'വജ്രായുധം' പുറത്തെടുക്കരുത്! ഫോമാകാന്‍ രോഹിത്തിന് ഗവാസ്‌കറുടെ ടിപ്പ്
ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ സെമിയിലെത്തി നില്‍ക്കുകയാണ്. വ്യാഴാഴ്ച ഇംഗ്ലണ്ടിനെ ഇന്ത്യ സെമിയില്‍ നേരിടും. കരുത്തരാണ് ഇംഗ്ലണ്ട്. ഇത്തവണ കപ്പു നേടുമെന്ന് വിലയിരുത്തപ്പെടുന്ന ടീമുകളിലൊന്ന്. കരുത്തുറ്റ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും അവര്‍ക്കുണ്ട്. എങ്കിലും ഇന്ത്യയുടെ പ്രതീക്ഷകള്‍ സജീവമാണ്. പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന ബൗളര്‍മാരും മിന്നും ഫോമിലുള്ള ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുമാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കുന്നത്.
അതേസമയം ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് നായകന്‍ രോഹിത് ശര്‍മയുടെ ഫോമില്ലായ്മയാണ്. ഓപ്പണര്‍മാരായ രോഹിത്തും കെഎല്‍ രാഹുലും ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ രാഹുലും പിന്നീട് റണ്‍സുകള്‍ കണ്ടെത്താന്‍ തുടങ്ങിയെങ്കിലും രോഹിത് ഇപ്പോഴും പാടുപെടുകയാണ്. ലോകകപ്പില്‍ ഒരു തവണ മാത്രമാണ് രോഹിത്തിന് അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചിട്ടുളളത്.

രോഹിത്തിന്റെ പ്രധാന ആയുധങ്ങളിലൊന്നാണ് പുള്‍ ഷോട്ടുകള്‍. പൊതുവെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അത്രകണ്ട് ശോഭിക്കാത്ത പുള്‍ ഷോട്ടുകള്‍ മനോഹരമായി കളിക്കുന്ന താരമാണ് രോഹിത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ പുള്‍ ഷോട്ടുകള്‍ പോലും കൃത്യമായി എക്‌സിക്യൂട്ട് ചെയ്യാന്‍ രോഹിത്തിന് സാധിക്കാതെ വന്നിരിക്കുകയാണ്. ഇപ്പോഴിതാ രോഹിത് ശര്‍മയ്ക്ക് പുള്‍ ഷോട്ട് നന്നാക്കാനും ഫോമിലേക്ക് മടങ്ങാനുമുള്ള ഉപദേശവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

പുള്‍ ഷോട്ടുകള്‍ കളിക്കുമ്പോള്‍ കുറേക്കൂടി നിയന്ത്രണത്തോടെ വേണം രോഹിത് കളിക്കാന്‍ എന്നാണ് സുനില്‍ ഗവാസ്‌കര്‍ നല്‍കുന്ന ഉപദേശം. ''അവന്‍ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് പുറത്തായത്. അവന്‍ നന്നായി പ്ലേസ് ചെയ്യുന്നുണ്ട്. റണ്‍ നേടുന്നുണ്ട്. പക്ഷെ പുറത്താവുകയും ചെയ്യുന്നു. ഓസീസ് ഗ്രൗണ്ടുകളുടെ പ്രത്യേകത വലിയ ബൗണ്ടറികള്‍ ആണെന്നതാണ്. അവന് ഒരുപാട് ഷോട്ടുകള്‍ കളിക്കാനറിയാം. ആ ഒരു ഷോട്ട് കളിക്കുന്നത് നിയന്ത്രിക്കാന്‍ സാധിക്കണം. പത്ത് ഓവര്‍ കളിച്ചാല്‍ പോലും 80-90 റണ്‍സ് നേടാന്‍ സാധിക്കും'' എന്നാണ് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്.

''രോഹിത്തിന്റെ ക്ലാസ് നമുക്കെല്ലാം അറിയാം. അവസാനത്തെ രണ്ട് മത്സരങ്ങളിലും ഫോമിലേക്ക് വരുമെന്നും റണ്‍ നേടുമെന്നും കരുതാം. പവര്‍പ്ലെയിലെ ആറു ഓവറുകളില്‍ പരമാവധി റണ്‍ നേടുക എന്ന തന്ത്രം തുടങ്ങിയത് അവനാണ്. അതിന് ശ്രമിച്ചാണ് അവന്‍ പുറത്താകുന്നതും'' എന്നും ഗവാസ്‌കര്‍ പറഞ്ഞു.
ഇതിനിടെ ഇന്ത്യന്‍ ആരാധകരെ നിരാശയിലാക്കി കൊണ്ട് പരിശീലനത്തിനിടെ രോഹിത്തിന് പരുക്കേറ്റിരുന്നു. നെറ്റ്‌സില്‍ ത്രോഡൗണുകള്‍ നേരിടുന്നതിനിടെയായിരുന്നു രോഹിത്തിന് പരുക്കേല്‍ക്കുന്നത്. പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതിനെ ടൈമിംഗ് തെറ്റുകയും പന്ത് കൈയ്യില്‍ കൊളളുകയായിരുന്നു. തുടര്‍ന്ന് താരം നെറ്റ്‌സില്‍ നിന്നും ഇറങ്ങുകയും കൈയ്യില്‍ ഐസ് വച്ച് ഏറെ നേരം വിശ്രമിക്കുകയും ചെയ്തു. എന്നാല്‍ പിന്നാലെ താരം പരിശീലനത്തിന് മടങ്ങിയെത്തിയിട്ടുണ്ട്. തിരിച്ചു വന്ന ശേഷം ഡിഫന്‍സിലാണ് രോഹിത് പരിശീലനം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുക ലോകകപ്പിലെ രണ്ടാമത്തെ സെമി ഫൈനലാണ്. ആദ്യത്തെ സെമിയില്‍ ന്യൂസിലാന്‍ഡും പാക്കിസ്ഥാനുമാണ് ഏറ്റുമുട്ടുക. ആരൊക്കെയാകും ഫൈനല്‍ ടിക്കറ്റ് നേടുക എന്നത് പ്രവചനാതീതമാണ്. 2007 ലെ ലോകകപ്പിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുമോ എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. നാളെയാണ് പാക്കിസ്ഥാന്റെ സെമി പോരാട്ടം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications