T20 World Cup 2022: എന്തുകൊണ്ട് പന്ത് ടീമിലില്ല? വീണ്ടും ഇന്ത്യയെ ചൊറിഞ്ഞ് ഇംഗ്ലണ്ട് ഇതിഹാസം!
ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കാനാകാത്തൊരു മത്സരത്തിനാണ് ഞായറാഴ്ച മെല്‍ബണ്‍ സാക്ഷ്യം വഹിച്ചത്. വിരാട് കോലിയുടെ കരിയറിലെ ഏറ്റവും മികച്ച ട്വന്റി-20 ഇന്നിംഗ്‌സ് പിറന്ന മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ നേടിയത് ഐതിഹാസികമായൊരു വിജയമായിരുന്നു. ക്രിക്കറ്റ് ലോകം ഇന്നും ആ ഇന്നിംഗ്‌സിനേയും കളിയേയും കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ല. ലോകകപ്പിലെ തങ്ങളുടെ യാത്ര അങ്ങനെ ചിരവൈരികളായ പാക്കിസ്ഥാനെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യ ആരംഭിച്ചിരിക്കുകയാണ്.
പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മറി കടന്നത് നാല് വിക്കറ്റുകള്‍ ബാക്കി വച്ച് അവസാന പന്തിലായിരുന്നു. ക്രിക്കറ്റ് ലോകമാകെ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ട് എത്തിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിള്‍ വോണും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. എന്നും ഇന്ത്യയെ വിമര്‍ശിച്ച് ഇന്ത്യന്‍ ആരാധകരുടെ വഴക്ക് കേള്‍ക്കുന്ന ആളാണ് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം. ഇത്തവണ വോണ്‍ ചോദിക്കുന്നതും അത്തരത്തിലൊരു കാര്യമാണ്.

ഇന്ത്യയുടെ വെടിക്കെട്ട് താരവും യുവപ്രതിഭയുമായ ഋഷഭ് പന്ത് എന്തുകൊണ്ട് പ്ലെയിംഗ് ഇലവനില്‍ ഇല്ലെന്നാണ് വോണ്‍ ചോദിക്കുന്നത്. പന്തിന് പകരം പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ വിക്കറ്റ് കാത്തത് ദിനേശ് കാര്‍ത്തിക് ആയിരുന്നു. ആറ് ബൗൡഗ് ഓപ്ഷനുമായി ഇന്ത്യ ഇറങ്ങിയപ്പോള്‍ പന്തിന്റെ സാധ്യത ഇല്ലാതാവുകയായിരുന്നു. ഇതേക്കുറിച്ചായിരുന്നു വോണിന്റെ ട്വീറ്റ്.
Also Read:ആദ്യം സച്ചിന്‍, ഇപ്പോള്‍ കോലി, ഇനി ആരുമില്ലെന്ന് ഓര്‍ക്കണം!, ഇന്ത്യയോട് പാക് ഫാന്‍സ്
''എന്റെ അഭിപ്രായത്തില്‍ ഋഷഭ് പന്ത് കളിക്കണമായിരുന്നു. അവന്‍ ടീമില്‍ ഇല്ലെന്നത് വിശ്വസിക്കാനാകുന്നില്ല. എന്നായിരുന്നു മൈക്കിള്‍ വോണിന്റെ ട്വീറ്റ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വൈരമായിട്ടാണ് വോണ്‍ വിലയിരുത്തുന്നത്. ഞായറാഴ്ചയിലെ മത്സരത്തെ അവിശ്വസനീയം എന്നായിരുന്നു വോണ്‍ വിശേഷിപ്പിച്ചത്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രകടനത്തേയും വോണ്‍ അഭിനനന്ദിക്കുകയും ചെയ്തിരുന്നു.

53 പന്തുകളില്‍ നിന്നും പുറത്താകാതെ 82 റണ്‍സ് നേടിയ വിരാട് കോലിയാണ് കളിയിലെ താരം. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയില്‍ പരാജയം മുന്നില്‍ കണ്ടിരുന്നു. ഈ സമയത്ത് ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കൊപ്പം ചേര്‍ന്ന് വിരാട് കോലി ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് കെട്ടിപ്പടുത്തതോടെ ഇന്ത്യ വിജയത്തിന് അരികിലെത്തുകയായിരുന്നു. എന്നാല്‍ സ്‌കോര്‍ 144 ല്‍ എത്തി നില്‍ക്കെ പാണ്ഡ്യ പുറത്തായി. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നു.

അവസാന പന്തിലായിരുന്നു ഇന്ത്യയുടെ വിജയം. അവസാന ഓവറില്‍ പാക് ബൗളര്‍ മുഹമ്മദ് നവാസിനെ നോ ബോളില്‍ സിക്‌സ് പറത്തിയാണ് കോലി ഇന്ത്യയെ വിജയത്തിന്റെ തൊട്ടരികെ എത്തിയത്. വിജയ റണ്‍ നേടിയത് ആര്‍ അശ്വിനായിരുന്നു. ഇതോടെ ലോകകപ്പിന് സ്വപ്‌ന തുല്യമായൊരു തുടക്കം തന്നെ കുറിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. നാളുകളായി ഫോമില്ലാതെ ബുദ്ധിമുട്ടിയിരുന്ന വിരാട് കോലി ഫോമിലേക്ക് ശക്തമായി തിരികെ വന്നിരിക്കുകയായിരുന്നു. വിജയത്തിന് പിന്നാലെ കണ്ണീരണിയുന്ന കോലിയെന്ന അപൂര്‍വ്വ കാഴ്ചയ്ക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുകയുണ്ടായി.

മത്സര ശേഷം കോലി തന്നെ തന്റെ ഏറ്റവും മികച്ച ട്വന്റി-20 ഇന്നിംഗ്‌സ് എന്നായിരുന്നു മെല്‍ബണിലെ പ്രകടനത്തെ വിശേഷിപ്പിച്ചത്. കോലി കളിച്ചത് ഇന്ത്യയുടെ തന്നെ ഏറ്റവും മികച്ച ട്വന്റി-20 ഇന്നിംഗ്‌സ് ആണെന്നായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്. അതേസമയം നാളെയാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. നെതര്‍ലാന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications