T20 World Cup 2024: കോലി ഓപ്പണറാവേണ്ട, ബെസ്റ്റ് ആ റോള്‍! നിര്‍ദേശിച്ച് ഡിവില്ലിയേഴ്‌സ്
മുംബൈ: ഐപിഎല്ലിന്റെ 17ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് വരാന്‍ പോവുകയാണ്. ഇതിനോടകം ടീമുകളെല്ലാം ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലേക്കെത്തിക്കഴിഞ്ഞു. ഇന്ത്യന്‍ ടീം ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ടി20 ലോകകപ്പിനിറങ്ങുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം സീനിയര്‍ താരങ്ങളാലും യുവതാരങ്ങളാലും സമ്പന്നമാണ്. അതുകൊണ്ടുതന്നെ ഇത്തവണ വലിയ പ്രതീക്ഷകളാണുള്ളത്.
ഇതിനോടകം 15 അംഗ ലോകകപ്പ് ടീമിനെ ഇന്ത്യ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്. ഇന്ത്യയുടെ ബാറ്റിങ് ഓഡറിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങളുമുണ്ട്. രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാള്‍ ഓപ്പണറാവാനാണ് നിലവിലെ സാധ്യത. എന്നാല്‍ വിരാട് കോലി ഓപ്പണറാവണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഐപിഎല്ലില്‍ ആര്‍സിബിയുടെ ഓപ്പണറായ കോലി റെക്കോഡ് ബാറ്റിങ് പ്രകടനമാണ് നടത്തിയത്.
17ാം സീസണില്‍ ഒരു സെഞ്ച്വറിയും 5 അര്‍ധ സെഞ്ച്വറിയും കോലി നേടിയിട്ടുണ്ട്. ഐപിഎല്ലിലെ മികവ് പരിഗണിച്ച് കോലിയെ ഓപ്പണറാക്കണമെന്ന് പല പ്രമുഖരും ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് വേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ആര്‍സിബിയിലെ കോലിയുടെ സഹതാരവുമായിരുന്ന എബി ഡിവില്ലിയേഴ്‌സ്. കോലിക്ക് അനുയോജ്യമായത് മൂന്നാം നമ്പര്‍ സ്ഥാനമാണെന്നാണ് ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെടുന്നത്.
' ഓപ്പണറെന്ന നിലയില്‍ കോലി ഗംഭീരമാണ്. പക്ഷെ മൂന്നാം നമ്പറാണ് അവന് ബെസ്റ്റെന്നാണ് ഇപ്പോഴും കരുതുന്നത്. തന്റെ കഴിവും മത്സരത്തെക്കുറിച്ചുള്ള അറിവും ഏറ്റവും കൂടുതലുള്ള താരമാണ് കോലി. വര്‍ഷങ്ങളായി ഇത് തുടരുകയാണ്. മൂന്നാം നമ്പറിലാണ് അവനെ ഞാന്‍ വിശ്വസിക്കുന്നത്. ഓപ്പണിങ് അവന് ഇഷ്ടമാണെന്നും ആസ്വദിക്കുമെന്നും എനിക്കറിയാം. എന്നാല്‍ ടീമിന്റെ സാഹചര്യവും സംതുലിതാവസ്ഥയും നോക്കുമ്പോള്‍ കോലി മൂന്നാം നമ്പറിലാണ് ഇന്ത്യക്കായി കളിക്കേണ്ടത്.

ലോകത്തിലെ മികച്ചവനായാണ് ഞാന്‍ കോലിയെ കരുതുന്നത്. പന്ത് എത്ര നിഷ്പ്രയാസമാണ് അവന്‍ ബൗണ്ടറിയും സിക്‌സറും പായിക്കുന്നത്' ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഓപ്പണിങ്ങില്‍ കോലി ഇന്ത്യക്കായി മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. 9 ടി20 മത്സരങ്ങളിലാണ് കോലി ഇന്ത്യയുടെ ഓപ്പണറായത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ യശ്വസി ജയ്‌സ്വാളിനെ ഓപ്പണറാക്കാനാണ് സാധ്യത. മോശം ഫോമിലായിരുന്ന ജയ്‌സ്വാള്‍ ഇപ്പോള്‍ താളം കണ്ടെത്തിയിട്ടുണ്ട്.
കോലി പതിയെ തുടങ്ങി പിന്നീട് കടന്നാക്രമിക്കുന്ന താരമാണ്. അതുകൊണ്ടുതന്നെ പവര്‍പ്ലേയില്‍ കോലിയെ ഇറക്കിയാല്‍ കടന്നാക്രമിച്ച് കൡക്കാന്‍ സാധിക്കില്ല. ഐപിഎല്ലിലേയും ഇന്ത്യന്‍ ടീമിലേയും സമ്മര്‍ദ്ദം വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കോലിയെ ഓപ്പണറാക്കി തുടക്കത്തിലേ മടങ്ങിയാല്‍ ടീം സ്‌കോറിനെയത് പ്രതികൂലമായി ബാധിച്ചേക്കും. ജയ്‌സ്വാള്‍ ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ്. തുടക്കം മുതല്‍ കടന്നാക്രമിക്കാന്‍ ജയ്‌സ്വാള്‍ മടികാട്ടില്ല.
കൂടാതെ ജയ്‌സ്വാള്‍ ഓപ്പണറായാല്‍ ഇന്ത്യക്ക് ഇടത്, വലത് ഓപ്പണിങ് കൂട്ടുകെട്ടും ലഭിക്കും. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കായി കോലി മൂന്നാം നമ്പറില്‍ കളിക്കുന്നതാണ് നല്ലത്. ടി20 ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് കോലിയുടെ പേരിലാണ്. ഫോമിലേക്കെത്തിയാല്‍ കോലിയെ തളക്കുക പ്രയാസമാണ്. അവസാന ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയെ ഒറ്റക്ക് വിജയത്തിലേക്കെത്തിക്കാന്‍ കോലിക്ക് സാധിച്ചിരുന്നു.
ഇത്തവണയും കോലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. 117 ഇന്നിങ്‌സില്‍ നിന്ന് 4037 റണ്‍സോടെ ടി20യിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്താതണ് കോലി. ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാന്‍ കോലിക്ക് സാധിക്കും. ഓപ്പണര്‍ റോളില്‍ ഇറങ്ങേണ്ടി വന്നാലും കോലി സന്തോഷത്തോടെ ആ റോളിലേക്കെത്തും. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീം പരിശോധിക്കുമ്പോള്‍ കോലിക്ക് അനുയോജ്യം മൂന്നാം നമ്പര്‍ തന്നെയാണെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications