T20 World Cup 2022: രോഹിത് എന്താണ് ചെയ്യുന്നത്?, ഒരു പിടിത്തവുമില്ല!, ബാല്യകാല കോച്ച്

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്താനെ തകര്‍ത്ത ഇന്ത്യ ഇന്ന് അയര്‍ലന്‍ഡിനെ നേരിടാന്‍ പോവുകയാണ്. പാകിസ്താനെന്ന വമ്പന്‍ കടമ്പ കടന്ന ഇന്ത്യക്ക് ഇനി ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പിലെ മുഖ്യ എതിരാളികള്‍. പാകിസ്താനെതിരേ അവസാന ഓവറിലേക്ക് നീണ്ട ത്രില്ലറിനൊടുവിലാണ് ഇന്ത്യയുടെ ജയം. വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. എന്നാല്‍ കോലിയുടെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.
ഇതില്‍ എടുത്തു പറയേണ്ടത് നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോമാണ്. ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങുമ്പോഴും ഓപ്പണറെന്ന നിലയില്‍ രോഹിത്തിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ മോശമാണ്. വലിയ സമ്മര്‍ദ്ദം രോഹിത്തിന്റെ ബാറ്റിങ്ങിലുണ്ട്. പ്രതീക്ഷക്കൊത്ത് റണ്‍സുയര്‍ത്താന്‍ അദ്ദേഹത്തിനാവുന്നില്ല. രോഹിത് മോശം ഫോമില്‍ കളിക്കുന്നത് ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നതാണ് വസ്തുത. ഇപ്പോഴിതാ രോഹിത്തിന്റെ പ്രകടനത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ ദിനേഷ് ലാദ് പ്രതികരിച്ചിരിക്കുകയാണ്.

അവന്‍ ചെയ്യുന്നത് മനസിലാകുന്നില്ല
രോഹിത് ഇപ്പോള്‍ കളിക്കുന്നത് അതി സാഹസിക മത്സരമാണ്. സമീപകാലത്തായി അങ്ങനെയാണവന്‍ കളിക്കുന്നത്. അവന്‍ എന്തിനാണ് അത് ചെയ്യുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. കൂടുതല്‍ ആക്രമണോത്സകത കാട്ടി അവന്‍ തെറ്റ് ചെയ്യുകയാണെന്നാണ് കരുതുന്നത്. അവന്‍ കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കുകയാണ് വേണ്ടത്. അല്ലാതെ വിക്കറ്റ് വലിച്ചെറിയുകയല്ല. പവര്‍പ്ലേയില്‍ അനാവശ്യ സാഹസത്തിന് രോഹിത് മുതിരേണ്ട ആവിശ്യമില്ല. അവന്റെ സ്വാഭാവിക ശൈലിയിലാണ് കളിക്കേണ്ടത്. 17-18 ഓവര്‍ കളിക്കാന്‍ ശ്രമിച്ചാല്‍ എല്ലാ മത്സരത്തിലും 70-80 റണ്‍സെങ്കിലും നേടാന്‍ രോഹിത്തിനാവും - ദിനേഷ് ലാദ് പറഞ്ഞു.

ലോകകപ്പിന് മുമ്പ് സംസാരിച്ചിരുന്നു
ടി20 ലോകകപ്പിന് മുമ്പ് രോഹിത് ശര്‍മയുമായി സംസാരിച്ചിരുന്നു. എന്നാല്‍ സാങ്കേതികമായ കാര്യങ്ങളെക്കുറിച്ച് അധികം സംസാരിച്ചിരുന്നില്ല. കാരണം അവന്‍ ഇന്ത്യക്കായി കളിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സാഹചര്യം മനസിലാക്കി ക്രീസില്‍ നില്‍ക്കാനാണ് ഞാന്‍ അവനോട് ഉപദേശിച്ചത്. അവന്‍ മുന്നില്‍ നിന്ന് നയിക്കണമെന്നാണ് എപ്പോഴും ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ ജയത്തിനായി പരമാവധി അവന്‍ നല്‍കേണ്ടതായുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ മോശം ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുകയാണ്. മോശം ഷോട്ടിന് ശ്രമിച്ചാണ് ചിലപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്. അതിനവന്‍ വിമര്‍ശനം നേരിടുന്നുമുണ്ട്- ദിനേഷ് ലാദ് പറഞ്ഞു.

രോഹിത്തിന് സമ്മര്‍ദ്ദം
രോഹിത് ശര്‍മ ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറായി മാറാന്‍ രോഹിത്തിനായി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിയുന്ന രോഹിത് നിലവില്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നു. അദ്ദേഹത്തിന്റെ ഫിറ്റ്‌നസും പ്രശ്‌നമാണ്. അമിത ശരീരഭാരം രോഹിത്തിനെ പ്രയാസപ്പെടുത്തുന്നുണ്ട്. ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ 4 റണ്‍സാണ് രോഹിത് നേടിയത്. ഷോട്ട് സെലക്ഷനിലടക്കം പാളിച്ച സംഭവിക്കുന്നു. പഴയ ടൈമിങ് രോഹിത്തിന് ലഭിക്കുന്നില്ലെന്ന് തന്നെ പറയാം. ടി20 ലോകകപ്പിലെ ഇന്ത്യയുടെ മുന്നേറ്റത്തിന് രോഹിത് ഫോമിലേക്കെത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
Also Read : T20 World Cup 2022: 'കോലിയോ ഞാനോ അല്ല', തോല്‍വിയുടെ കാരണം പറഞ്ഞ് ബാബര്‍ അസം

ക്യാപ്റ്റന്‍സി ഗംഭീരം
ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ പ്രകടനത്തിന് കൈയടിക്കാത്തവര്‍ ചുരുക്കം. ഏത് സാഹചര്യത്തിലും തന്ത്രപരമായ നീക്കങ്ങള്‍ക്കൊണ്ട് കൈയടി നേടാന്‍ രോഹിത്തിന് സാധിക്കുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ പഴയ നിലവാരത്തിലേക്ക് രോഹിത് ഉയരേണ്ടത് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ അടുത്ത വലിയ എതിരാളികള്‍. നിര്‍ണ്ണായക മത്സരത്തിലെങ്കിലും ഫോമിലേക്കെത്താന്‍ രോഹിത്തിനാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications