്പറിലോ അതിന് താഴെയോ ബാറ്റ് ചെയ്ത് അര്‍ധ സെഞ്ച്വറി നേടുന്ന ആറാമത്തെ താരമായി അഷുതോഷ് മാറിയിരിക്കുകയാണ്. ഈ സീസണില്‍ പഞ്ചാബ് ടീമെന്ന നിലയില്‍ നിരാശപ്പെടുത്തുമ്പോഴും അഷുതോഷിന്റെയും ശശാങ്കിന്റേയും ബാറ്റിങ് പ്രകടനങ്ങള്‍ ടീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ്. മിക്ക മത്സരങ്ങളും പഞ്ചാബിനെ വിജയത്തിന്റെ തൊട്ടടുത്തേക്കെത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. അഷുതോഷിന് വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ സാധിക്കേണ്ടതായുണ്ട്.
ഇതേ ഫോമില്‍ കളിച്ചാല്‍ അഷുതോഷിനെ ഇന്ത്യ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചാലും അത്ഭുതപ്പെടാനാവില്ല. റിങ്കു സിങ് പഴയ മികവ് കാട്ടുന്നില്ല. ഈ സീസണിലെ താരത്തിന്റെ പ്രകടനം പരിശോധിക്കുമ്പോള്‍ ശരാശരിക്കും താഴെയാണ്. 6 മത്സരത്തില്‍ നിന്ന് വെറും 83 റണ്‍സാണ് റിങ്കു നേടിയത്. ഇടം കൈയന്‍ താരം ഒരോവറിലെ അഞ്ച് പന്തുകളും സിക്‌സര്‍ പായിച്ച് ടീമിനെ ജയിപ്പിച്ചിട്ടുള്ള കളിക്കാരനാണ്. എന്നാല്‍ നിലവില്‍ ആ ഫോം നിലനിര്‍ത്തി കളിക്കാന്‍ റിങ്കുവിന് സാധിക്കുന്നില്ല.
അതുകൊണ്ടുതന്നെ മറ്റൊരു ഫിനിഷറെക്കുറിച്ച് ഇന്ത്യ ചിന്തിച്ചാലും അതില്‍ അത്ഭുതമില്ല. ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത്യക്ക് സുപ്രധാനമാണെന്നിരിക്കെ ഫോം വിലയിരുത്തി താരങ്ങളെ പരിഗണിച്ചാല്‍ അഷുതോഷിന് സര്‍പ്രൈസ് വിളി ലഭിക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.